രാവിലെ ക്രിക്കറ്റ് പരിശീലനം; വൈകിട്ട് പാനി പൂരി വില്‍പന; യഷസ്വിയുടെ ജീവിതം

jeswal1
SHARE

അണ്ടര്‍ 19 ലോകകപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്ത യഷസ്വി ജയ്സ്വാള്‍. അറിയണം ആ ജീവിതം. ഒരു നേരത്തെ ഭക്ഷണത്തിനായി അവന്‍ പാനിപൂരി വിറ്റു, മുഴുവന്‍ സമയവും ജോലിചെയ്യാത്തതിന് പാല്‍ക്കടക്കാരന്‍ ഇറക്കിവിട്ടപ്പോള്‍ താമസിച്ചത് വെളിച്ചവും ശുചിമുറിയുമില്ലാത്ത ടെന്റില്‍. പതിനെട്ടുവര്‍ഷത്തിനിടെ യഷസ്വി ജയ്സ്വാള്‍ അനുഭവിച്ചത് പട്ടിണി, അവഗണന,പക്ഷെ ലക്ഷ്യത്തില്‍ നിന്ന് ഒരിക്കലും അവന്‍ വ്യതിചലിച്ചില്ല. അതുകൊണ്ട് അഴകളവുകള്‍ തീര്‍ത്ത് അവന്‍ ഷോട്ടുതിര്‍ക്കുമ്പോള്‍ ഗ്യാലറി ആര്‍ത്തുവിളിക്കുകയാണ്.

പട്ടിണിയില്‍ നിന്ന് പകിട്ടോടെ

ഉത്തര്‍പ്രദേശിലെ ഒരു സാധാരണകുടുംബത്തില്‍ ആറുമക്കളില്‍ നാലാമനായി ജനിച്ചു. സച്ചിന്‍ തെന്‍ഡുല്‍ക്കറും സൗരവ് ഗംഗുലിയും രാഹുല്‍ ദ്രാവിഡും വീരേന്ദര്‍ സേവാഗും തിളങ്ങിനിന്ന 2001 ഡിസംബറിലായിരുന്നു ഭൂപേന്ദ്രയുടെയും കാഞ്ചന്റെയും നാലാമത്തെ മകനായി യഷസ്വി പിറന്നത്. അച്ഛന്റെ ഇരുമ്പുകടയില്‍ നിന്നുള്ള വരുമാനത്തില്‍ ആശ്രയിച്ചുകഴിഞ്ഞ കുടുംബത്തിന് കുട്ടികളുടെ കാര്യങ്ങളില്‍ കാര്യമായ ശ്രദ്ധ ചെലുത്താനായില്ല. കുഞ്ഞുനാളിലെ ബാറ്റേന്തിയ യഷ്വസി ക്രിക്കറ്റ് പരിശീലനത്തിനായി വാശിപിടിച്ചു. അങ്ങനെ പത്താം വയസില്‍ മുംബൈയിലുള്ള അമ്മാവന്റെ വീട്ടിലെത്തി. എന്നാല്‍ അവിടെ നിന്ന് കിലോമീറ്ററുകള്‍ അകലെയായിരുന്നു ക്രിക്കറ്റ് പരിശീലന ഗ്രൗണ്ടായ ആസാദി മൈതാന്‍. അതുകൊണ്ട് അമ്മാവന്‍ ഏര്‍പ്പെടുത്തിക്കൊടുത്ത പാല്‍ക്കാരന്റെ കടയില്‍ കുഞ്ഞു യഷ്വസി പണിയും പരിശീലനവും താമസവുമായി കൂടി. എന്നാല്‍ ചെക്കന്റെ കളിഭ്രാന്ത് കടക്കാരന് പിടിച്ചില്ല. 

ഒരുദിവസം പരിശീലനം കഴിഞ്ഞുവരുമ്പോള്‍ കാണുന്നത് ബാഗ് പുറത്തെടുത്തിട്ടിരിക്കുന്നത്. എവിടേക്ക് പോകണമെന്ന് അറിയാതെ യഷ്വസി തിരികെ ഗ്രൗണ്ടിലെത്തി. അവിടെ പപ്പു എന്ന ഗ്രൗണ്ട്സ്്മാന്‍ യഷ്വസിയെ ഒരു ടെന്റിലാക്കി. വെളിച്ചവും ശുചിമുറിയുമില്ല, പക്ഷെ അവന്‍ സന്തോഷവാനായിരുന്നു, കാരണം മറ്റൊന്നുമല്ല, ക്രിക്കറ്റ് പരിശീലിക്കാനുള്ള സൗകര്യംതന്നെ. രാവിലെ പരിശീലനം, മല്‍സരങ്ങള്‍, വൈകിട്ട് പാനി പൂരി വില്‍പ്പന.ഇങ്ങനെ മൂന്ന് വര്‍ഷം പോയതറിഞ്ഞില്ല. 

 ജ്വാല സിങ് രക്ഷകനായി

2013ലാണ് മുംബൈ ഫസ്റ്റ് ഡിവിഷനിലെ പരിശീലകനായ ജ്വാല സിങ് കുഞ്ഞു യഷസ്വിയുടെ ഇടംകയ്യന്‍ ഷോട്ടുകളും ലെഗ്സ്പിന്‍ ബോളിങ്ങും കണ്ടത്. അങ്ങനെ പയ്യനെ ഒപ്പം കൂട്ടിയ ജ്വാല സിങ്ങ് പതിയെ പയ്യനെ മുംബൈ ലീഗിലെത്തിച്ചു. 2019ല്‍ വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ടസെഞ്ചുറി അടിച്ച് യഷസ്വി ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ജാര്‍ക്കണ്ടിനെതിരെ 154ല്‍ പന്തില്‍ നിന്ന് നേടിയത് 203റണ്‍സ്. സാങ്കേതിക മികവുള്ള യഷസ്വി സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടും. 

അധികം വൈകാതെ അണ്ടര്‍ 19 ദേശീയ ടീമിലെത്തി. ലോകകപ്പില്‍ കളിക്കുന്നതിനുമുമ്പേ തന്നെ പയ്യന്‍ ഐപിഎല്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 20ലക്ഷം അടിസ്ഥാനവിലയിലെത്തിയ ഈ ഇടംകയ്യന്‍ ഓപ്പണറെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് രണ്ടുകോടി നാല്‍പത് ലക്ഷം രൂപയ്ക്കാണ്. ഇപ്പോള്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഫൈനലിലെത്തിച്ചത് യഷസ്വിയുടെ ബാറ്റിങ്ങാണ്. 113 പന്തില്‍ നിന്ന് 105റണ്‍സെടുത്ത യഷസ്വി പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്കായി വിജയത്തിന്റെ അടിത്തറപാകി. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ അഞ്ചുമല്‍സരങ്ങളില്‍ നിന്ന് 312റണ്‍സ് അടിച്ച യഷസ്വി ആണ് ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇടംകയ്യന്മാരുടെ സ്വതസിദ്ധമായ സൗന്ദര്യമുള്ള ഷോട്ടുകളാണ് യഷസ്വിയുടെയും കൈമുതല്‍. നിശ്ചയദാര്‍ഡ്യം ഉണ്ടെങ്കില്‍ ഏത് പ്രതിസന്ധിയും മറികടക്കാമെന്ന് തെളിയിച്ച യഷസ്വി ഭാവിയില്‍ ടീം ഇന്ത്യയുടെ യശസ് ഉയര്‍ത്തുമെന്നതില്‍ സംശയമില്ല.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...