കളിയും ചിരിയും; ഞാൻ കണ്ട സച്ചിൻ: ഹാപ്പി ബർത്ത്‌ഡെ ടു യു

sachin-birthday
SHARE

വർഷം 2003, ദിവസം ഒന്നും ഓർമയില്ല... തലേന്ന് മുതൽ കേൾക്കുന്നുണ്ട് ഇന്നാണ് ലോകകപ്പ് ഫൈനൽ എന്ന്. പക്ഷെ ഒരു മൂന്നാം ക്ലാസുകാരന് ഒട്ടും തിരിച്ചറിയാനായില്ല ഒരു ലോകകപ്പിൻറെ വില. പക്ഷെ ഫൈനൽ ദിവസത്തെ മലയാള മനോരമ പേപ്പർ എന്നെ ഞെട്ടിച്ചു, ആദ്യ പേജിൽ തന്നെ നമ്മടെ ടീമിന്റെ വലിയ ചിത്രം, അതോടെ ഒന്നുറപ്പിച്ചു, ഇതെന്തോ വലിയ സംഭവമാണ്. പിന്നെ വിലയിരുത്തലുകളുടെ നേരമാണ്... ചേട്ടൻ ജോസഫും പപ്പയുമൊക്കെ സംസാരിക്കാൻ തുടങ്ങി, എനിക്ക് വലിയ ധാരണ ഒന്നും ഇല്ലാത്തോണ്ട് ഞാൻ മൗനം പാലിച്ചു. അപ്പൻ അന്ന് ഉറപ്പിച്ചു പറഞ്ഞു ഓസീസിനെ പൂട്ടാൻ ഇത്തിരി വിയർക്കും എന്ന്... പത്രത്തിലെ വിശകലന കുറിപ്പുകളിലും സംഗതി സത്യമാണെന്ന് കണ്ടു. കളി തുടങ്ങി, ആദ്യം ടോസ്... ഭാഗ്യം ഇന്ത്യക്... ഗാംഗുലി ബൗളിംഗ് മതിയെന്ന് പറഞ്ഞു. ഓസിസ് ബാറ്റിങിനിറങ്ങി അടിയോടടി...ഗാംഗുലിയെ കൊറേ തെറി പറഞ്ഞെങ്കിലും സച്ചിൻ ഉണ്ട് എന്ന് ചേട്ടൻ ആശ്വസിക്കുന്നത് ഞാൻ കണ്ടു. വൻ സ്‌കോർ അടിച്ചാണ് ഓസിസ് ബാറ്റിംഗ് അവസാനിപ്പിച്ചത്, സച്ചിൻ ഫൊം ആകാതെ ഒരു രക്ഷയും ഇല്ലെന്ന് എല്ലാരും ഉറപ്പിച്ചു.... സച്ചിനിറങ്ങി ആദ്യ പന്ത് ഫോർ....എന്തൊരു ആവേശം ആയിരുന്നു... സച്ചിൻ അത് ചെയ്യുമെന്ന് എല്ലാരും പറഞ്ഞു... തൊട്ടടുത്ത പന്ത് സച്ചിന്റെ ബാറ്റിൽ കൊണ്ട് ഉയർന്നു... അത് പിടിക്കല്ലേ എന്ന് എല്ലാരും പറഞ്ഞു, പക്ഷെ ആ ഓസ്‌ട്രേലിയക്കാരൻ അത് കേട്ടില്ല... സച്ചിൻ പുറത്തായി... നിരാശയോടെ നടന്നു നീങ്ങുന്ന സച്ചിന്റെ മുഖം... ഓർമയിൽ കത്തി നിൽക്കുന്ന സച്ചിന്റെ ആദ്യ ഫ്രയിം ഇതാണ്....പിറ്റേന്ന് പത്രത്തിൽ സച്ചിന്റെ പടത്തിനായി ഞാൻ കാത്തിരുന്ന്. പക്ഷെ സച്ചിന്റെ ചിരിക്കുന്ന പടം അതിലില്ലായിരുന്നു.... 

