കിരീടങ്ങളുടെ തമ്പുരാന് ലോകവേദിയില്‍ നിന്ന് മടക്കം; കളം വിടുന്നത് മികച്ച ക്യാപ്റ്റൻ

dhoni
SHARE

തലമുറമാറ്റത്തിന്റെ കാലത്ത് തകര്‍ന്നടിഞ്ഞൊരു ടീമിനെ ഉയരങ്ങളിലെത്തിച്ചാണ് മഹേന്ദ്ര സിങ് ധോണിയുടെ മടക്കം. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറെയൊന്നും അവകാശപ്പെടാനില്ലാത്ത റാഞ്ചിയെ ലോകക്രിക്കറ്റിന്റെ ശ്രദ്ധാകേന്ദ്രമാക്കി. ധോണിയുടെ വളര്‍ച്ച ഇന്ത്യന്‍ ക്രിക്കറ്റിന്റെ കൂടി വളര്‍ച്ചയുടെ ചരിത്രമാണ്. 

കിരീടങ്ങളുടെ തമ്പുരാന് ലോക വേദിയില്‍ നിന്ന് മടക്കം. ഗാലറിയില്‍ ത്രിവര്‍ണം വാരിപ്പൂശിയ ആരാധകപ്പട ഇനി ഗാലറിയില്‍ ധോണിയെന്ന് ആര്‍ത്തുവിളിക്കില്ല. 134 കോടി ഭാരതീയരുടെ കിരീടമോഹങ്ങള്‍ സാക്ഷാത്കരിക്കാന്‍  ഇനിയൊരിക്കല്‍ കൂടി ഒരു സിക്സര്‍ വാനിലേക്കുയരില്ല. 

മഹേന്ദ്ര സിങ് ധോണിയെന്ന താരത്തെ തിരിച്ചറിയാന്‍ ടീമിന്റെ വിലാസം വേണ്ടിയിരുന്ന കാലത്ത് നിന്ന് എം.എസ്.ഡിയെന്ന മൂന്നക്ഷരം കൊണ്ട് ഒരു രാജ്യത്തിന്റെ മേല്‍വിലാസമായി മാറിയ റാഞ്ചിക്കാരന്‍. കിരീടങ്ങളെന്നും അയാളിലെ നായകനെ മോഹിപ്പിച്ചിരുന്നു. പേരുകേട്ട നായകന്‍മാര്‍ ഇന്ത്യയെ നയിച്ചപ്പോഴും വിശ്വകിരീടം ഏറെ അകലെയായിരുന്നു. അവിടെയാണ് എം.എസ്.ധോണിയെന്ന നായകന്‍ വ്യത്യസ്തനായത്.. ട്വന്റി–20 ലോകകപ്പ് കിരീടം, ചാംപ്യന്‍സ് ട്രോഫി പിന്നെ അതിലേറെ ത്രസിപ്പിച്ച ഈ മുഹൂര്‍ത്തവും.

2007ലെ ലോകകപ്പ് തോല്‍വിക്ക് ശേഷം ആര് ഇന്ത്യന്‍ ക്രിക്കറ്റിനെ നയിക്കുമെന്ന ചോദ്യം ചെന്നവസാനിച്ചത് ധോണിയില്‍. നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കുതിപ്പ് തുടങ്ങിയത് അപ്പോള്‍ മുതലാണ്. സച്ചിന്റേയും പിന്നെ കോടിക്കണക്കിന് ഇന്ത്യക്കാരുടേയും 28 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചത് ധോണി വാങ്കഡെയില്‍ നിങ്ങള്‍ കിരീടമെടുത്തുയര്‍ത്തിയപ്പോഴായിരുന്നു. അന്ന് ആ കിരീടത്തോളം  ഉയര്‍ന്നിരുന്നു ഞങ്ങളുടെ ആവേശവും

ഐസിസിയുടെ എല്ലാ കിരീടങ്ങളും നേടിയ ഏക നായകന്‍, രണ്ട് വട്ടം  മികച്ച ഏകദിനതാരം, ഖേല്‍ ര്തന, പദ്മശ്രീ, പദ്മഭൂഷന്‍, മൂന്ന് വട്ടം ഐസിസി ലോക ടെസ്റ്റ് ടീമിന്റെ നായകന്‍, ഐസിസി ഏകദിന ഇലവനില്‍ ഏറ്റവും കൂടുതല്‍ തവണ ഇടംപിടിച്ചതാരം... നേട്ടങ്ങളുടെ പട്ടിക ഏറെ അസൂഹായവഹം. ഞങ്ങള്‍ തോല്‍വിയുറപ്പിച്ചപ്പോഴെല്ലാം ജയത്തിലേക്കെത്തിച്ച്  അമ്പരപ്പിച്ച, ഹെലികോപ്ടറിലൂടെ ത്രസിപ്പിച്ച, മിന്നല്‍ സ്റ്റംപിങ്ങിലൂടെ അതിയശിപ്പിച്ച, സമ്മര്‍ദഘട്ടത്തില്‍ പുഞ്ചിരിച്ച് അത്ഭുതപ്പെടുത്തിയ പ്രതിഭാസത്തിന് നന്ദി.. 

MORE IN KERALA
SHOW MORE
Loading...
Loading...