ജാമ്യമില്ല; വ്യാജ പാസ്പോർട്ടുമായി അറസ്റ്റിലായ റൊണാൾഡീഞ്ഞോ ജയിലിൽ തന്നെ

ronaldinho-arrest-new
SHARE

വ്യാജ പാസ്പോർട്ടുമായി ദിവസങ്ങൾക്ക് മുൻപ് പാരഗ്വായിൽ അറസ്റ്റിലായ ബ്രസീൽ മുൻ താരം റൊണാൾഡീഞ്ഞോ ഇപ്പോഴും ജയിലിൽ തുടരുന്നു. ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരായ റൊണാൾഡീഞ്ഞോയ്ക്കും സഹോദരനും ജാമ്യം നിഷേധിച്ചിരുന്നു. ഇരുവരെയും കരുതൽ തടങ്കലിൽ തന്നെ വയ്ക്കാൻ നിർദ്ദേശിച്ച ജഡ്ജി ക്ലാര റൂയിസ് ഡയസ്, രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന കുറ്റം ചെയ്തതിനാലാണു ജാമ്യം അനുവദിക്കാത്തതെന്നും പറഞ്ഞു. എന്നാൽ വ്യാജ പാസ്പോർട്ടായിരുന്നുവെന്ന വിവരം അറിയില്ലായിരുന്നുവെന്നും ചതിക്കപ്പെട്ടതാണെന്നുമാണ് റൊണാൾഡീഞ്ഞോയുടെയും സഹോദരന്റെയും വാദം.

അസുൻസ്യോനിലെ സ്പെഷ‌ലൈസ്ഡ് പൊലീസ് ഗ്രൂപ്പിന്റെ ആസ്ഥാനത്താണ് ഇരുവരെയും തടവിൽ പാർപ്പിച്ചിരിക്കുന്നത്. സന്ദർശകരിലൊരാളാണ് താരത്തിന് ബെഡും പുതപ്പും നൽകിയത്. ജയിൽ അധികൃതർ സോപ്പും തലയിണയും കൊതുകുവലയും നൽകി. രാത്രി വൈകി ഒരു ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുകയും ചെയ്തു. ഇരുവർക്കും ജയിലിൽ സമ്പൂർണ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച കൈവിലങ്ങുവച്ചാണ് റൊണാൾഡീഞ്ഞോയെയും സഹോദരനെയും കോടതിയിൽ ഹാജരാക്കിയത്. 

വ്യാജ പാസ്പോർട്ടുമായി പാരഗ്വായിൽ പ്രവേശിച്ചതിനാണ് വ്യാഴാഴ്ച റൊണാൾഡീഞ്ഞോ അറസ്റ്റിലായത്. താരത്തിനൊപ്പം ബിസിനസ് മാനേജർ കൂടിയായ സഹോദരൻ റോബർട്ടോ, ബ്രസീലില്‍നിന്നുള്ള വ്യവസായി എന്നിവരും അറസ്റ്റിലായിരുന്നു. ഒരു ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് റൊണാൾഡീഞ്ഞോ പാരഗ്വായിലെത്തിയത്. തലസ്ഥാന നഗരമായ അസുൻസിയോണിലെ ഒരു പ്രമുഖ ഹോട്ടലിൽ താമസ സ്ഥലത്തെത്തിയാണ് പാരഗ്വായ് പൊലീസ് താരത്തെ അറസ്റ്റ് ചെയ്തത്. യാത്രാരേഖകളും പിടിച്ചെടുത്തു.

2002ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു മുപ്പത്തൊൻപതുകാരനായ റൊണാൾഡീഞ്ഞോ. സ്പാനിഷ് ക്ലബ് ബാർസിലോനയുടെയും ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെയും ഇറ്റാലിയൻ ക്ലബ് എസി മിലാന്റെയും മിന്നും താരമായിരുന്നു. ലോകകപ്പ്, യുവേഫ ചാംപ്യൻസ് ലീഗ്, ബലോൻ ദ് ഓർ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയ അപൂർവം താരങ്ങളിൽ ഒരാളാണ്. 2018ലാണ് ഫുട്ബോളിൽനിന്ന് വിരമിച്ചത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...