മെസി ബാര്‍സിലോണ വിടുന്നുവെന്ന് ട്വീറ്റ്; പുതിയ ക്ലബ്ബേത്? ചര്‍ച്ചച്ചൂട്

Spain Soccer La Liga
SHARE

'ഈ വാര്‍ത്ത ശ്രദ്ധിക്കുക, മെസി ബാര്‍സിലോന വിടുന്നു, 2021ല്‍ അല്ല, ഉടന്‍ തന്നെ’.  മാധ്യമപ്രവര്‍ത്തകന്‍ മാര്‍സെലോ ബെച്ച്്ലറുടേതാണ് ട്വീറ്റ്. ഒരു അഭ്യൂഹമായി തള്ളിക്കളയണ്ട. കാരണം ബെച്ച്്ലര്‍ ബാര്‍സിലോനയെക്കുറിച്ച് പറഞ്ഞതൊക്കെ അച്ചട്ടായിട്ടുണ്ട്. നെയ്്്മര്‍ ബാര്‍സ വിട്ട് പി എസ് ജിയിലേയ്ക്ക് എന്ന് ബെച്ച്്ലര്‍ പറഞ്ഞപ്പോഴുണ്ടായ അവിശ്വാസത്തിന്റെ ആയുസ് ഒരാഴ്ച മാത്രമായിരുന്നു. 

13ാം വയസില്‍ ബാര്‍സയിലെത്തിയ മെസി 33ാം വയസില്‍  ബാര്‍സ വിട്ട് എവിടേയ്ക്കായിരിക്കും പോവുക? അടുത്ത വര്‍ഷം മെസിയുടെ കരാര്‍ അവസാനിക്കുമെങ്കിലും ബയണിനെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ മെസിക്ക് ബാര്‍സയില്‍ തുടരാന്‍ ആഗ്രഹമില്ലെന്നാണ് കേള്‍ക്കുന്നത്. സാധ്യതയില്‍  മുന്‍ ബാര്‍സ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയുണ്ട്. കാരണം മെസിയുടെയും ഗ്വാര്‍ഡിയോളയുടെയും ലക്ഷ്യം ചാംപ്യന്‍സ് ലീഗ് കിരീടമാണ്. പക്ഷേ ടീം ഘടന പരിശോധിച്ചാല്‍ മെസിയെ സിറ്റിക്ക് ആവശ്യമില്ല. 27 വയസിന് മുകളില്‍ പ്രായമുള്ള ഒരു താരത്തിനായി 20 മില്യന്‍ ഡോളറില്‍ കൂടുതല്‍ സിറ്റി ചെലവഴിക്കാനും ഇടയില്ല.

നെയ്മറെപ്പോലെ മെസിയും പിഎസ്ജിയിലേയ്ക്ക് പോയാല്‍ ? നെയ്മര്‍ എംബാപ്പെ മെസി ത്രയം ആരാധകര്‍ക്ക് പാരിസില്‍ നിന്ന് ഫുട്ബോള്‍ വിരുന്നൊരുക്കും. ചാംപ്യന്‍സ് ലീഗ് മാത്രമായിരിക്കും പാരിസില്‍ മെസിക്ക് മുന്നിലുള്ള വെല്ലുവിളി. ഫ്രഞ്ച് ലീഗില്‍ പി എസ് ജിയെ വെല്ലുവിളിക്കാന്‍ ത്രാണിയുള്ള ക്ലബുകള്‍ ഇല്ല. 

കഴിഞ്ഞ വര്‍ഷം മുതല്‍ കേട്ടുതുടങ്ങിയതാണ് െമസി ഇന്റര്‍ മിലാനിലേയ്ക്കെന്ന്. എങ്കില്‍ പത്താം കിരീടം ലക്ഷ്യമിട്ട് റൊണാള്‍ഡോയുടെ യുവന്റസ് ഇറങ്ങുമ്പോള്‍ വഴിമുടക്കാന്‍ മെസിയുടെ ഇന്റര്‍ മിലാന്‍. ലോകം ഇറ്റലിയിലേയ്ക്ക് ഉറ്റുനോക്കും. പക്ഷേ അന്റോണിയോ കോന്റെയുടെ ശൈലി ഇതിഹാസത്തിന് ചേര്‍ന്നതല്ല എന്ന ഒറ്റക്കാരണത്താല്‍ ഇന്ററിന്റെ പേരുവെട്ടാം. 

റയല്‍ മഡ്രിഡ്, മാഞ്ചസറ്റര്‍ യുണൈറ്റ‍ഡ്, ബയണ്‍ മ്യൂണിക്ക്, യുവന്റസ്, ഡേവിഡ് ബെക്കാമിന്റെ ഇന്റര്‍ മയാമി എന്തിന് പ്രീമിയര്‍ ലീഗിലേയ്ക്ക് സ്ഥാനക്കയറ്റം നേടിയെത്തിയ ലീഡ്സ് യുണൈറ്റഡിന്റെ പേരുവരെ മെസിയുടെ അടുത്ത ക്ലബായി പറഞ്ഞുകേള്‍ക്കുന്നു. തല്‍ക്കാലം നമുക്ക് സ്വപ്നം കാണാം... നമുക്കെല്ലാം ഇഷ്ടപ്പെട്ട ക്ലബിന്റെ ജേഴ്സിയില്‍ മിശഹാ ഇറങ്ങുന്ന സ്വപ്നം.   messi

MORE IN SPORTS
SHOW MORE
Loading...
Loading...