വിറ്റുവരവ് 10,500 കോടി; ‘പതഞ്ജലി ഐപിഎൽ 2020’ സംഭവിക്കുമോ?; ആകാംക്ഷ

baba-ipl
SHARE

ഐപിഎൽ കരാറിൽനിന്ന് ചൈനീസ് മൊബൈൽ ഫോൺ കമ്പനിയായ വിവോ നടത്തിയ അപ്രതീക്ഷിത പിൻവാങ്ങലിനു പിന്നാലെ പുതിയ ടൈറ്റിൽ സ്പോൺറെ തേടിയുള്ള ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ അന്വേഷണ പരിധിയിലേക്ക് ഏറ്റവും ഒടുവിൽ എത്തുന്ന കമ്പനിയാണ് യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി. ഇന്ത്യൻ വ്യവസായ ഭൂപടത്തിൽ സ്വാധീനമുറപ്പിക്കുന്ന പതഞ്ജലി, ആഗോള വിപണി കൂടി ലക്ഷ്യമിട്ടാണ് ഐപിഎൽ സ്പോൺസർഷിപ്പിന് ശ്രമിക്കുന്നതെന്നാണ് അവർ നൽകുന്ന സൂചന. ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

ചൈനീസ് ഉൽപ്പന്നങ്ങൾക്കെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം നിലനിൽക്കുമ്പോഴാണ് ഐപിഎൽ സ്പോൺസർ ചെയ്യാൻ ഹരിദ്വാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സ്വദേശി’ കമ്പനി പതഞ്ജലിയുടെ നീക്കമെന്നത് ശ്രദ്ധേയമാണ്. വിദേശ കുത്തക കമ്പനികൾ രാജ്യത്തെ സമ്പത്തു കൊള്ളയടിക്കുകയാണെന്നും അവയെ ഒഴിവാക്കി സ്വദേശി ഉൽപന്നങ്ങൾ പ്രചരിപ്പിക്കണമെന്നും ആഹ്വാനം ചെയ്ത് രംഗപ്രവേശം ചെയ്തയാളാണ് ബാബാ രാംദേവും അദ്ദേഹത്തിന്റെ പതഞ്ജലിയും. 

വിവോ പിൻവലിഞ്ഞതിനു പിന്നാലെ മുംൈബ ഇന്ത്യൻസ് ടീം മാനേജ്മെന്റ് വഴി റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിനെ സ്പോൺസർഷിപ്പിനായി ബിസിസിഐ ബന്ധപ്പെട്ടിരുന്നുവെന്നാണ് സൂചന. എന്നാൽ, ഇപ്പോൾ താൽപര്യമില്ലെന്ന മറുപടിയാണു ലഭിച്ചതെന്നു ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആമസോൺ, ബൈജൂസ് ആപ്, ഡ്രീം11 എന്നിവയ്ക്കു പുറമേ പേയ് ടിഎം, ടാറ്റാ മോട്ടോഴ്സ് എന്നിവയെയും സ്പോൺസർഷിപ്പിനായി സമീപിച്ചിരുന്നു. ഇതും ഫലം കാണാതെ വന്നതോടെയാണ് പതഞ്ജലിയിലേക്ക് എത്തിയതെന്നാണ് സൂചന.

പതഞ്ജലിയിലുള്ള താൽപര്യം അറിയിച്ച് തിങ്കളാഴ്ചയാണ് ബിസിസിഐ സമീപിച്ചതെന്നാണ് അവരുടെ വക്താവ് എസ്.കെ. തിജാരാവാല പിടിഐയോടു വെളിപ്പെടുത്തിയത്. ഐപിഎൽ സ്പോൺസർ ചെയ്യുന്ന കാര്യം കമ്പനിയുടെ പരിഗണനയിലാണെന്നും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.

ഏതാണ്ട് 10,500 കോടിയോളം രൂപയാണ് പതഞ്ജലിയുടെ വിറ്റുവരവെന്നാണ് പിടിഐ റിപ്പോർട്ട് വ്യക്തമാക്കുന്നത്. പതഞ്ജലി ആയുർവേദ് മാത്രം 2018–19 സാമ്പത്തിക വർഷത്തിൽ 8,329 കോടി രൂപ വരുമാനം നേടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, വിവിധ വ്യവസായ ഗ്രൂപ്പുകളുള്ള പതഞ്ജലിയുടെ ആകെ വിറ്റുവരവ് ഇതിലും എത്രയോ ഉയർന്ന തുകയായിരിക്കുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...