‘ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്ന ഇംഗ്ലീഷ് ത്രില്ലർ’; മൂന്ന് സംഘം; പോരാട്ടം കടുക്കും

liverpool-new
SHARE

ഫുട്ബോളിന്റെ സൗന്ദര്യം അനിശ്ചിതത്വമാണ്. ഏതു നിമിഷത്തിലും ജയപരാജയങ്ങൾ മാറിമറിയുന്ന, തങ്ങളുടെ ദിനത്തിൽ ഏത് വമ്പനെയും ആർക്കും  വീഴ്ത്താവുന്ന മനോഹരമായ കളി. അത്തരമൊരു സാഹചര്യമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇപ്പോഴുള്ളത്. ശരിക്കുമൊരു ഹോളിവുഡ് ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന  ഫിനിഷിങ്ങിലേക്കാണ് പ്രീമിയർ ലീഗിന്റെ പോക്ക്.

ലീഗ് കിരീടം സ്വന്തമാക്കാനുള്ള പോരാട്ടമല്ല ഇപ്പോൾ പ്രീമിയർ ലീഗിൽ നടക്കുന്നത്. മറിച്ച് അടുത്ത തവണത്തെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനായി മൂന്ന് ടീമുകൾ നടത്തുന്ന പോരാട്ടമാണ് ലീഗിനെ ശ്രദ്ധേയമാക്കുന്നത്. ഇത്തവണത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേരത്തെതന്നെ ലിവർപൂൾ സ്വന്തമാക്കിയിരുന്നു. രണ്ടാംസ്ഥാനത്ത് മാഞ്ചസ്റ്റർ സിറ്റിയും സുരക്ഷിതരാണ്. ലീഗിലെ ആദ്യ നാല് സ്ഥാനക്കാരാണ് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുക. മൂന്നും നാലും സ്ഥാനത്തിനു വേണ്ടി മൂന്ന് ടീമുകളാണ് കടുത്ത പോരാട്ടത്തിലുള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലെസ്റ്റർ സിറ്റി എന്നിവരാണ് മൂന്നും, നാലും സ്ഥാനത്തിനു വേണ്ടി കച്ചമുറുക്കി രംഗത്തുള്ളത്. ഒരു റൗണ്ട് മത്സരം മാത്രം അവശേഷിക്കേ മൂന്ന് ടീമുകളും  പ്രതീക്ഷയിലാണ്. ലീഗിൽ 37 മത്സരങ്ങൾ വീതം പിന്നിട്ടപ്പോൾ 63 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡാണ് മൂന്നാം സ്ഥാനത്ത്. പോയിന്റ് നിലയിൽ ഒപ്പമുണ്ടെങ്കിലും ഗോൾശരാശരിയിൽ പിന്നിലായതോടെ ചെൽസി നാലാം സ്ഥാനത്താണ്. പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിക്ക് 62 പോയിന്റുണ്ട്.

യുണൈറ്റഡും ലെസ്റ്ററും തമ്മിലാണ് അടുത്ത മത്സരം. ചെൽസിയുടെ എതിരാളികൾ പട്ടികയിൽ ആറാം സ്ഥാനത്തുള്ള വോൾവ്സ് ആണ്. കരുത്തരായ എതിരാളികൾ സ്ഥാനമുറപ്പിക്കാൻ വേണ്ടി ആവനാഴിയിലെ അവസാന അടവുകളും പുറത്തെടുക്കും എന്നതിനാൽ ആരാധകരും ത്രില്ലിലാണ്. 

സാധ്യതകൾ

മാഞ്ചസ്റ്റർ യുണൈറ്റഡ്

സമനില മാത്രം മതി മാഞ്ചസ്റ്റർ യുണൈറ്റഡിന് അടുത്ത തവണത്തെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാൻ. എതിരാളികൾ ലെസ്റ്റർ സിറ്റി ആയതിനാൽ സമനില പോലും അത്ര എളുപ്പമായിരിക്കില്ല എന്നതാണ് സത്യം. ലെസ്റ്ററിനെ തോൽപ്പിക്കാനായാൽ 67 പോയിന്റുമായി മൂന്നാംസ്ഥാനവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും  യുണൈറ്റസിന് ഉറപ്പിക്കാം. മത്സരം സമനിലയിലായാൽ 64 പോയിന്റായിരിക്കും യുണൈറ്റഡിനുണ്ടാവുക. അപ്പോഴും ഒരു പോയിൻറ് വ്യത്യാസത്തിൽ ലെസ്റ്ററിനെ മറികടന്ന് യുണൈറ്റഡിന് അടുത്ത ചാമ്പ്യൻസ് ലീഗ് കളിക്കാം. 

