വ്യായാമത്തിൽ ചലഞ്ചുമായി റൊണാൾഡോ; ഒടുവിൽ സെമന്യയോട് തോറ്റു! വിഡിയോ

ro-07
SHARE

ലോക്ഡൗൺ കാലം എങ്ങനെ നന്നായി ഉപയോഗിക്കാമെന്ന് കണ്ടെത്തുന്ന തിരക്കിലാണ് ലോകം മുഴുവൻ. കായികതാരങ്ങളുടെ പാചക പരീക്ഷണങ്ങളുടെയും വർക്കൗട്ട് പരീക്ഷണങ്ങളുടെയും വിഡിയോ നേരത്തേ ശ്രദ്ധയമായിരുന്നു. ഇതിനിടയിലേക്കാണ് വ്യായാമം ചെയ്ത് തന്നെ തോൽപ്പിക്കാമോ എന്ന ചലഞ്ചുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയത്. 

നിലത്ത് കിടന്ന് കാലുകൾ രണ്ടും ഉയർത്തിപ്പിടിച്ച് കൈകൾ കൊണ്ട് കാലിൽ തൊടണം. 45 സെക്കന്റിൽ എത്ര തവണ സാധിക്കുമെന്നായിരുന്നു റൊണാൾഡോയുടെ വെല്ലുവിളി. പുഷ്പം പോലെ 142 തവണ താരം തൊടുകയും ചെയ്തു. ചലഞ്ച് ഏറ്റെടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ ബ്രൂണോ ഫെർണാണ്ടസും ഡാലോട്ടും 117 ലും 105 ലും തോൽവി സമ്മതിച്ചു.

അപ്പോഴാണ് ദക്ഷിണാഫ്രിക്കയുടെ പറക്കും താരം കാസ്റ്റർ സെമന്യ ചലഞ്ചേറ്റെടുത്തത്.  വെറും 45 സെക്കന്റിൽ 176 തവണ നല്ല വൃത്തിക്ക്  സെമന്യ കാലിൽ തൊടുന്നത് കണ്ട് ലോകം അന്തം വിട്ടു. റൊണാൾഡോയുടെ കാര്യം പിന്നെ പറയാനില്ലല്ലോ. 176 തവണ ചെയ്തതിന്റെ യാതൊരു ക്ഷീണവും സെമന്യയ്ക്കുണ്ടായതുമില്ല. കൂൾ കൂളായി റൊണാൾഡോയെ തോൽപ്പിച്ച സെമന്യയെ പ്രോൽസാഹിപ്പിക്കാനും ആരാധകർ മറന്നില്ല. ശരീരത്തിൽ പുരുഷ ഹോർമോണിന്റെ അളവ് കൂടിയതിനെ തുടർന്ന് കളിക്കളത്തിൽ കടുത്ത മാനസിക പീഡനത്തിനിരയായ താരമാണ് സെമന്യ. ഹോർമോണിന്റെ അളവ് കുറച്ചില്ലെങ്കിൽ വനിതാ താരങ്ങൾക്കൊപ്പം മൽസരിക്കാൻ അനുവദിക്കില്ലെന്ന വിചിത്ര നിലപാടും അത്​ലറ്റിക് ഫെഡറേഷൻ പുറപ്പെടുവിച്ചിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...