പത്താംവയസില്‍ സ്വപ്നം കണ്ടു; സഫലമായത് 22 വര്‍ഷമെടുത്ത്: ആ നിമിഷത്തില്‍ സച്ചിന്‍

sachin-laures-award
SHARE

സ്പോര്‍ട്സ് എല്ലാവരെയും ഒന്നിച്ചുനിര്‍ത്തുമെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ലൊറെയ്സ് സ്പോര്‍ട്്സ് പുരസ്കാരം ഏറ്റുവാങ്ങിയശേഷം പറഞ്ഞപ്പോള്‍ കരഘോഷം നിറഞ്ഞു. ലോകത്തെ മികച്ച കായികനിമിഷമായി 2011–ലെ ലോകകപ്പ് ക്രിക്കറ്റ് ജയത്തിനുപിന്നാലെ ക്രിക്കറ്റിലെ ദൈവത്തെ തോളിലേറ്റിയ നിമിഷം തിരഞ്ഞെടുക്കപ്പെട്ടതായി ലോകത്തെ അറിയിച്ചത് ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കറാണ്. കായികലോകത്തെ പരമോന്നത ബഹുമതിയായ ലൊറെയ്സ് സ്പോര്‍ട്സ് 20വര്‍ഷത്തെ മികച്ച നിമിഷമായിട്ടാണ് സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ലോകകപ്പ് ജയഘോഷയാത്ര തിരഞ്ഞെടുക്കപ്പെട്ടത്.

സച്ചിനിലൂടെ ഈ പുരസ്കാരം ഇതാദ്യമായി ഇന്ത്യയിലുമെത്തി. ലോകകപ്പ് നേടിയ നിമിഷത്തെ എങ്ങനെയാണ് ഓര്‍ത്തിരിക്കുന്നതെന്ന ബോറിസ് ബെക്കറുടെ ചോദ്യത്തിന് ക്രിക്കറ്റ് ദൈവത്തിന്റെ മറുപടി വികാരനിര്‍ഭരമായിരുന്നു.   

സ്വപ്നത്തിന് പിന്നാലെ പാഞ്ഞത് 22 വര്‍ഷം

‘1983ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദ്യമായി ലോകകപ്പ് കിരീടം ഉയര്‍ത്തുമ്പോള്‍ എനിക്ക് പ്രായം പത്ത്. അന്ന് അതിന്റെ പ്രാധാന്യം മനസിലായില്ല, പക്ഷെ രാജ്യത്തെ ഒന്നാകെ ആഘോഷത്തിലാക്കുന്ന ഈ വിജയത്തിന് എന്തോ പ്രത്യേകതയുണ്ടെന്ന് മനസിലായി. അന്നുമുതല്‍ ലോകകപ്പ് കയ്യിലേന്തുന്നത് സ്വപ്നം കണ്ടു. എന്നാല്‍ ആ കപ്പൊന്ന് നെ​ഞ്ചോട് ചേര്‍ക്കാന്‍ 22വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2011ലെ ലോകകപ്പ് നേടിയ നിമിഷത്തെയോ വിജയാഹ്ലാദത്തെയോ വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല. അത്രമാത്രം അത് ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നു. ’’ സച്ചിന്‍ ഇതുപറയുമ്പോള്‍ സദസ് ശ്വാസമടക്കി കേട്ടിരുന്നു.

‘ഇത് നമ്മുടെ ട്രോഫി’

ഇത് എന്റെ മാത്രം ട്രോഫിയല്ല, നമ്മുടെയെല്ലാം ട്രോഫിയാണ്. ഇവിടെ ബെര്‍ലിനില്‍ നാം എല്ലാം ഒത്തുകൂടിയിരിക്കുന്നത് സ്പോര്‍ട്സിന്‍റെ പേരിലാണ്. നിങ്ങളോടെല്ലാം നന്ദിയുണ്ട്. കാരണം വ്യത്യസ്ത സ്പോര്‍ട്സ് ഇനങ്ങളില്‍ നിങ്ങള്‍ കുട്ടികളെയും യുവാക്കളെയും പ്രചോദിപ്പിക്കുന്നു. ഒപ്പം അവര്‍ക്ക് ഇഷ്ടമുള്ള കായികഇനം തിരഞ്ഞെടുക്കാന്‍ പ്രചോദനം നല്‍കുന്നു. ഒപ്പം അവരെ സ്വപ്നങ്ങള്‍ കാണുവാന്‍ പ്രാപ്തരാക്കുന്നു. ഇത് വലിയകാര്യമാണ്. അതിനാല്‍ നമുക്ക് ഒരുമിച്ച് മുന്നേറാമെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ആഹ്വാനം ചെയ്തപ്പോള്‍ ബെര്‍ലിനിലെ സമ്മേളനഹാളില്‍ നിറഞ്ഞകയ്യടി.

MORE IN SPORTS
SHOW MORE
Loading...
Loading...