'അഞ്ചുമിനിറ്റ് പ്രാണവായു കിട്ടാതെ പിടഞ്ഞു..’; ഡിബാലയുടെ കോവിഡ് അനുഭവം

dibala2
SHARE

കോവിഡ് സ്ഥിരീകരിച്ച പ്രധാന ഫുട്‌ബോൾ താരങ്ങളിൽ ഒരാളാണ് യുവന്റസ് താരം പൗലോ ഡിബാല. കോവിഡ് കാലത്തെ അനുഭവങ്ങൾ ആരാധകരുമായി അദ്ദേഹം പങ്കുവയ്ക്കുകയാണ്. മൊഴിമാറ്റം: എസ്.പവിത്ര

‘എന്നത്തേയും പോലെ പരിശീലനത്തിലായിരുന്നു ഞാൻ. പക്ഷേ അൽപനേരം കഴിയുമ്പോഴേക്കും വല്ലാതെ ക്ഷീണിക്കാൻ തുടങ്ങും. കുറച്ച് കഴിഞ്ഞപ്പോഴേക്കും പരിശീലിക്കുമ്പോൾ ശ്വാസം നിലച്ചുപോകുന്ന സ്ഥിതിയുണ്ടായി. അഞ്ചുമിനിറ്റോളം പ്രാണവായു കിട്ടാതെ പിടഞ്ഞു. അതോടെയാണ് എന്തോ കുഴപ്പമുണ്ടെന്ന് ഉറപ്പിച്ചത്. തുടർന്ന് പരിശോധനയ്ക്ക് വിധേയനായി... 

കോവിഡ്‌ വൈറസ് എന്നെ പിടികൂടി എന്ന് അറിഞ്ഞപ്പോൾ ശരിക്കും ഭയപ്പെട്ടു. ലോകം മുഴുവൻ വിറപ്പിക്കുന്ന മഹമാരിയാണ് എനിക്കും എന്ന സത്യം തന്നെയാണ് ഭയത്തിനു പിന്നിലെ കാരണം. പേടിച്ചാൽ രോഗം എന്നെ കൂടുതൽ കീഴ്പ്പെടുത്തുമെന്ന് മനസ്സിലായതോടെ പൊരുതി തോൽപ്പിക്കാൻ എന്റെ മനസ്സിനെ ഞാൻ തയ്യാറാക്കി. 

ആദ്യം കാര്യമായ രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും പതിയെ ഓരോന്നായി പുറത്തുവന്നു. ചുമയ്ക്കുമ്പോൾ തൊണ്ട വല്ലാതെ വരണ്ടുണങ്ങി പോകും. ക്ഷീണം കാരണം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. മരവിപ്പിക്കുന്ന തണുപ്പ് കാരണം പല രാത്രികളിലും ഉറക്കം നഷ്ടപ്പെട്ടു. 

ഈ സമയത്ത് ക്ലബ്ബ് എനിക്കൊപ്പം നിന്നു. സമാധാനപ്പെടാനും എല്ലാം പഴയ രീതിയിൽ തിരിച്ചെത്തുമെന്നും അവർ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു. പതിയെ ഞാൻ ജീവിതത്തിലേക്ക് തിരിച്ചെത്തി. എന്നിലൂടെയാണ് എന്റെ ജീവിത പങ്കാളിക്കും രോഗം ലഭിച്ചത്. നമ്മുടെ പ്രിയപ്പെട്ടവരിലേക്ക് രോഗം പടരാതിരിക്കാൻ ഒരു മാർഗമേയുള്ളൂ.. സാമൂഹിക അകലം പാലിക്കുക.. നമുക്ക് രോഗമുണ്ടാകാതിരിക്കാനും ഒരു വഴിയുണ്ട്.. തൽകാലം വീടുകളിൽ തന്നെ തുടരുക..’

ഡിബാല രണ്ടാമത്തെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് ഇപ്പോൾ

MORE IN SPORTS
SHOW MORE
Loading...
Loading...