റെക്കോർഡുകളുടെ രാജകുമാരൻ; പച്ചമനുഷ്യൻ; മെസിക്ക് ഇന്ന് 33

messi
SHARE

അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് മുപ്പത്തിമൂന്നാം പിറന്നാള്‍. അവിസ്മരണീയ കളിമുഹൂര്‍ത്തങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിച്ച മെസി, മുപ്പത്തിമൂന്നുവയസിനിടെ സ്വന്തമാക്കിയത് എണ്ണിയാലൊടുങ്ങാത്ത റെക്കോര്‍ഡുകള്‍..

ലയണല്‍ ആന്ദ്രെ മെസി.. കളത്തിനുള്ളില്‍ തീര്‍ത്ത ഇന്ദ്രജാലം മാത്രമല്ല പെരുമാറ്റം കൊണ്ട് കൂടിയാണ് മെസി അരാധക ഹൃദയങ്ങളില്‍ കൂടുകൂട്ടിയത്. സമ്മര്‍ദത്തില്‍ വീണുപോകുന്ന ജയത്തില്‍ ആഘോഷിക്കുന്ന തോല്‍വിയില്‍ പൊട്ടിക്കരയുന്ന പച്ചമനുഷ്യനാണ് ലിയോ. അതുകൊണ്ടാണ് അയാളെന്ന അച്ചുതണ്ടിനെച്ചുറ്റി ഫുട്ബോള്‍ ലോകവും  ആരാധകരും ഭ്രമണം ചെയ്തുകൊണ്ടേയിരിക്കുന്ത്. റൊസാരിയോയിലെ തെരുവോരങ്ങളില്‍ പന്ത് തട്ടിനടന്ന പതിമൂന്നുവയസുകാരനുമായി സ്പാനിഷ് വമ്പന്‍മാരായ ബാര്‍സിലോന ഒരു ടിഷ്യൂ പേപ്പറില്‍ കരാര്‍ ഒപ്പുവച്ചതോടെ ഒരുയുഗം പിറവിയെടുക്കുകയായിരുന്നു. ആറ് ബലോന്‍ ദ് ഓര്‍, ആറ് വട്ടം ഫിഫയുടെ മികച്ച താരം, ഒരുകാലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിന് ഗിന്നസ് റെക്കോര്‍ഡ്. ഫിഫയുടെ ലോക ഇലവനില്‍  കൂടുതല്‍ തവണ ഇടം േനടിയ കളിക്കാരന്‍, മൂന്ന് ക്ലബ് ലോകകപ്പുകളില്‍ ഗോള്‍ നേടിയ ഏകതാരം, 2014 ലോകകപ്പിലെ ഏറ്റവും മികച്ചതാരം, ചാംപ്യന്‍സ് ലീഗില്‍ ഏറ്റവുമധികം ഹാട്രിക്കുകകള്‍, ലാ ലീഗ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍.. റെക്കോര്‍ഡുകളുെട നിര ഇങ്ങനെ നീളുകയാണ്..  

മാസം 900 ഡോളര്‍ ചികില്‍സയ്ക്ക് ചെലവിടാന്‍ കഴിയാതിരുന്ന ബാല്യത്തില്‍ നിന്ന് ലോകത്തെ  ഏറ്റവും സമ്പന്നനായ രണ്ടാമത്തെ കാല്‍പന്തുകളിക്കാരനിലേക്കുള്ള വളര്‍ച്ച ലോകത്തെ മുഴുവന്‍ പ്രചോദിപ്പിച്ചു. ബാല്യകാല സഖി അന്റൊനെല്ല റൊക്കുസയെ തേടി കണ്ടുപിടിച്ച് ജീവിതസഖിയാക്കിയപ്പോള്‍ പ്രണയത്തിന്റെ പ്രതീകമായും അയാള്‍ മാറി. കടുത്ത ടാക്കിളുകളും ഫൗളുകളും നേരിട്ടപ്പോഴും അക്ഷോഭ്യനായി നില്‍ക്കുന്ന താങ്കള്‍  ശരിക്കും ഒരത്ഭുതമാണ്.. ഇടംകാലുകൊണ്ട് വിസ്മയം തീര്‍ക്കുന്ന റൊസാരിയോയുെട രാജകുമാരന് പിറന്നാള്‍ ആശംസകള്‍.

MORE IN SPORTS
SHOW MORE
Loading...
Loading...