കിരീടത്തിൽ മുത്തമിട്ട് സാനിയ; ഇതിലും വലിയ തിരിച്ചുവരവ് സ്വപ്നങ്ങളിൽ

sania-18
SHARE

എന്തൊരുതിരിച്ചുവരവ്! ഇതിലും വലിയ തിരിച്ചുവരവ് സ്വപ്നങ്ങളില്‍ മാത്രം. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അതും അമ്മയായശേഷം തിരികെ ടെന്നിസ് കോര്‍ട്ടിലെത്തിയ സാനിയ മിര്‍സ പങ്കെടുത്ത ആദ്യ ടൂര്‍ണമെന്റില്‍ തന്നെ കിരീടത്തില്‍ ചുംബിച്ചു. ഹൊബാര്‍ട്ട് ഇന്റര്‍ നാഷ്ണല്‍ ടെന്നിസ് ഡബിള്‍സില്‍ സീഡ് ചെയ്യപ്പെടാത്ത ജോഡിയായിരുന്നു സാനിയ മിര്‍സ–നാദിയ കിച്ചെനോക്ക് സഖ്യം. യുക്രെയിന്‍ താരത്തെ കൂട്ടുപിടിച്ച് സാനിയ നടത്തിയ നീക്കങ്ങള്‍ ഗംഭീരമായിരുന്നു.

ഫൈനലില്‍ രണ്ടാം സീഡിനെയാണ് ഈ സഖ്യം തകര്‍ത്തത്. ചൈനയുടെ ഷ്വായ് ഴാങ്–ഷ്വായ് പെങ് സഖ്യത്തെ തോല്‍പിച്ചത് നേരിട്ടുള്ള സെറ്റുകള്‍ക്ക്. ഫൈനിലിലെ വിജയം ആധികാരികമായിരുന്നു. മികച്ച സര്‍വുകളും റിട്ടേണുകളുമായി സാനിയ സഖ്യം കളം നിറഞ്ഞപ്പോള്‍ മല്‍സരത്തില്‍ ഒരു ഡബിള്‍ ഫോള്‍ട്ട് പോലും വരുത്തിയില്ല.  6–4, 6–4 എന്ന സ്കോറിന് എതിരാളികളെ തകര്‍ത്ത് നേടിയ കീരീടം സാനിയയ്ക്കുമാത്രമല്ല, ഇന്ത്യയ്ക്കും പ്രതീക്ഷ നല്‍കുന്നു. കാരണം ഇത് ഒളിംപിക്സ് വര്‍ഷമാണ്. ജപ്പാനില്‍ നടക്കുന്ന ഒളിംപിക്സില്‍ സാനിയയില്‍ നിന്ന് ഒരു മെഡ‍ല്‍ രാജ്യം പ്രതീക്ഷിക്കുന്നുണ്ട്.

തടി കുറച്ചു, കഠിനമായ പരിശീലനം

2017ല്‍ പരുക്കിനെ തുടര്‍ന്ന് കളം വിട്ട സാനിയ അധികം വൈകാതെ ഗര്‍ഭിണിയായി. അതോടെ ടെന്നിസ് താരത്തിന്റെ ജീവിതചര്യ ആകെമാറി. ഭക്ഷണരീതികളും ഉറക്കവും കൂടിയതോടെ ശരീരത്തിന്റെ ഫിറ്റ്നസിലും ബോഡി ഷെയ്പിലും എല്ലാം മാറ്റങ്ങള്‍ വന്നു. ടെന്നിസില്‍ നിറഞ്ഞുനിന്നപ്പോള്‍ കഴിക്കാന്‍ പറ്റാതെയിരുന്നതെല്ലാം കഴിച്ച സാനിയയുടെ തടിയും കൂടി. എന്നാല്‍ ഇതെല്ലാം ആസ്വദിച്ച സാനിയ കുഞ്ഞുപിറന്നതോടെ അതിന്റെ ലഹരിയിലായി.പിന്നെല്ലാം മകന്‍ ഇഷാനെ ചുറ്റിപ്പറ്റിയായി.

