അന്ന് അഡിഡാസെന്ന് കൈകൊണ്ടെഴുതി; ഇന്നവർ എന്റെ പേരിൽ ഷൂ നിർമിക്കുന്നു; ഹിമ പറയുന്നു

hima-das-story
SHARE

അത്‍ലറ്റിക്സിൽ ഇന്ത്യയുടെ ലോകചാംപ്യനായ ഹിമയുടെ വാക്കുകൾ പോരാട്ടത്തിന്റെ പ്രചോദനമാവുകയാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗണിൽ കുരുങ്ങി പട്യാലയിലെ ഇന്ത്യൻ അത്‍‌ലറ്റിക് ക്യാംപിലുള്ള ഹിമ, ക്രിക്കറ്റ് താരം സുരേഷ് റെയ്നയുമായി ഇൻസ്റ്റഗ്രാമിൽ നടത്തിയ ലൈവ് ചാറ്റിലാണ് തന്റെ പോയ കാലത്തെ കുറിച്ച് മനസ് തുറന്നത്.

‘ആദ്യകാലങ്ങളിൽ ചെരിപ്പും ഷൂവുമൊന്നും കൂടാതെയായിരുന്നു ഓട്ടം. ആദ്യമായി ദേശീയതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയപ്പോഴാണ് പിതാവ് എനിക്ക് സ്പൈക്സ് ഉള്ള ഷൂ വാങ്ങിത്തന്നത്. അതൊരു സാധാരണ ഷൂവായിരുന്നു. അത്ര വിലയൊന്നുമില്ലാത്തത്. അന്ന് കൊതികൊണ്ട് ‘അഡിഡാസ്’ എന്ന് കൈകൊണ്ട് അതിൽ എഴുതിയത് ഓർമയുണ്ട്. പക്ഷേ വിധി എന്താണ് നമുക്കായി കാത്തുവച്ചിരിക്കുന്നത് അറിയില്ലല്ലോ. ഇപ്പോൾ അതേ അഡിഡാസ് എന്റെ പേരിൽ ഷൂ നിർമിക്കുന്നു’ – ഹിമ പറയുന്നു.

2018ൽ ഇന്തൊനീഷ്യയിൽ നടന്ന ഏഷ്യൻ ഗെയിംസിനു ശേഷമാണ് ഇന്ത്യക്കാർ കൂടുതലായി അത്‌ലറ്റിക്സ് ഇഷ്ടപ്പെടാൻ തുടങ്ങിയതെന്ന് ഹിമ അഭിപ്രായപ്പെട്ടു. അന്ന് 400 മീറ്ററിൽ ഹിമ വെള്ളി നേടിയിരുന്നു. പിന്നീട് 400 മീറ്റർ വനിതാ റിലേയിലും മിക്സഡ് റിലേയിലും സ്വർണവും നേടി.

ചെറുപ്പം മുതലേ ആരാധിച്ചിരുന്ന ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ െതൻഡുൽക്കറിനെ ആദ്യമായി നേരിട്ട് കണ്ട സംഭവവും ഹിമ റെയ്നയ്ക്കു മുന്നിൽ വിവരിച്ചു. ‘സച്ചിനോട് ആദ്യമായി സംസാരിച്ച സംഭവം ഇന്നും എന്റെ മനസ്സിലുണ്ട്. അദ്ദേഹത്തെ കണ്ടതും എനിക്കു കരച്ചിലടക്കാനായില്ല. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമായിരുന്നു അത്. അല്ലെങ്കിലും നമ്മുടെ റോൾ മോഡൽസിനെ കാണുന്നത് എത്ര സുന്ദരമായ നിമിഷമാണ്. അത് മറക്കാനൊക്കുമോ?’ – ഹിമ പറഞ്ഞു. 

ഹിമയുടെ ജീവിതം

അസമിലെ നഗാവോൺ ജില്ലയിലെ കന്തുലിമാരി ഗ്രാമത്തിലെ ദരിദ്ര കർഷ കുടുംബത്തിലായിരുന്നു ഹിമാ ദാസിന്റെ ജനനം. 4 മക്കളിൽ മൂത്തവൾ. നാലടിവെച്ചാൽ തീരുന്ന രണ്ടു മുറിവീട്ടിലായിരുന്നു ജീവിതം. കൃഷിപ്പണിക്ക് അച്ഛനെ സഹായിക്കാൻ പാടത്തേക്കു പോയിരുന്ന പെൺകുട്ടി, തൊട്ടടുത്തു കളിക്കുന്ന ആൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചാണു തുടങ്ങിയത്. പാടത്തെ കളിയിൽ അതിവേഗം പായുന്ന പെൺകുട്ടിയുടെ പ്രതിഭ തിരിച്ചറിഞ്ഞ് അത്‍ലറ്റിക്സിലേക്കു തിരിച്ചുവിട്ടതു പ്രാദേശിക പരിശീലകൻ നിപ്പോൺ ദാസാണ്.

നാട്ടിൽ നിന്ന് 150 കിലോമീറ്റർ അകലെ ഗുവാഹത്തിയിൽ പരിശീലനമാരംഭിച്ചതോടെ ഹിമ നേട്ടങ്ങളിലേക്കുള്ള കുതിപ്പു തുടങ്ങി. സ്പൈക്കില്ലാതെ നഗ്നപാദയായി ദൂരങ്ങൾ കീഴടക്കിയിരുന്ന ഹിമ ദാസ് 2 വർഷം മുൻപ് ഇന്ത്യൻ ക്യാംപിലെത്തിയപ്പോഴാണ് ആദ്യമായി സ്പൈക്ക് അണിഞ്ഞത്. ആ ഹിമയുടെ പേരിൽ തന്നെ പിന്നീട് അഡിഡാസ് സ്പൈക്ക് നിർമിച്ചുവെന്നതു ചരിത്രം.

അതിനിടെ, ഹിമയുടെ മത്സരയിനത്തിൽ മാറ്റം വരുത്താൻ ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷൻ ഒരുങ്ങുന്നതായി വാർത്തയുണ്ടായിരുന്നു. വനിതകളുടെ 400 മീറ്ററിനു പകരം 200 മീറ്ററിൽ ഹിമയെ മത്സരിപ്പിക്കാനാണ് നീക്കം. 400 മീറ്ററിൽ ഹിമയ്ക്കു വേഗസ്ഥിരത നിലനിർത്താൻ കഴിയുന്നില്ലെന്നും 200 മീറ്ററിലേക്കു മാറിയാൽ പ്രകടനം മെച്ചപ്പെടുത്താമെന്നുമാണു വിലയിരുത്തൽ.

MORE IN SPORTS
SHOW MORE
Loading...
Loading...