6 സിക്സടിച്ച ബാറ്റ് പരിശോധിക്കണമെന്ന് ഓസീസ് ആവശ്യപ്പെട്ടു; വെളിപ്പെടുത്തി യുവി

yuvi-six-pic
SHARE

പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലിഷ് താരം സ്റ്റുവാർട്ട് ബ്രോഡിനെതിരെ ഒരു ഓവറിൽ ആറു സിക്സ് നേടിയ തന്റെ ബാറ്റിന്റെ കാര്യത്തിൽ വിവിധ ടീമുകൾക്ക് സംശയങ്ങളുണ്ടായിരുന്നതായി ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വെളിപ്പെടുത്തൽ. പിന്നീട് സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെയും ഇതേ ബാറ്റുപയോഗിച്ച് മികച്ച പ്രകടനം കാഴ്ചവച്ചതോടെ സംശയം കൂടിയതായും യുവരാജ് സിങ് പറഞ്ഞു. 

2007ൽ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലാണ് ഇംഗ്ലിഷ് പേസ് ബോളർ സ്റ്റുവാർട്ട് ബ്രോഡിനെതിരെ യുവരാജ് സിങ് ഒരു ഓവറിൽ തുടർച്ചയായി ആറു സിക്സറുകൾ നേടിയത്. ഈ മത്സരത്തിൽ 12 പന്തുകളിൽനിന്ന് അർധസെഞ്ചുറി പൂർത്തിയാക്കി യുവരാജ് അതിവേഗ അർധസെഞ്ചുറിയുടെ റെക്കോർഡും സ്ഥാപിച്ചിരുന്നു.

സ്പോർട്സ് ടക്കിനു നൽകിയ അഭിമുഖത്തിലാണ് അന്ന് വിവിധ ടീമുകളിലെ താരങ്ങൾക്ക് തന്റെ ബാറ്റിന്റെ കാര്യത്തിൽ സംശയമുണ്ടായിരുന്നതായി യുവരാജ് വെളിപ്പെടുത്തിയത്.

‘അന്ന് ഓസ്ട്രേലിയൻ ടീമിന്റെ പരിശീലകനായിരുന്ന വ്യക്തി എന്റെ അടുത്തുവന്ന് ബാറ്റിനു പിന്നിൽ ഫൈബർ വല്ലതുമുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. അങ്ങനെ ചെയ്യുന്നത് നിയമപരമാണോയെന്നും മാച്ച് റഫറി ബാറ്റ് പരിശോധിച്ചിരുന്നോ എന്നും അന്വേഷിച്ചു. ഇതോടെ ബാറ്റുകൊണ്ടുപോയി പരിശോധിച്ചുനോക്കാൻ ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അന്ന് ഓസീസ് വിക്കറ്റ് കീപ്പറായിരുന്ന ആദം ഗിൽക്രിസ്റ്റ് പോലും എവിടെനിന്നാണ് നിങ്ങളുടെ (ഇന്ത്യൻ താരങ്ങളുടെ) ബാറ്റ് നിർമിക്കുന്നതെന്ന് ചോദിച്ചു’ – യുവരാജ് വെളിപ്പെടുത്തി.

‘താരങ്ങൾക്ക് സംശയം കുടുങ്ങിയതോടെ മാച്ച് റഫറി എന്റെ ബാറ്റ് പരിശോധിച്ചു. സത്യത്തിൽ എനിക്കേറെ പ്രിയപ്പെട്ട ബാറ്റായിരുന്നു 2007ലെ ട്വന്റി20 ലോകകപ്പിൽ ഉപയോഗിച്ചിരുന്നത്. അതുപോലൊരു ബാറ്റുകൊണ്ട് പിന്നീട് ജീവിതത്തിലൊരിക്കലും കളിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. പിന്നീട് 2011 ലോകകപ്പിൽ ഉപയോഗിച്ചിരുന്ന ബാറ്റും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്’ – യുവരാജ് പറഞ്ഞു.

മുൻ ഇന്ത്യൻ നായകനും ഇപ്പോൾ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെയും യുവരാജ് പുകഴ്ത്തി. തന്റെയുള്ളിലെ പ്രതിഭയെ ഊതിക്കാച്ചിയെടുത്തത് ഗാംഗുലിയാണെന്ന് യുവരാജ് പറഞ്ഞു.

‘എക്കാലവും എന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണ്. എല്ലാ ക്യാപ്റ്റൻമാരിലുംവച്ച് എന്നെ ഏറ്റവുമധികം പിന്തുണച്ചത് അദ്ദേഹമാണ്. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ അദ്ദേഹം പ്രത്യേക വൈഭവം പ്രകടിപ്പിച്ചിരുന്നു. മികച്ച ടീമിനെ വളർത്തിയെടുക്കാൻ തന്നെ സഹായിക്കാൻ കഴിയുന്ന അഞ്ചോ ആറോ യുവതാരങ്ങളുണ്ടെന്ന് അക്കാലത്ത് ഗാംഗുലി സ്ഥിരമായി പറഞ്ഞിരുന്നു. അവരെയെല്ലാം പിന്തുണയ്ക്കുകയും ചെയ്തു’ – യുവരാജ് പറഞ്ഞു.

MORE IN SPORTS
SHOW MORE
Loading...
Loading...