ധോണി പരിശീലനം തുടങ്ങി, ട്വന്റി 20 ലോകകപ്പ് കളിക്കുമോ? സൂപ്പര്‍ കിങ്സിനെ ചാംപ്യനാക്കുമോ?

ms-dhoni
SHARE

ധോണിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ഇനി അറിയേണ്ടത് ഐപിഎല്ലില്‍ ധോണിയുടെ പ്രകടനം എങ്ങനെയായിരിക്കും, പിന്നാലെ ഈവര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ടീമില്‍ എത്തുമോ, എന്നതാണ്. എന്തായാലും ജാര്‍ഖണ്ഡ് ടീമിനൊപ്പം ധോണി പരിശീലനം തുടങ്ങി. 

ട്വന്റി 20 ലോകകപ്പില്‍ കളിക്കുമോ?

പരമ്പരകളില്‍ നിന്ന് സ്വയം വിട്ടുനിന്ന ധോണിയെ ട്വന്റി 20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുമോ എന്നാണ് അറിയേണ്ടത്. മാര്‍ച്ച് 29ന് തുടങ്ങുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി ധോണി മികവ് തെളിയിച്ചിട്ടുവേണം ടീമിലെത്താന്‍. ഇക്കാര്യം സിലക്ടര്‍മാരും സൂചന നല്‍കിയിട്ടുണ്ട്. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും ധോണിയെ ടീമിലേക്ക് പരിഗണിക്കുകയെന്നാണ് മുഖ്യസിലക്ടര്‍ എംഎസ്കെ പ്രസാദ് പറഞ്ഞത്. 2019 ഫെബ്രുവരിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ ആണ് ധോണി അവസാനമായി ഒരു ട്വന്റി 20 മല്‍സരം കളിച്ചത്.  സൂപ്പര്‍കിങ്സിനെ പലകുറി ചാംപ്യന്മാരാക്കിയ ധോണി ഇക്കുറിയും ആ മാജിക് തുടരുമെന്നാണ് ആരാധക പ്രതീക്ഷ. ഐപിഎല്ലില്‍ വ്യക്തിഗത മികവിനൊപ്പം നായകനെന്ന നിലയിലും തിളങ്ങി ധോണി ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. ഐപിഎല്ലിനുശേഷമേ രാജ്യാന്തര ക്രിക്കറ്റില്‍ ധോണി കളിക്കൂവെന്ന് ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിയും പറയുന്നു. ഐപിഎല്ലില്‍ തിളങ്ങിയാലും ധോണി ഇനി ടീം ഇന്ത്യയുടെ നീല ജേഴ്സി അണിയില്ലെന്നാണ് ഹര്‍ഭജന്‍ സിങ് പറയുന്നത്. 

ആര്‍ക്കും പിടികൊടുക്കാത്ത ധോണി

മറ്റുള്ളവര്‍ക്ക് ഒരുതരത്തിലും പിടികൊടുക്കാത്ത താരമാണ് ധോണി. ജാര്‍ഖണ്ഡിന്റെ ര‍ഞ്ജി ടീമിനൊപ്പം ധോണി പരിശീലിക്കാന്‍ എത്തുന്ന വിവരം ടീം മാനേജ്മെന്റ് അറിഞ്ഞത് ധോണി ഗ്രൗണ്ടിലെത്തിയപ്പോഴാണ്. ടീമിനൊപ്പം ഏറെസമയം പരിശീലനം നടത്തിയശേഷം ഭാവിയെപ്പറ്റി ഒന്നും പറായാതെ ധോണി മടങ്ങി.  2019ലെ ഏകദിന ലോകകപ്പിന് ശേഷം നാട്ടിലെത്തിയ ധോണി തന്നെയാണ് രണ്ടുമാസത്തേക്ക് അവധി ചോദിച്ചതും, ടീം സിലക്ഷന് പരിഗണിക്കേണ്ടപ്പോള്‍ പറയാമെന്ന്  അറിയിച്ചതും. 

അങ്ങനെ വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലദേശ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകള്‍ക്കെതിരായ പരമ്പരയില്‍ നിന്ന് ധോണി സ്വയം വിട്ടുനിന്നു. ആറുമാസം മല്‍സരക്രിക്കറ്റില്‍ ഇല്ലാതിരുന്നതിനാലാണ് ധോണിയെ ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കിയത്. ക്രിക്കറ്റിലേക്കുള്ള വരവ് പോലെ പോക്കും അപ്രതീക്ഷിതമായിരിക്കാം. ടെസ്റ്റ് ക്രിക്കറ്റിലെ വിരമിക്കല്‍ പ്രഖ്യാപനം അത്തരത്തിലൊന്നായിരുന്നു. എന്തൊക്കെയാണെങ്കിലും ക്യാപ്റ്റന്‍ കൂളിന്റെ ഭാവവും പ്രകടനവും ഓർമയുടെ ക്രീസിൽ എക്കാലവും തിളങ്ങി നില്‍ക്കും.

 ധോണിയുടെ കരിയറിലെ ഈ മന്ദത ഏത് ക്രിക്കറ്റ് താരത്തിന്റെയും കരിയറിന്റെ അവസാനഭാഗത്ത് കാണുന്നതാണ്. 2013മുതല്‍ ധോണിയുടെ ബാറ്റിങ്ങ് നിലവാരം താഴുവാന്‍ തുടങ്ങിയതാണ്. 2013ല്‍ ശരാശരി 54.71 ആയിരുന്നു. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ അത് 64.41ല്‍ എത്തി. 2015ല്‍ ശരാശരി വീണ്ടും താഴ്ന്ന് 41.56ല്‍ എത്തി. 2016ലും 2017ലും കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടായില്ല. 2018ല്‍ കളിച്ച പതിമൂന്ന് ഇന്നിങ്സില്‍ നിന്ന് നേടിയത് 275റണ്‍സ് മാത്രമാണ്.

MORE IN SPORTS
SHOW MORE
Loading...
Loading...