ജെസല്‍ എങ്ങും പോകുന്നില്ല; ബ്ലാസ്റ്റേഴ്സില്‍ തുടരും; വമ്പൻ ഓഫറുകൾ ഒഴിവാക്കി

jessel-blasters
SHARE

അങ്ങനെ അക്കാര്യത്തില്‍ തീരുമാനമായി. ഗോവക്കാരന്‍ ജെസല്‍ കാര്‍നെയ്റോ മൂന്നു സീസണുകളില്‍ കൂടി കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടും. എടികെ അടക്കമുള്ള അടക്കമുള്ള ക്ലബ്ബുകളുടെ വമ്പന്‍ ഓഫറുകള്‍ വേണ്ടെന്നു വച്ചാണ് ജെസല്‍ കൊച്ചിയില്‍ തുടരാന്‍ തീരുമാനിച്ചത്. ഒറ്റ സീസണ്‍ കൊണ്ട് തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറാന്‍ ജെസല്‍ കാര്‍നെയ്റോയ്ക്ക് കഴിഞ്ഞിരുന്നു.കഴിഞ്ഞ സീസണില്‍ എല്ലാ മല്‍സരങ്ങളിലും മുഴുവന്‍ സമയവും ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടിയ ഏകതാരവും ലെഫ്റ്റ് വിങ് ബാക്കായ ജെസല്‍ ആയിരുന്നു.

കഴിഞ്ഞ സീസണിന്‍റെ പകുതി ആയപ്പോള്‍ തന്നെ ജെസലിനെ റാഞ്ചാന്‍ മുന്‍നിര ക്ലബ്ബുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അവര്‍ക്കൊന്നും പിടികൊടുക്കാതെ ജെസല്‍ കാര്‍നെയ്റോ ബ്ലാസ്റ്റേഴ്സില്‍ തുടരാന്‍ ഒരു കാരണമുണ്ട്. അതൊരു കടപ്പാടിന്‍റെ കഥയാണ്. ഐ ലിഗിലും ഗോവന്‍ ലീഗിലുമൊക്കെ തകര്‍ത്തു കളിച്ചിരുന്ന ജെസലിന് ഐഎസ്എല്ലിലേക്ക് എന്‍ട്രി നല്‍കിയത് ബ്ലാസ്റ്റേഴ്സാണ്. നേരത്തെ പൂനെ സിറ്റിക്കൊപ്പെ ജെസലുണ്ടായിരുന്നുവെങ്കിലും വേണ്ടത്ര അവസരങ്ങള്‍ കിട്ടിയില്ല. അഞ്ചാം സീസണില്‍ ജംഷഡ്പൂര്‍ എഫ്സി ട്രയല്‍സ് നടത്തിയെങ്കിലും ടീമിലെടുത്തില്ല. അങ്ങനെ ഗോവന്‍ ലീഗിലും സന്തോഷ് ട്രോഫിയിലുമായി ഒതുങ്ങി നിന്ന ജെസലിനെ ബ്ലാസ്റ്റേഴ്സിലേക്കും ഐഎസ്എല്ലിലേക്കും കൈപിടിച്ച് കയറ്റിയത് അസിസ്റ്റന്‍ കോച്ച് ഇഷ്ഫാഖ് അഹമ്മദാണ്. ആ കൂറാണ് മൂന്നു സീസണ്‍ കൂടി കൊച്ചിയില്‍ തുടരാനുള്ള തീരുമാനത്തിലേക്ക് ജെസലിനെ എത്തിച്ചതും. തന്‍റെ പ്രതിഭയെ തിരിച്ചറിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ കിരീടമുയര്‍ത്തുമ്പോള്‍ ഒപ്പം താനുമുണ്ടാകുമെന്ന് ജെസല്‍ പറയുന്നു.

ഡെംപോയില്‍ നിന്നാണ് കഴിഞ്ഞ സീസണില്‍ ജെസല്‍ ബ്ലാസ്റ്റേഴ്സിലെത്തിയത്. പതിനെട്ട് കളികളിലും മുഴുവന്‍ സമയവും കളിച്ച ജെസലിന്‍റെ പാസ് ആക്കുറസി 72.65 ശതമാനമാണ്. കഴിഞ്ഞ സീസണില്‍ 746 പാസുകളാണ് ജെസലിന്‍റെ കാലുകളില്‍ നിന്ന് വന്നത്. ഒരു കളിയില്‍ ശരാശരി 42 പാസുകള്‍. ഐഎസ്എല്ലില്‍ ആദ്യ സീസണ്‍ കളിക്കുന്ന ഒരു താരത്തിന്‍റെ ഏറ്റവും മികച്ച ശരാശരിയാണിത്. വിങ്ങിലൂടെ അതിവേഗം പന്തുമായി കുതിക്കുന്ന ജെസലിന്‍റെ പിന്തുണയില്‍ അഞ്ചു ഗോളും പിറന്നു. ആറു സീസണുകളില്‍ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന സന്ദേശ് ജിങ്കന്‍ ടീം വിട്ടതോടെ വലിയ ഉത്തരവാദിത്തമാണ് പ്രതിരോധ നിരയില്‍ ജെസലിന് കോച്ച് കിബു വികുന കാത്ത് വച്ചിരിക്കുന്നതും. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് പുതിയ സൈനിങ്ങുകളുടെ പ്രഖ്യാപനം ആരംഭിച്ചതും ജെസലില്‍ നിന്നാണ് എന്നത് ശ്രദ്ധേയമാണ്.

MORE IN SPORTS
SHOW MORE
Loading...
Loading...