ഒരേ ഒരു ഹിറ്റ്മാന്‍... ‘രോഹിത് ശര്‍മ’ സൂപ്പര്‍ ജയമൊരുക്കിയ സിക്സര്‍ കിങ്

rohit-sharma-hit-man-india
SHARE

പയ്യെത്തുടങ്ങി കൊട്ടിക്കയറുന്ന ഇലഞ്ഞിത്തറമേളം പോലെയാണ്  രോഹിത് ശര്‍മ. ചിലപ്പോള്‍ അത് നമ്മെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കും. ചിലപ്പോള്‍ എന്തേ കൊട്ടിക്കയറാനിത്ര വൈകുന്നതെന്ന് തോന്നും. ചിലപ്പോള്‍ പെട്ടെന്ന് തീര്‍ന്നുപോയതായും തോന്നലുണ്ടാക്കും.

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ച സൂപ്പര്‍ ഓവറിലെ ഹിറ്റ്മാന്റെ ബാറ്റിങ് ആവേശത്തിന്റെ എല്ലാ ഭാവങ്ങളും നിറഞ്ഞതായിരുന്നു. ബൗണ്ടറി കണ്ടെത്താന്‍ വിഷമിച്ച ആദ്യ രണ്ടുപന്തുകള്‍ കണ്ട് ക്ഷമ നശിച്ചു. അഞ്ചാം പന്തിലെ കൂറ്റന്‍ സിക്സ് കണ്ട് കോരിത്തരിച്ചു. ആറാം പന്തിലെ സിക്സര്‍ കണ്ട് ഒരോവര്‍ കൂടിയുണ്ടായിരുന്നെങ്കിലെന്ന് വെറുതേ ആശിച്ചു പോയി.....

സൂപ്പര്‍ ഓവറിലും സ്വന്തം ശൈലി

പയ്യെത്തുടങ്ങി പൊട്ടിത്തെറിക്കുന്നതാണ് രോഹിതിന്റെ ശൈലി. അതിപ്പോള്‍ ഏകദിനമായാലും ട്വന്റി ട്വന്റി ആയാലും ശരി. സൂപ്പര്‍ ഓവറിലും തന്റെ ശൈലി വിട്ടൊരു കളിയില്ലെന്ന് ഹിറ്റ്മാന്‍ തെളിയിച്ചു. നേരിട്ട ആദ്യ രണ്ടുപന്തുകളില്‍ നിന്ന് മൂന്ന് റണ്‍സ്. പിന്നെ രണ്ട്  പന്തുകളില്‍ നിന്ന് 12 റണ്‍സ്.  വന്നുവന്ന് ഇപ്പോള്‍ സീരീസുകളിലും തനത് ശൈലി പിന്തുടരുകയാണ് രോഹിത്. ആദ്യ മല്‍സരങ്ങളില്‍ മങ്ങിക്കളിച്ച് നിര്‍ണായക മല്‍സരങ്ങളില്‍ വന്‍ ഇന്നിങ്സുകള്‍ എന്ന രീതിയിലേക്ക് മാറി രോഹിത്. 

നാട്ടില്‍ ഓസിസിനെതിരെ ആദ്യ മല്‍സരത്തില്‍ പത്തിനും രണ്ടാം മല്‍സരത്തില്‍ 42നും പുറത്തായി ശര്‍മ പരമ്പര നിര്‍ണയിച്ച മൂന്നാം മല്‍സരത്തില്‍ 119 റണ്‍സോടെ മാന്‍ ഓഫ് ദ് മാച്ചായി. തൊട്ടുമുമ്പ് വിന്‍ഡീസിനെതിരെ ആദ്യ കളിയില്‍ 36, തൊട്ടടുത്ത മല്‍സരത്തില്‍ സെഞ്ചുറി, അവസാന മല്‍സരത്തില്‍ ഫിഫ്റ്റി, ഒപ്പം പരമ്പരയിലെ താരവും.