പിന്നെ എത്ര കളികൾ എത്ര ഗംഭീര ഇന്നിഗ്‌സുകൾ... എത്ര അടിപൊളി ചിത്രങ്ങൾ... എന്റെ ചുവരും ഡയറികളും ഹൃദയവും സച്ചിൻ കിഴടക്കി....പിന്നെ വേദനിപ്പിച്ചത് 2007 ലോകകപ്പ് ആണ്.... ശ്രീലങ്കയ്‌ക്കെതിരെ നിർണായക മത്സരത്തിൽ സച്ചിൻ പൂജ്യത്തിന് പുറത്തായി..ഫലമോ ലോകകപ്പിൽ നിന്ന് ഇന്ത്യ ആദ്യ റൗണ്ടിൽ പുറത്തായി...അന്ന് ഡ്രസിങ് റൂമിൽ തലകുനിച്ചിരിക്കുന്ന സച്ചിന്റെ മുഖം.....

അന്നുറപ്പിച്ചു ആ മനുഷ്യന്റെ മുഖത്തു ചിരി കൊണ്ടുവരുമെന്ന്... പള്ളിപ്പറമ്പിലേക്ക് കളിക്കാനിറങ്ങുമ്പോൾ മനസ്സിൽ ആ മനുഷ്യൻ മാത്രമായിരുന്നു, അയാളെ പോലെ കളിയ്ക്കാൻ... എതിരാളികളെ ഭയപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചു.... അതൊന്നും നടന്നില്ല....പക്ഷെ സച്ചിന്റെ മുഖത്തെ ചിരി പലതവണ കണ്ടു..ആദ്യം cb സീരീസ് ഫൈനലിൽ... ലക്‌ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ആദ്യ വിക്കറ്റുകൾ വേഗം പോയി.. പക്ഷെ ഇളകാതെ സച്ചിൻ അന്ന് ക്രീസിലുണ്ടായിരുന്നു. പുതുമുഖമായ രോഹിത് ശർമയെ കൂട്ടുപിടിച്ചു സച്ചിൻ ഓസീസിന്റെ നാട്ടിൽ വിജയക്കൊടി നാട്ടി. തൊട്ടടുത്ത ഫൈനലിൽ സച്ചിന്റെ വക 91 റൺസ്... കളിയും ജയിച്‌ കപ്പ് ഇങ് കൊണ്ട് പോന്നു... അങ്ങനെ എത്ര ചിരികൾ... തൊണ്ണൂറുകളിൽ പുറത്താകുന്ന എത്ര നിരാശകൾ.. ആ തലകുനിച്ചു മടക്കം എത്ര തവണ കണ്ടിരിക്കുന്നു....പിന്നെ ആ ചിരി പൊട്ടിച്ചിരിയായത്.... 2010ലാണ്... സെഞ്ച്വറി കഴിഞ്ഞിട്ടും സച്ചിൻ തകർത്തു കളിച്ചു, 150 കടന്നു... ഡബിൾ എന്ന അത്യാഗ്രഹം മെല്ലെ തലപൊക്കി... ഒപ്പം കളിക്കുന്ന ധോണി അടിച്ചു തകർക്കുന്നു... ഇയാൾ ഇനി സച്ചിന് ബാറ്റിംഗ് കൊടുക്കില്ല എന്നുവരെ തോന്നിച്ചു....പക്ഷെ സച്ചിന്റെ സമ്മർദ്ദം കുറയ്ക്കാനാണ് താൻ തകർത്തു കളിച്ചതെന്ന് ധോണി തന്നെ പിന്നീട് പറഞ്ഞു... ഒടുവിൽ അവസാന ഓവറിൽ ഞാൻ കാത്തിരുന്ന നിമിഷം എത്തി. ഓഫിലേക് തട്ടിയിട്ട്‌ സച്ചിൻ സിംഗിൾ എടുത്തു... കളി കണ്ടിരുന്ന ഞാൻ ചാടി ആഘോഷിച്ചു... പിറ്റേന് പത്രത്തിൽ സച്ചിന്റെ ഫുൾ ചിത്രം. മനസ്സുനിറഞ്ഞു... പിന്നെലെ തൊട്ടടുത്ത വർഷം ലോകകപ്പെത്തി....വിക്ടറി ലാപ്പിൽ സന്തോഷത്തോടെ കരഞ്ഞ്‌ സഹതാരങ്ങളുടെ ചുമരിൽ ഇരിക്കുന്ന സച്ചിൻ.എങ്ങനെ മറക്കും ആ നിമിഷം... നൂറാം സെഞ്ചുറി പൂർത്തിയാക്കി കൈകൾ മുകളിലേക്ക് ഉയർത്തി പരിഭവം പറഞ്ഞ സച്ചിനെ പിന്നീട് കണ്ടു... 

