നിർണായക ക്യാച്ചുകൾ കൈവിട്ടു; പരമ്പരയും; ഫീൽഡിങിൽ പിഴയ്ക്കുന്ന ഇന്ത്യ

chahal-08
SHARE

നിർണായക ക്യാച്ചുകൾ കളഞ്ഞുകുളിക്കുന്ന ശാപം ഇന്ത്യയെ ഉടനെങ്ങും ഒഴിയില്ലേ എന്ന ആശങ്കയാണ് കളി പ്രേമികളിൽ. കിവീസിനെതിരായ മത്സരത്തിലെ തോൽവിയോടെ ഫീൽഡിങിലെ പാകപ്പിഴകൾ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. 

ആദ്യ ഏകദിനത്തിൽ കൂറ്റൻ റൺസടിച്ച് കൂട്ടിയിട്ടും  ഫീൽഡിലെ പോരായ്മകൾ തെളിഞ്ഞു നിന്നു. 10 ൽ നിൽക്കുമ്പോൾ റോസ് ടെയ്​ലറിനെ കൈവിട്ടു കളഞ്ഞതിന് ഇന്ത്യ കൊടുക്കേണ്ടി വന്ന വില വലിയതായിരുന്നു. കുൽദീപ് യാദവിന്റെ കൈയിൽ നിന്ന് വഴുതിപ്പോയ ടെയ്​ലർ ഒരറ്റത്ത് നിന്ന് 107 റൺസാണ് അടിച്ചു കൂട്ടിയത്.  ഇന്ത്യ തീർത്ത കൂറ്റൻ സ്കോർ ചെയ്സ് ചെയ്യാൻ ടെയ്​ലർ തീരുമാനിച്ചപ്പോൾ വിജയം കിവികളുടെ വഴിയേ പറന്നു.

 ഫീൽഡിങിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തെ കുറിച്ച് കോച്ച് ആർ ശ്രീധറിനും നിരാശയായിരുന്നു. ആ ക്യാച്ച് എടുക്കേണ്ടതായിരുന്നു. ഈ കളി പോരെന്നും അദ്ദേഹം രണ്ടാം ഏകദിനത്തിന് മുമ്പായി നടത്തിയ വാർത്താ സമ്മേളനത്തിൽ തുറന്ന് പറഞ്ഞിരുന്നു.

രണ്ടാം ഏകദിനത്തിൽ ചഹലാണ് ക്യാച്ച് ൈകവിട്ടത്. 14–ാം ഓവറിൽ നിക്കോൾസിനെ സുന്ദരമായി പുറത്താക്കാൻ കഴിയുമായിരുന്നിട്ടും ക്യാച്ച് കൈവിട്ടതോടെ കമന്ററി ബോക്സിലിരുന്ന സുനിൽ ഗവാസ്കറും പിടിവിട്ടു. ' പത്തിൽ 11 തവണയും ആ ക്യാച്ചെടുക്കണമായിരുന്നു. എങ്ങനെയും കൈപ്പിടിയിൽ ഒതുക്കേണ്ട പന്തായിരുന്നു അത്. അടിച്ചു തകർക്കാൻ സജ്ജരായി നിൽക്കുന്ന ബാറ്റ്സ്മാൻമാർക്ക് ഇങ്ങനെ അവസരം നൽകരുത്' എന്നായിരുന്നു ഗാവാസ്കറുടെ കമന്ററി. ഗവാസ്കറിനെ നിരാശപ്പെടുത്താതെ അടുത്ത ഓവറിൽ എൽബിയിൽ കുരുക്കി നിക്കോളിനെ ചഹൽ മടക്കി അയച്ചു.

ഗപ്ടിലിന്റെയും ടെയ്​ലറിന്റെയും അർധ സെഞ്ചുറികളിലാണ് ന്യൂസിലൻഡ് വിജയക്കുതിപ്പ് നടത്തിയത്. മികച്ച തുടക്കം ലഭിച്ചുവെങ്കിലും തുടരെ കിവീസ് വിക്കറ്റുകൾ നഷ്ടമാക്കുകയായിരുന്നു. കഴിഞ്ഞ കളിയിൽ പുറത്തെടുത്ത വീര്യമൊന്നും രണ്ടാം ഏകദിനത്തിൽ കിവീസിന് പുറത്തെടുക്കേണ്ടി വന്നില്ല. രണ്ടാമത്തെ ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ന്യൂസിലൻഡ് സ്വന്തമാക്കി.

MORE IN SPORTS
SHOW MORE
Loading...
Loading...