ഷമിയു‌ടെ ഏറുകൊണ്ട് കാൽ നീരുവന്ന് വിങ്ങിയത് 10 ദിവസം: ‘വേദന’ വിവരിച്ച് സ്മൃതി

smrethu-wb
SHARE

ലൈവ് ചാറ്റിൽ രസകരമായ അനുഭവം തുറന്നുപറഞ്ഞ് സ്മൃതി മന്ഥന. രോഹിത് ശർമ,വനിതാ ടീമിൽ സഹതാരമായ ജമീമ റോഡ്രിഗസ് എന്നിവരുമായി സംസാരിക്കുമ്പോഴാണ് സ്മൃതി മന്ഥന കളത്തിനകത്തെയും പുറത്തെയും അനുഭവങ്ങൾ തുറന്നു പറഞ്ഞത്.

പരിശീലനത്തിനിടെ മുഹമ്മദ് ഷമിയുടെ പന്തു നേരിടുകയെന്ന സാഹസത്തിനു മുതിർന്ന തന്റെ കാലിൽ ബോൾ കൊണ്ട് നീരു മായാതെ കിടന്നത് 10 ദിവസമാണെന്ന് മന്ഥന പറയുന്നു.

രാജ്യാന്തര ഏകദിനത്തിൽ 2019ൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബോളറെന്ന നേട്ടം സ്വന്തമാക്കിയ ഷമിയുടെ ബോളിംഗിനെക്കുറിച്ച് സ്മൃതി വാചാലയായി. കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്ന ഷമി 21 മത്സരങ്ങളിൽനിന്ന് വീഴ്ത്തിയത് 42 വിക്കറ്റാണ്. 

ഇടക്കാലത്ത് പരുക്കുമൂലം വിശ്രമത്തിലായിരുന്ന സമയത്താണ് മുഹമ്മദ് ഷമിയുടെ പന്തു നേരി‍ടാൻ സ്മൃതി മന്ഥനയ്ക്ക് (നിർ)ഭാഗ്യം ലഭിച്ചത്. മണിക്കൂറിൽ ഏതാണ്ട് 120 കിലോമീറ്റർ വേഗത്തിലാണ് ഷമി പന്തെറിഞ്ഞുകൊണ്ടിരുന്നത്. ദേഹത്തേക്ക് പന്തെറിയില്ല എന്ന് ഷമിയിൽനിന്ന് ഉറപ്പുവാങ്ങിയശേഷമായിരുന്നു മന്ഥനയുടെ ബാറ്റിങ് പരീക്ഷണം. പക്ഷേ, ഗതിമാറിയെത്തിയ പന്ത് വന്നിടിച്ചത് തുടയിൽ. 10 ദിവസമാണ് നീരു മായാതെ കിടന്നതെന്ന് മന്ഥന!

‘ഷമി ഭയ്യ പരുക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പം പരിശീലിച്ചത് ഓർക്കുന്നു. അന്ന് 120 കിലോമീറ്റർ വേഗത്തിലാണ് അദ്ദേഹം പന്തെറിഞ്ഞിരുന്നത്. എന്റെ ദേഹത്തേക്ക് പന്തെറിയില്ലെന്ന ഉറപ്പിലാണ് ഞാൻ ബാറ്റുമായി കളത്തിലിറങ്ങിയത്. അഞ്ചാമത്തെയോ ആറാമത്തെയോ സ്റ്റംപിന് കണക്കാക്കി എറിയാമെന്നായിരുന്നു വാഗ്ദാനം’ – സ്മൃതി വിശദീകരിച്ചു.

ആദ്യത്തെ രണ്ടു പന്തും എനിക്കു തൊടാൻ പോലുമായില്ല. അത്രയും വേഗതയേറിയ പന്തുകൾ നേരിട്ട് എനിക്ക് പരിചയമില്ലല്ലോ. പക്ഷേ മൂന്നാമത്തെ ബോൾ എന്നെ ചതിച്ചു. അദ്ദേഹത്തിന്റെ ഇൻ–ഡിപ്പർ നേരെ വന്നിടിച്ചത് എന്റെ അകംതുടയിലാണ്. 

2013ൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ സ്മൃതി മന്ഥന ഇതിനകം രണ്ടു ടെസ്റ്റുകളും 51 ഏകദിനങ്ങളും 75 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ ഒരു അർധസെഞ്ചുറി സഹിതം 27 ശരാശരിയിൽ 81 റൺസാണ് സമ്പാദ്യം. ഏകദിനത്തിൽ നാലു സെഞ്ചുറിയും 17 അർധസെഞ്ചുറിയും സഹിതം 43.08 ശരാശരിയിൽ 2025 റൺസ് നേടി. ട്വന്റി20യിൽ 12 അർധസെഞ്ചുറികൾ സഹിതം 25.23 ശരാശരിയിൽ 1716 റൺസും സ്വന്തമാക്കി.

MORE IN SPORTS
SHOW MORE
Loading...
Loading...