ആനയെ ഓർത്ത് വിഷമം; മനുഷ്യർ മരിക്കുമ്പോൾ മിണ്ടാത്തതെന്ത്?; പഠാന്റെ മറുപടി

irfan-pathan-kohlio
SHARE

പടക്കം പൊട്ടിത്തെറിച്ച് പരുക്കേറ്റ് ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തെ അപലപിച്ചു കൊണ്ട് നിരവധി കായികതാരങ്ങൾ രംഗത്തെത്തിയിരുന്നു. വിരാട് കോലി, രോഹിത് ശർമ, ഋഷഭ് പന്ത്, വിജയ് ശങ്കർ, ബദരിനാഥ്, സുരേഷ് റെയ്ന, ലോകേഷ് രാഹുൽ, ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ തുടങ്ങിയവരെല്ലാം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇർഫാന്‍ പഠാനും സംഭവത്തിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.  മനുഷ്യരുടെ കാര്യത്തിലില്ലാത്ത വേദനയും ആശങ്കയും മൃഗങ്ങളുടെ കാര്യത്തിൽ എന്തിനാണ് എന്ന മട്ടിൽ ചിലര്‍ ചോദ്യങ്ങളും ഉയർത്തിയിരുന്നു. അടുത്തിടെ ഒരു ദേശീയമാധ്യമം പഠാനോടും ഈ ചോദ്യം ആവർത്തിച്ചു.

''കേരളത്തിൽ ഗർഭിണിയായ ആന ചരിഞ്ഞപ്പോൾ ഒട്ടേറെ കായികതാരങ്ങൾ പ്രതികരണവുമായി രംഗത്തെത്തി. അവരതു ചെയ്യുകയും വേണം. അതേസമയം, തിഹാറിൽ ഗർഭിണിയായ സ്ത്രീ കൊല്ലപ്പെട്ടപ്പോഴും മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടുമ്പോഴും ഇവരാരും പ്രതികരിച്ചു കാണുന്നില്ല. ഭയമാണോ കാരണം?'' എന്നായിരുന്നു ചോദ്യം. ''മിക്കവാറും ഈ വിഷയങ്ങളിലൊക്കെ പ്രതികരിച്ച് വിവാദത്തിൽ ചാടുമെന്ന ഭയംകൊണ്ടാകാം പ്രതികരിക്കാത്തത്. എല്ലാ വിഷയത്തിലും പ്രതികരിക്കണമെന്ന് നിർബന്ധം പിടിക്കാനാകില്ലല്ലോ. നിങ്ങളുടെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. അതുതന്നെയാണ് എല്ലാവരും ചെയ്യുന്നതും'', എന്നായിരുന്നു പഠാന്റെ മറുപടി. 

''എതിർ ടീമിനെക്കുറിച്ച് കൂടുതൽ പുകഴ്ത്തി പറഞ്ഞുവെന്ന് ഒരു ചലച്ചിത്ര താരം ട്വീറ്റ് ചെയ്തതിനെ തുടർന്ന് ജോലി പോയ കമന്റേറ്റർ ഉള്ള നാടാണ് നമ്മുടേത്. അരക്ഷിതാവസ്ഥയുടെ അങ്ങേയറ്റമാണിത്. നമ്മൾ എപ്പോഴും യുഎസിലും യുകെയിലെയും ഉദാഹരണങ്ങൾ എടുത്തുപറയും. പക്ഷേ, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരിൽ ഇവിടങ്ങളിലൊന്നും ആർക്കും ജോലി പോകില്ല. അഭിപ്രായം തുറന്നുപറഞ്ഞാലും ബാക്കിയെല്ലാവരെയും പോലെ അവർക്ക് തുടർന്നും സർക്കാർ ആനുകൂല്യങ്ങൾ അനുഭവിച്ചു തന്നെ ജീവിക്കാം.  സുരക്ഷിതത്വം ഇല്ല എന്നത് തന്നെയാണ് ഇവിടെ മുഖ്യം. മേൽപ്പറഞ്ഞ സുരക്ഷയില്ലെങ്കിൽ ഇവിടെയും ആരും ഒന്നും തുറന്നുപറയില്ല. അഭിപ്രായം തുറന്നുപറഞ്ഞാൽ നേടാനുള്ളവയേക്കാൾ നഷ്ടപ്പെടാനുള്ളവയേ ഇവിടെയുള്ളൂ. അതുകൊണ്ട് ചില സമയത്ത് സ്വന്തം ബോധ്യങ്ങൾ തുറന്നുപറയാൻ എല്ലാവരും മടിക്കും'' – പഠാൻ കൂട്ടിച്ചേർത്തു.

MORE IN SPORTS
SHOW MORE
Loading...
Loading...