അഭയാര്‍ഥി ക്യാംപില്‍ നിന്ന് യൂറോപ്യൻ സിംഹാസനത്തിലേയ്ക്ക്; അല്‍ഫോണ്‍സോ ഡേവിസിന്റെ ജീവിതം

newsports
SHARE

ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയെ തകര്‍ത്തെറിഞ്ഞ് ആഭ്യന്തരയുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന നാള്‍. ഘാനയിലെ അഭയാര്‍ഥി ക്യാംപില്‍ ലൈബിരിയന്‍ ദമ്പതികളായ ഡീബാഹ് ഡേവിസും വിക്ടോറിയ ഡേവിസിനും ഒരു കുഞ്ഞ് പിറന്നു. അഞ്ചുവയസുവരെ അവന്‍ അഭയാര്‍ഥി ക്യംപിലെ അരപ്പട്ടിണിയില്‍ വളര്‍ന്നു. പിന്നെ ഒരു ഭാഗ്യം പോലെ മാതാപിതാക്കള്‍ക്കൊപ്പം കാനഡയിലേയ്ക്ക് കുടിയേറി. പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നലെ രാത്രി പി എസ് ജിയെ തകര്‍ത്ത് ബയണ്‍ മ്യൂണിക്ക് യൂറോപ്പിന്റെ രാജക്കന്‍മാരായപ്പോള്‍ അഭയാര്‍ഥി ക്യാംപില്‍ വളര്‍ന്ന അവന്റെയും പട്ടാഭിഷേകമായിരുന്നു. ഇടതുപ്രതിരോധത്തില്‍ നിന്ന് കുതിച്ചുകയറി ലവന്‍ഡോസ്കിക്കും മുള്ളര്‍ക്കും ഗോളടിക്കാന്‍ പാകത്തിന് പെനല്‍റ്റി ബോക്സിലയേ്ക്ക് പന്തെത്തിച്ചു കൊടുത്ത അല്‍ഫോണ്‍സോ ഡേവിസിന്റെ പട്ടാഭിഷേകം.

അഞ്ചാം വയസില്‍ കാനഡയിലെത്തിയെ അല്‍ഫോണ്‍സോ ഡേവിസ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായുള്ള സൗജന്യ ഫുട്ബോള്‍ ക്യാംപിലാണ് പരിശീലനം തുടങ്ങിയത്. ഫുട്ബോള്‍ മാത്രമായിരുന്നു അല്‍ഫോണ്‍സോ ഡേവിസിന്റെ ഇഷ്ടം. ഇംഗ്ലീഷ് വശമില്ലാത്തതിനാല്‍ മൈതാനത്തും അല്‍ഫോണ്‍സോ ഒറ്റപെട്ടു. ആകെ സ്വന്തമായുള്ളത് നല്ല വേഗതയും പന്തടക്കവും. കുതിച്ച് പാഞ്ഞ് ഗോളടിച്ചു, ഗോളടിപ്പിച്ചു. 14ാം വയസില്‍ വൈറ്റ്കേപ്്സ് എഫ്.സിയുമായി പ്രഫഷനല്‍ കരാറിലെത്തി.  അമേരിക്കയിലെ യുണൈറ്റഡ് സോക്കര്‍ ലീഗിലെ  പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഒപ്പുകൂടി.

തൊട്ടടുത്തവര്‍ഷം അല്‍ഫോണ്‍സോ ഡേവിസിനായി അണിനിരന്നത് യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ലിവര്‍പൂള്‍ ടീമുകളെ മറികടന്ന് ബയണ്‍ മ്യൂണിക് അല്‍ഫോണ്‍സോയെ സ്വന്തമാക്കി. ജര്‍മന്‍ ക്ലബില്‍ കളിക്കുന്ന ആദ്യ കാനഡക്കാരന്‍, ബുന്ദസ് ലീഗ കിരീടം നേടുന്ന ആദ്യ കാനഡക്കാരന്‍ ഇപ്പോള്‍ ചാംപ്യന്‍സ് ലീഗ് കിരീടമുയര്‍ത്തിയ ആദ്യ കാനഡക്കാരന്‍. അഭയാര്‍ഥികളായ കുടിയേറ്റക്കാരനെ ഇരുകയ്യും നീട്ടി സ്വീകരിച്ച കാനഡയ്ക്കുള്ള അല്‍ഫോണ്‍സോ ഡേവിസിന്റെ സമ്മാനങ്ങള്‍ . 

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബാര്‍സിലോനയ്ക്കെതിരായ  മല്‍സരത്തില്‍ ഇടതുവിങ്ങില്‍ നിന്ന് കുതിച്ചെത്തി ജോഷ്വാ കിമ്മിച്ചിന് ഗോളടിക്കാന്‍ പാകത്തിന് പന്ത് ഇട്ടുകൊടുത്ത നിമിഷം അല്‍ഫോണ്‍സോ ഡേവിസന്റെ മികവ് ലോകം കണ്ടു.  വേഗതയും  ഡ്രിബിളിങ്ങും ക്രോസിങ്ങും സമം ചേര്‍ന്ന ആധുനിക ഫുട്ബോളിലെ ഫെര്‍കറ്റ് ഫുള്‍ ബായ്ക്കാണ് അല്‍ഫോണ്‍സോ ഡേവിസ് എന്ന 19 കാരന്‍. ജീവിതത്തില്‍ പട്ടിണിയും യുദ്ധക്കെടുതിയും കുടിയേറ്റവും എല്ലാം മറികടന്നവന്  മൈതാനത്തെ എതിരാളികളുടെ പ്രതിരോധം വെല്ലുവിളിയായി തോന്നിയേക്കില്ല. 

MORE IN SPORTS
SHOW MORE
Loading...
Loading...