‘ആ വാചകമടി ഇനി പൊട്ടും പൊടിയുമായി കേൾക്കേണ്ട’: ചെന്നൈയുടെ മധുര പ്രതികാരം

jadeja-web
SHARE

മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറിന്റെ പേരെടുത്തു പറയാതെ ചെന്നൈ സൂപ്പർ കിങ്സിന്റെ പരിഹാസ ട്വീറ്റ്. ബിസിസിഐയുടെ ഔദ്യോഗിക കമന്റേറ്റേഴ്സ് പാനലിൽനിന്ന് പുറത്താക്കപ്പെട്ട  മഞ്ജരേക്കർ ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് സമയത്ത് ചെന്നൈ സൂപ്പർ കിങ്സ് താരം കൂടിയായ രവീന്ദ്ര ജഡേജയെ ‘പൊട്ടും പൊടിയും’ മാത്രം അറിയാവുന്ന കളിക്കാരനെന്നു പറഞ്ഞ് ആക്ഷേപിച്ചത് വൻ വിവാദമായിരുന്നു. ഈ പരിഹാസത്തിന്റെ ചുവടുപിടിച്ചാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ട്രോൾ. ട്രോൾ ഒരു മധുര പ്രതികാരം കൂടിയായാണ് ചെന്നൈ കിങ്സ് എടുത്തിരിക്കുന്നത്

‘ആ വാചകമടി ഇനി പൊട്ടും പൊടിയുമായി കേൾക്കേണ്ടി വരില്ല’ – ഒറ്റവാചകത്തിൽ എല്ലാ പരിഹാസവും ഒളിപ്പിച്ച ചെന്നൈ സൂപ്പർ കിങ്സിന്റെ ട്വീറ്റ് ഇങ്ങനെ. ഇരുപതിനായിരത്തോളം പോരാണ് ഈ ട്വീറ്റിന് ലൈക്ക് രേഖപ്പെടുത്തിയത്. 2500 പേർ ഇത് റീട്വീറ്റ് ചെയ്തു.

അതേസമയം, സഞ്ജയ് മഞ്ജരേക്കറെ ബിസിസിഐയുടെ കമന്റേറ്റേഴ്സ് പാനലിൽനിന്ന് ഒഴിവാക്കിയെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വിസമ്മതിച്ചു. ഇപ്പോൾ ഒഴിവാക്കപ്പെട്ടാലും ഭാവിയിൽ മഞ്ജരേക്കർ ബിസിസിഐ പാനലിലേക്കു തിരികെയെത്തില്ലെന്ന് അതിന് അർഥമില്ലെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. 

ഇന്ത്യയുടെ ഹോം മത്സരങ്ങളിൽ കമന്ററി ബോക്സിലെ നിത്യ സാന്നിധ്യമായ മഞ്ജരേക്കർ, ഐപിഎൽ മുതലുള്ള ബിസിസിഐ ടൂർണമെന്റുകളിൽ കമന്റേറ്റർ പാനലിൽ ഉണ്ടാകില്ലെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ഏകദിനത്തിനായി ഹിമാചൽ പ്രദേശിലെ ധരംശാലയിലെത്തിയ കമന്റേറ്റേർമാർക്കൊപ്പം മഞ്ജരേക്കർ ഉണ്ടായിരുന്നില്ല. അതേസമയം, ബിസിസിഐ കമന്റേറ്റർ പാനലിലെ മറ്റ് അംഗങ്ങളായ സുനിൽ ഗാവസ്കർ, എൽ. ശിവരാമകൃഷ്ണൻ, മുരളി കാർത്തിക് എന്നിവർ ധരംശാലയിൽ എത്തുകയും ചെയ്തു .അതേസമയം, മഞ്ജരേക്കർ കമന്റേറ്റർ പാനലിൽനിന്ന് ഒഴിവാക്കാനുള്ള കാരണം ഇനിയും വ്യക്തമല്ല. മഞ്ജരേക്കറിന്റെ ജോലിയിൽ ബിസിസിഐ അധികൃതർ തൃപ്തരല്ലായിരുന്നുവെന്നാണ് സൂചന

MORE IN SPORTS
SHOW MORE
Loading...
Loading...