വിദ്യാർഥിനി നൽകിയത് 2.5 ലക്ഷം; ധോണി 1 ലക്ഷം; വിമർശനം; വാക്പോര്

dhoni-web
SHARE

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകവ്യാപകമായി കായിക താരങ്ങൾ സഹായഹസ്തവുമായി രംഗത്തെത്തുന്നതിനിടെ, സമാന നടപടിയുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയും. ഇന്ത്യയിൽത്തന്നെ വൈറസ് ബാധ ഏറ്റവും പ്രത്യാഘാതം സൃഷ്ടിച്ചിട്ടുള്ള മഹാരാഷ്ട്രയിലെ പുണെയിൽ, കൂലിപ്പണിക്കാരായ 100 കുടുംബങ്ങളെ സഹായിക്കാനായി ഒരു ലക്ഷം രൂപയാണ് ധോണി സംഭാവന ചെയ്തത്. ‘ക്രൗഡ് ഫണ്ടിങ്’ വെബ്സൈറ്റായ ‘കേട്ടോ’ വഴി മുകുൾ മാധവ് ഫൗണ്ടേഷനിലേക്കാണ് ധോണി ഒരു ലക്ഷം രൂപ സംഭാവന നൽകിയത്.

‘ക്രൗഡ് ഫണ്ടിങ്’ വെബ്സൈറ്റിലേക്ക് സംഭാവന നൽകിയതിന്റെ രസീത് സഹിതം കൂടുതൽ ആളുകൾ സഹായവുമായി രംഗത്തെത്താൻ ആഹ്വാനം ചെയ്ത് ധോണിയുടെ ഭാര്യ സാക്ഷി സിങ് ഇൻസ്റ്റഗ്രാമിൽ ലഘു കുറിപ്പും പോസ്റ്റ് ചെയ്തു. നഗരത്തിലെ 100 കുടുംബങ്ങളെ സഹായിക്കാനുള്ള ഉദ്യമത്തിലൂടെ 12.5 ലക്ഷം രൂപയാണ് ഇവർ ശേഖരിക്കാൻ ലക്ഷ്യമിടുന്നത്. നിലവിൽ ധോണിയാണ് ഈ ഫണ്ടിലേക്ക് ഏറ്റവും ഉയർന്ന തുക സംഭാവന ചെയ്തത്.

അതേസമയം  വാർത്തയ്ക്കു പിന്നാലെ, താരത്തെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെപ്പേർ ട്വിറ്ററിലൂടെ രംഗത്തെത്തി. ധോണിയുടെ നടപടി മറ്റുള്ളവരേയും ഉദാരമായി സംഭാവന നൽകാൻ പ്രേരിപ്പിക്കുന്നതാണെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ, 800 കോടിയിൽപ്പരം രൂപയുടെ ആസ്തിയുള്ള ധോണി കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് നൽകിയ സംഭാവന കുറഞ്ഞുപോയെന്ന വിമർശനമാണ് മറുഭാഗം ഉയർത്തുന്നത്.

ന്യൂ‍ഡൽഹിയിലെ സംസ്കൃതി എന്ന പ്ലസ് ടു വിദ്യാർഥിനി തന്റെ സമ്പാദ്യത്തിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 2.5 ലക്ഷം രൂപ സംഭാവന നൽകുന്നതായി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് സഹിതമാണ് വിമർശകർ ധോണിയെ കടന്നാക്രമിക്കുന്നത്. പ്ലസ് ടു വിദ്യാർഥിനിക്ക് 2.5 ലക്ഷം നൽകാമെങ്കിൽ ധോണി എന്തുകൊണ്ട് ഒരു ലക്ഷത്തിൽ ഒതുങ്ങുന്നു എന്നാണ് ഇവരുടെ ചോദ്യം. അതേസമയം, 12.5 ലക്ഷം രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ക്രൗഡ് ഫണ്ടിങ്ങിന് ഒരു ലക്ഷം രൂപ ഒറ്റയടിക്ക് നൽകിയ ധോണിയുടെ നടപടി മാതൃകാപരമാണെന്നാണ് ആരാധകരുടെ വാദം. മാത്രമല്ല, കൊറോണ വൈറസ് ബാധിതർക്കായി താരം നടത്തുന്ന സേവനങ്ങൾ എല്ലാം പരസ്യമാക്കണമെന്നില്ലല്ലോ എന്നും ഇവർ ചോദിക്കുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...