ലോകറെക്കോര്‍ഡിട്ട് ഉസൈന്‍ ബോള്‍ട്ട് ഓടിയെത്തിയതിലും കുറഞ്ഞ സമയംകൊണ്ട് 100 മീറ്റര്‍ മറികടന്ന് കര്‍ണാടകയിലെ കാളയോട്ട മല്‍സരക്കാരന്‍. ദക്ഷിണകന്നഡിയില്‍ നടന്ന കമ്പളമല്‍സരത്തിലാണ് ശ്രീനിവാസ ഗൗഡ ബോള്‍ട്ടിനെക്കാള്‍ വേഗത്തില്‍ ഓടിയത്.
സിന്തറ്റിക് ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ട് തീര്‍ത്ത മിന്നല്‍ വേഗത്തെയാണ് ചെളിക്കണ്ടത്തിലെ ട്രാക്കില്‍ ഈ കന്നഡക്കാരന്‍ പിന്നിലാക്കിയത്. മൂടബദ്രിയിലെ ചെളിട്രാക്കില്‍ നടന്ന മല്‍സരത്തില്‍ 28വയസുകാരന്‍ ശ്രീനിവാസ ഗൗഡ കന്നുകാലികളെ തെളിച്ച് ഓടിത്തീര്‍ത്തത് 142.5മീറ്റര്‍. ഇതിനെടുത്ത സമയം 13.62 സെക്കന്‍ഡ്. ഈ ഓട്ടത്തെ നൂറുമീറ്ററാക്കി ചുരുക്കി, സമയം കണക്കാക്കുമ്പോള്‍ 9.55 സെക്കന്‍ഡാണ്. നൂറുമീറ്ററില്‍ ബോള്‍ട്ടിന്റെ ലോകറെക്കോര്‍ഡ് 9.58സെക്കന്‍ഡ്.
ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് തീര്‍ത്ത റെക്കോര്‍ഡുകള്‍ക്ക് ഒപ്പമോ പകരമോ അല്ല ഈ ഓട്ടം. പക്ഷേ ചെളിനിറഞ്ഞ ട്രാക്കില്‍ കന്നുകാലികള്‍ക്കൊപ്പം ഓടി ബോള്‍ട്ടിനെ പിന്നിലാക്കിയെന്ന അവിശ്വസനീയത ബാക്കിയാകുന്നു.