പിന്നാലെ വിരമിക്കൽ... ഇന്നും കരഞ്ഞുകൊണ്ട് സച്ചിന്റെ വിരമിക്കൽ പ്രസംഗം കേൾക്കാനാകു.... സഹതാരങ്ങൾ നൽകിയ യാത്രയയപ്പും ആരാധകരുടെ സച്ചിൻ.... സച്ചിൻ... വിളികളും എങ്ങനെ മറക്കും... അന്ന് കരഞ്ഞുകൊണ്ട് സച്ചിൻ ഇറങ്ങിയപ്പോൾ ഞാനടക്കം ക്രിക്കറ്റ് വെറുത്തിരുന്നു. ഒന്നിനെയും ഇത്രത്തോളം സ്നേഹിക്കരുതെന്ന് ഉറപ്പിച്ചു... അത്രയേറെ ഹൃദയം വേദനിച്ചു അന്ന്... Ipl എത്തിയപ്പോൾ നിന്റെ ടിം ആയതുകൊണ്ടാണ് ഞാൻ മുംബൈക് ഒപ്പം കൂടിയത്. കേരളത്തിന് സ്വന്തം ടിം വന്നപ്പോഴും ഞാൻ നിനക്കുവേണ്ടിയാണ് കയ്യടിച്ചത്. പിന്നീട് വർഷങ്ങൾക്കിപ്പുറം രോഹിത് ശർമയെന്ന ഹിറ്റുമാനിലൂടെ മുംബൈ കിരീടങ്ങൾ സ്വന്തമാക്കിയപ്പോൾ ഞാൻ ആദ്യം തിരയുന്നത് നിന്റെ മുഖമായിരുന്നു. നിന്റെ ചിരിക് വേണ്ടിയായിരുന്നു. സെവാഗും രോഹിതും തനിക് ശേഷം ഡബിൾ നേടുമെന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഡൌട്ട് അടിച്ചു, പക്ഷെ നീ ശരിയായിരുന്നു സച്ചിൻ.അന്ന് സിബി സീരിസ് ഫൈനലിൽ ഓസീസിനെ പഞ്ഞിക്കിടാൻ നീ കൂട്ടുപിടിച്ച രോഹിത് 3 തവണ ഡബിൾ നേടി. നിന്റെ കണക്കുകൾ പിഴക്കാറില്ലല്ലോ....

പിന്നീട്  പ്രിയപ്പെട്ടവർക്കൊപ്പം സച്ചിൻ സിനിമ കാണാൻ പോയപ്പോഴും ഇത്രയേറെ ടെൻഷൻ ഉണ്ടായിരുന്നു. ഞാൻ കണ്ടു ശീലിച്ച സച്ചിൻ എങ്ങനെ ആകുമെന്ന് വെറുതെ ഒരു ടെൻഷൻ... ഭാഗ്യത്തിന് അതൊരു ഡോക്യൂമെന്ററി അയിരുന്നു....അന്ന് പടം തീർന്നപ്പോൾ ഞാൻ വീണ്ടും കരഞ്ഞു....

നന്ദി സച്ചിൻ... ഞങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ചതിന്, ഞങ്ങളെ ആവേശഭരിതരാക്കിയതിന്... എതിരാളികളെ ചിരിച്ചുകൊണ്ട് നേരിടാൻ പഠിപ്പിച്ചതിന്...മടൽ ബാറ്റിൽ എം ആർ എഫ് എന്ന് എഴുതിച്ചതിന്... നിന്റെ ചിത്രങ്ങൾ കാണാൻ പത്രം വായിച്ചു തുടങ്ങിയ ഞാൻ ഇന്ന് ഒരു മാധ്യമ പ്രവർത്തകനാണ്... സ്വപ്നം സാധ്യമാകും വരെ കുറുക്കുവഴി തേടാതെ അധ്വാനിക്കാൻ പറഞ്ഞ നിന്റെ വാക്കുകൾക്കു നന്ദി.... ചിരിച്ചതിനേക്കാൾ കൂടുതൽ നീ കരഞ്ഞിട്ടുണ്ടാകും... സച്ചിൻ നീ ഞങ്ങളുടെ ഹൃദയത്തിലുണ്ട്....

MORE IN SPORTS
SHOW MORE
Loading...
Loading...