പയ്യെത്തുടങ്ങി കത്തിക്കയറുന്ന രോഹിതിസം നമ്മള്‍ കഴിഞ്ഞ പരമ്പരകളില്‍ കണ്ടുതുടങ്ങിയതല്ല. മുംബൈ കപ്പടിച്ച കഴിഞ്ഞ ഐപിഎല്ലില്‍ ബാറ്റിങില്‍ നിറം മങ്ങിയാണ് രോഹിത് ലോകകപ്പിന് പറന്നത്. ലോകകപ്പിലെ രോഹിതിന്റെ ബാറ്റിങ് കണ്ടിട്ട് ഞാനുള്‍പ്പടെ കടുത്ത രോഹിത് ഫാന്‍സ് പോലും കണ്ണുതള്ളിയിരിപ്പായിരുന്നു. എന്തൊരിന്നിങ്സായിരുന്നു അവയൊക്കെ... 

കരച്ചില്‍....ചിരി...പൊട്ടിച്ചിരി

ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോയ് തോറ്റ് പൊട്ടിക്കരയുന്ന രോഹിതിനെ പെട്ടെന്ന് മറക്കാനാകില്ല. നന്നായി കളിച്ചിട്ടും നിര്‍ണായക മല്‍സരത്തില്‍ കാലിടറിയ രോഹിതിന്റെ കരച്ചില്‍ ഇന്നും ആരാധാകരുടെ നെഞ്ചിലുണ്ട്. ഗ്രേറ്റ് കിവി ചലഞ്ചിനായി ടീം ഇന്ത്യ പറന്നപ്പോള്‍ പല പ്രിവ്യൂ സ്റ്റോറിയിലും രോഹിതിനെ പറ്റി പറഞ്ഞിരുന്നു.

തന്നെ കരയിപ്പിച്ച കിവീസിനെ കരയിക്കാനാകുമോ എന്ന തരത്തില്‍ വരെ ചര്‍ച്ചകള്‍ നടന്നു. ആദ്യ മല്‍സരങ്ങളില്‍ ഫോം കണ്ടെത്താനാകാതെ വന്നപ്പോള്‍ ഞങ്ങള്‍ ഫാന്‍സ് ഒന്ന് പേടിച്ചെങ്കിലും അവസരോഹിതിമായി ഫോമിലെത്തി ഹിറ്റ്മാന്റെ നേതൃത്വത്തില്‍ ന്യൂസിലന്‍ഡിലെ ആദ്യ കപ്പിങ്ങെടുത്തു.

ലക്ഷ്യം ട്വന്റി ട്വന്റി ലോകകപ്പ്

വലിയ ആത്മവിശ്വാസമാണ് ഈ ജയത്തോടെ ടീം ഇന്ത്യക്ക് സ്വന്തമായിരിക്കുന്നത്. ഓപ്പണിങ്ങില്‍ ധവാന്റെ അഭാവത്തിലും തകര്‍ക്കുന്ന രാഹുല്‍ രോഹിത് സഖ്യം. പിന്നാലെ കോലി. തലവേദനയായ നാലാം നമ്പറില്‍ ശ്രയസ് അയ്യര്‍.

രാഹുല്‍ കീപ്പറായാല്‍ ഒരു ബാറ്റ്സ്മാന്‍ ടീം ഇന്ത്യക്ക് അധകമായെത്തും.പരുക്ക് മാറി ഹര്‍ദിക് പാണ്ഡ്യും ഭുവനേശ്വര്‍ കുമാറുമൊക്കെയെത്തുന്നതോടെ ഈ ടീമിനെ പിടിച്ചാല്‍ കിട്ടില്ലെന്ന് വേണമെങ്കില്‍ പറയാം.. കാത്തിരിക്കാം കുട്ടി ലോകകപ്പിനായി.

MORE IN SPORTS
SHOW MORE
Loading...
Loading...