ആറുമാസങ്ങള്‍ പിന്നിട്ടതോടെ പതിയെ മകനൊപ്പം ജിമ്മില്‍ വര്‍ക്കൗട്ട് തുടങ്ങി. ഭക്ഷണക്രമം വീണ്ടും മാറ്റി. പതിയെ പതിയെ ശരീരം ഫിറ്റ്നസിലേക്ക് എത്തിയതോടെ സാനിയ ടെന്നിസ് കോര്‍ട്ടില്‍ പരിശീലനത്തിന് ഇറങ്ങി. സാനിയ വീണ്ടും പഴയ സാനിയിേലക്ക്. ടെന്നിസ് കോര്‍ട്ടില്‍ പരിശീലനം തുടങ്ങിയതോടെ മല്‍സരത്തിനുള്ള ഫിറ്റ്നസും നേടിയ സാനിയ ടൂര്‍ണമെന്റുകളിലേക്ക് ശ്രദ്ധതിരിച്ചു, അങ്ങനെ ഹൊബാര്‍ട്ട് ഇന്‍റര്‍ നാഷനല്‍ ടെന്നിസിന്റെ ഡബിള്‍സ് മല്‍സരത്തിന് ഇറങ്ങി. പിന്നീടെല്ലാം ചരിത്രം.

തന്റെ പരിമിതികളെ എന്നും തിരിച്ചറിഞ്ഞിട്ടുള്ള താരമാണ് സാനിയ. കൈക്കുഴക്ക് പരുക്കേറ്റതോടെ സിംഗിള്‍സില്‍ നിന്ന് പിന്മാറി. 27ാം റാങ്കുവരെ ലോക ടെന്നിസിലെത്തി. ഡബിള്‍സിലേക്ക് ഫോക്ക്സ് തിരിച്ച സാനിയ ലോക ഒന്നാം നമ്പര്‍താരമായി. ബേസ് ലൈന്‍ കേന്ദ്രീകരിച്ചു കളിക്കുന്ന സാനിയയുടെ കാലുകളുടെ വേഗം ഒരിക്കലും ഒരു ടെന്നിസ് താരത്തിന് വേണ്ടത്രയുള്ളതല്ല. എന്നിട്ടും റിട്ടേണുകളിലും ഫോര്‍ഹാന്‍ഡ് ഷോട്ടിലും കരുത്തുകാട്ടി സാനിയ മുന്നേറി. ഒപ്പം അസാധ്യമായ ആംഗിളുകളില്‍ ഷോട്ടുതിര്‍ക്കുന്നതും സാനിയയെ മറ്റുതാരങ്ങളില്‍ നിന്ന് വ്യത്യസ്തയാക്കി.

ഇനിയെന്ത്?

33കാരിയായ സാനിയ ഇതിനകം ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലുമായി ആറു ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയിട്ടുണ്ട്. 41 ഡബ്ല്യുടിഎ കിരീടങ്ങളും നേടി. 2016ലെ ഓസ്ട്രേലിയയന്‍ ഓപ്പണ്‍ ആണ് അവസാനം നേടിയ ഗ്രാന്‍ഡ്സ്ലാം കിരീടം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സാനിയ മിര്‍സ, രോഹന്‍ ബൊപ്പണ്ണയ്ക്കൊപ്പം ഓസ്ട്രേലിയന്‍ ഓപ്പണില്‍ മല്‍സരിക്കാനിറങ്ങും. പിന്നെ ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ എന്നീ ഗ്രാന്‍ഡ്സ്ലാമുകളും മറ്റനവധി ടൂര്‍ണമെന്റുകളും ഒപ്പം  ഈ വര്‍ഷം നടക്കുന്ന ഒളിംപിക്സുമുണ്ട്. ഇന്ത്യ വീണ്ടും ഒരു ഒളിംപിക്സ് മെഡ‍ല്‍ സാനിയയിലൂടെ പ്രതീക്ഷിക്കുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...