മത്സരം തോറ്റാൽ പോലും യുണൈറ്റഡിന് പ്രതീക്ഷയുണ്ട്. വോൾവ്സുമായുള്ള മത്സരത്തിൽ ചെൽസി പരാജയപ്പെട്ടാൽ മതി. എന്നാൽ അത്തരമൊരു റിസ്കിലേക്ക് കാര്യങ്ങൾ എത്തിക്കാൻ യുണൈറ്റഡ് തയ്യാറാവില്ല. 

ചെൽസി

കഴിഞ്ഞദിവസം ലിവർപൂളിനോട് പരാജയപ്പെട്ടതോടെ അവസാന മത്സരം നിർണായകമായിരിക്കുകയാണ് ചെൽസിക്ക്. വോൾവ്സിനെതിരായ മത്സരത്തിൽ സമനിലയെങ്കിലും നേടാനായാൽ ചെൽസിക്ക് അടുത്ത ചാമ്പ്യൻസ് ലീഗിലെത്താം. തോറ്റാലും ചെൽസിക്ക് പ്രതീക്ഷയുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയാൽ മതി. 

വോൾവ്സിനോട് പരാജയപ്പെടുകയും, ലെസ്റ്റർ സിറ്റി സമനില നേടുകയും ചെയ്താൽ ചെൽസിക്കും ലെസ്റ്ററിനും ഒരേ  പോയിന്റാവും. അങ്ങനെ സംഭവിച്ചാൽ ഗോൾശരാശരിയിൽ ചെൽസി താഴേക്ക് പോകും. ലെസ്റ്റർ അടുത്ത ചാമ്പ്യൻസ് ലീഗിലേക്കും.

ലെസ്റ്റർ സിറ്റി

അവസാന റൗണ്ട് മത്സരത്തിൽ യഥാക്രമം യുണൈറ്റഡും ചെൽസിയുമാണ് വിജയിക്കുന്നതെങ്കിൽ ലെസ്റ്റർ സിറ്റിക്ക് ആദ്യ നാലിൽ എത്താൻ സാധിക്കില്ല. ചെൽസി-വോൾവ്സ് മത്സരം സമനിലയിൽ ആയാൽ പോലും യുണൈറ്റഡിനെ തോൽപ്പിക്കാനായില്ലെങ്കിൽ ലെസ്റ്റർ താഴെ നിൽക്കേണ്ടിവരും. അതുകൊണ്ടുതന്നെ വിജയത്തിൽ കുറഞ്ഞൊന്നും ലെസ്റ്ററിന്റെ സ്ഥാനം സുരക്ഷിതമാക്കില്ല. അതേസമയം വോൾവ്സിനോട് ചെൽസി പരാജയപ്പെടുകയാണെങ്കിൽ, സമനില മാത്രം മതി ലെസ്റ്ററിന് ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വന്തമാക്കാൻ.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് എന്നതിനാൽ വിജയം മാത്രം ലക്ഷ്യമിട്ടായിരിക്കും മുന്ന് ടീമുകളും അടുത്ത മത്സരത്തിനിറങ്ങുക. കണക്കിലെ കളികൾ നോക്കി  മുന്നേറുക എന്നതിനേക്കാൾ, വിജയം തന്നെയായിരിക്കും മൂന്ന് ടീമുകൾക്കും സന്തോഷം പകരുക. അതുകൊണ്ടുതന്നെ തീപാറുന്ന പോരാട്ടമായിരിക്കും വരാനിരിക്കുന്നത് എന്നതിൽ ആർക്കും സംശയമില്ല.

MORE IN SPORTS
SHOW MORE
Loading...
Loading...