ഇത് തോറ്റുപോയവരുടെ കിരീടനേട്ടം; പകരംവീട്ടി ഗ്നാബ്രിയും കുട്ടിഞ്ഞോയും

sports
SHARE

സെര്‍ജി ഗ്നാബ്രി 

16ാം വയസില്‍ പൊന്നുംവിലകൊടുത്ത് ആര്‍സനല്‍ സ്വന്തമാക്കിയ ജര്‍മന്‍കാരന്‍. മൂന്നുവര്‍ഷം ആര്‍സനല്‍ ടീമിലുണ്ടായിരിന്നിട്ടും ആകെ കളിച്ചത് 10 മല്‍സരങ്ങള്‍.  നേടിയത് ഒരുഗോള്‍. പയ്യന്‍ ആര്‍സനലിനായി ഫുട്ബോള്‍ കളിക്കാന്‍ യോഗ്യനല്ലെന്ന് വിലയിരുത്തിയ മാനേജ്മെന്റ്  വെസ്റ്റ്ബ്രോംവിച്ച് ആല്‍ബിയോണ്‍ എന്ന കുഞ്ഞന്‍ ടീമിന് 18കാരന്‍ ഗ്നാബ്രിയെ കടംകൊടുത്തു. ഒരു സീസണ്‍ ആല്‍ബിയോണില്‍ ചെലവഴിച്ചെങ്കിലും ആദ്യ ഇലവനില്‍ അവസരം ലഭിച്ചത് ഒരിക്കല്‍ മാത്രം. സ്കൂളില്‍ പഠിക്കുമ്പോള്‍ നല്ലൊരു സ്പ്രിന്റര്‍ കൂടിയായിരുന്ന ഗ്നാബ്രി ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഉപേക്ഷിച്ച് ഫുട്ബോള്‍ തിരഞ്ഞെടുത്ത തീരുമാനത്തെ പഴിച്ച് ഇംഗ്ലണ്ട് വിട്ട് ജര്‍മനിയിലേയ്ക്ക് മടങ്ങി. പിന്നെകണ്ടത് ആര്‍സനല്‍ ഉപേക്ഷിച്ച കൗമാരക്കാരന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്.  ജര്‍മന്‍ ക്ലബ് വെര്‍ഡര്‍ ബ്രെമന്‍ ടീമിലെത്തിയ ഗ്നാബ്രി 27 മല്‍സരങ്ങളില്‍ നിന്ന് 11 ഗോളുകള്‍ നേടി. 22ാം വയസില്‍ ബ്രെെമനില്‍ നിന്ന് ഗ്നാബ്രിയെ  ബയണ്‍ മ്യൂണിക് സ്വന്തമാക്കി. ഒരു മല്‍സരം പോലും തോല്‍ക്കാതെ ഗോളടിച്ചുകൂട്ടി ബയണ്‍ യൂറോപ്പിന്റെ ചാംപ്യന്‍മാരായപ്പോള്‍ ഗ്നാബ്രി നേടിയത് ഒന്‍പത് ഗോളുകള്‍. 

ഫിലിപ്പെ കുട്ടിഞ്ഞോ 

105 മില്യണ്‍ യൂറോയ്ക്കാണ് ഫിലിപ്പെ കുട്ടിഞ്ഞോയെ ലിവര്‍പൂളില്‍ നിന്ന് ബാര്‍സിലോന സ്വന്തമാക്കിയത്. എന്നാല്‍ ലിറ്റില്‍ മജീഷ്യന്‍ എന്ന് ആരാധകര്‍ വിളിക്കുന്ന കുട്ടിഞ്ഞോ ബാര്‍സിലോനയുടെ ആദ്യ ഇലവനില്‍ നിന്ന് പെട്ടന്ന് അപ്രത്യക്ഷനായി. രണ്ടരവര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും ക്ലബ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരത്തെ  ഒഴിവാക്കാന്‍ വഴികളാലോചിച്ചു തുടങ്ങിയിരുന്നു ബാര്‍സിലോന. കുട്ടിഞ്ഞോയെ കടമെടുക്കാന്‍ ബയണ്‍ മ്യൂണിക്കെത്തി.  ഇനിയേസ്റ്റയ്ക്ക് പകരക്കാരനാകുമെന്ന് പ്രതീക്ഷിച്ചവന്‍ തലകുനിച്ച് ബാര്‍സവിട്ടു.  

ഇതിനിടെ ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് കിരീടം കൂടി നേടിയതോടെ കുട്ടിഞ്ഞോയുടെ കുറ്റബോധം ഇരട്ടിയായി. സെര്‍ജി ഗ്നാബ്രിയും കിങ്സിലി കോമാനും തോമസ് മുള്ളറും കളിക്കുന്ന ബയണ്‍ നിരയിലും കുട്ടിഞ്ഞോയ്ക്ക് പകരക്കാരന്റെ റോളായിരുന്നു. ലോക്ഡൗണിന് പിന്നാലെ ഫുട്ബോള്‍ പുനരാരംഭിച്ചപ്പോള്‍ ഒരു മല്‍സരം പോലും ബയണിനായി കുട്ടിഞ്ഞോയ്ക്ക് കളിക്കാനായില്ല. കാലിനേറ്റ പരുക്കായിരുന്നു വില്ലന്‍. എന്നാല്‍ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാര്‍സിലോനയ്ക്കെതിരെ പകരക്കാരനായി ഇറങ്ങിയ കുട്ടിഞ്ഞോ കളിച്ചത് 16 മിനിറ്റ് മാത്രം. ഒരു ഗോളിന് വഴിയൊരുക്കുകയും രണ്ടുഗോളുകള്‍ നേടുകയും ചെയതു. കൂട്ടിഞ്ഞോയുടെ ടീമിനോടെ ബാര്‍സ തോറ്റത് 8–2ന്.  ഏറ്റവും മോശം കാലഘട്ടത്തിലൂടെ ബാര്‍സ കടന്നുപോകുമ്പോള്‍ കുട്ടിഞ്ഞോ ചാംപ്യന്‍സ് ലീഗ് കിരീടം ആഘോഷിക്കുകയാണ്.

MORE IN SPORTS
SHOW MORE
Loading...
Loading...