സഹോദരിയുടെ വേർപാടിൽ ഉള്ളു നീറി; ‌ബംഗ്ലാ ജയത്തിനു പിന്നിലെ നോവ്

akbar-ali
SHARE

അക്ബര്‍ അലി.. ബംഗ്ലദേശിന്റെ ചരിത്ര നായകന്‍. ക്രിക്കറ്റ് നിരീക്ഷകര്‍ കിരീടധാരണത്തിന് വിദൂര സാധ്യതപോലും കല്‍പ്പിക്കാതിരുന്നൊരു ടീമിനെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ചാംപ്യന്‍മാരാക്കിയ നായകന്‍.. അതും ഫൈനലില്‍ സൂപ്പര്‍ ഹീറോസുള്ള.. ഏറ്റവും കരുത്തരായ ആരാധകപ്പടയുള്ള ഇന്ത്യയെ തോല്‍പ്പിച്ച്.. 

ഫൈനലില്‍ അസാമാന്യക്ഷമയോടെ കളിച്ച് രാജ്യത്തിന് ലോകകിരീടം  സമ്മാനിക്കുമ്പോള്‍ അക്ബര്‍ ഓര്‍ത്തിരിക്കുക ദിവസങ്ങള്‍ക്കുമുന്‍പ് തന്നെ വിട്ടുപോയ പ്രിയ സഹോദരിയെയായിരിക്കും..  

ജനുവരി 22–നാണ് അക്ബറിന്റെ മൂത്തസഹോദരി ഖദീജ ഖാത്തൂന്‍ പ്രസവത്തിനിെട മരിച്ചത്. ക്രീസില്‍ വിജയങ്ങള്‍ കീഴടക്കാന്‍ അക്ബറിന് ഊര്‍ജമായിരുന്നത് ഖദീജയായിരുന്നു. മരിക്കുന്നതിന് നാലുദിവസം മുന്‍പ് പോലും ലോകകപ്പില്‍ അക്ബറിന്റെ കീഴില്‍ ബംഗ്ലദേശ് വിജയിക്കുന്നത്  കണ്ട് ഖദീജ ഏറെ സന്തോഷിച്ചിരുന്നു.  അക്ബര്‍ തളരാതിരിക്കാന്‍ ഖദീജയുടെ മരണവിവരം അറിയിച്ചില്ല. അക്ബറിനോട് ഇക്കാര്യം സംസാരിക്കാന്‍ ആര്‍ക്കും ധൈര്യവുമുണ്ടായിരുന്നില്ല. രണ്ടുദിവസത്തിന് ശേഷമാണ് സഹോദരി ഇനിയില്ലെന്ന സത്യം അവന്‍ അറിഞ്ഞത്. 

അന്ന് അവന്‍ തളര്‍ന്നുപോകുമെന്ന് ചുറ്റുമുള്ളവരെല്ലാം കരുതി. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ച് ആ പതിനെട്ടുവയസുകാരന്‍  അതിജീവിച്ചു. മുന്‍പത്തേക്കാള്‍ വാശിയോടെ പൊരുതിയ അക്ബര്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ ടീമിനെ ഫൈനലിലേക്ക് നയിച്ചു. 

ഫൈനലില്‍, ജീവതത്തിലെ ഏറ്റവും തിളക്കമുള്ളൊരു ഇന്നിങ്സ് കളിക്കുമ്പോള്‍ സ്വപ്നങ്ങള്‍ക്ക് കരുത്തായി കൂടെ നിന്നവള്‍ ഇനിയില്ലെന്ന ദുഖം അവന്‍ നെഞ്ചിലൊതുക്കി. കൂടപ്പിറപ്പിന് ഇനി  നല്‍കാനാകുന്ന ഏറ്റവും വലിയ സമ്മാനവും ലോകകിരീടമാണെന്ന തിരിച്ചറിവാണ്  തോല്‍വിയുറപ്പിച്ചിടത്ത് നിന്ന് അസാമാന്യ ധീരതയോടെ പൊരുതി ലോകത്തിന്റെ നെറുകയിലെത്താന്‍ ഊര്‍ജമായത്... പുരുഷ ക്രിക്കറ്റില്‍ ഒരു ഐസിസി കിരീടമെന്ന രാജ്യത്തിന്റെ ചിരകാലഅഭിലാഷം കൂടിയാണ് പൊച്ചഫ്സ്ട്രൂമില്‍ അക്ബര്‍ അലിയൂടെ പൂവണിഞ്ഞത്.. 

കൃത്യമായ തന്ത്രങ്ങള്‍ ആവിഷ്കരിച്ചാണ് അക്ബര്‍ ഇന്ത്യയെ  വീഴ്ത്തിയത്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്തത് മുതല്‍ ഇന്ത്യയുെട എക്സ് ഫാക്ടര്‍ യശസ്വി ജയ്സ്വാളിനെ വീഴ്ത്താന്‍ ഷോറിഫുളിന് പന്തേല്‍പ്പിച്ചത് വരെ ഉദാഹരണം. ഇത്ര വലിയ ദുഖം മറികടന്ന് ഇത്രവലിയ നേട്ടം സ്വന്തമാക്കിയ അക്ബര്‍ അലി ഇതിലും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

MORE IN SPORTS
SHOW MORE
Loading...
Loading...