വിൻഡീസിന് ജയിക്കാൻ 3 പന്തിൽ 5 റൺസ്, 3 വിക്കറ്റ് ബാക്കി; ഐറിഷ് അട്ടിമറി!

team-ireland-1
SHARE

ട്വന്റി20യിലെ കൂറ്റനടിക്കാര്‍ തിങ്ങിനിറഞ്ഞ നിലവിലെ ലോക ചാംപ്യൻമാരെ തോൽപ്പിക്കുക, അതും അവരുടെ തട്ടകത്തിൽ. കരുത്തുറ്റ ടീമുകൾക്കുപോലും അത്രയെളുപ്പം സാധിക്കാത്ത അത്തരമൊരു വിജയം സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ക്രിക്കറ്റ് കളത്തിൽ താരതമ്യേന കുഞ്ഞൻമാരായ അയർലൻഡ് ടീം. ആവേശം വാനോളമുയർന്ന ട്വന്റി20 പോരാട്ടത്തിൽ കരുത്തരായ വെസ്റ്റിൻഡീസിനെയാണ് ഐറിഷ് പട അട്ടിമറിച്ചത്. നാലു റൺസിനാണ് അയർലൻഡിന്റെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അയർലൻഡ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്. വിൻഡീസിന്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 204 റൺസിൽ അവസാനിച്ചു. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ അയർലൻഡ് 1–0ന് മുന്നിലെത്തി. ഏകദിന പരമ്പര 3–0ന് തൂത്തുവാരിയ ആതിഥേയ ടീമിനോടുള്ള മധുരപ്രതികാരവുമായി അവർക്കിത്.

അയർലൻഡ് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് അവസാന ഓവർ വരെ വിജയസാധ്യതയുണ്ടായിരുന്നു. കൃത്യമായ ഇടവേളകളിൽ സിക്സറുകൾ കണ്ടെത്തിയ വിൻഡീസ് താരങ്ങൾ വിജയലക്ഷ്യം എപ്പോഴും തങ്ങളുടെ കയ്യകലെത്തന്നെ സൂക്ഷിച്ചതുമാണ്. അവസാന മൂന്ന് ഓവറിൽ വിൻഡീസിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 43 റൺസായിരുന്നു. ക്രീസിൽ റുഥർഫോർഡും നിക്കോളാസ് പുരാനും. ഗാരി മക്കാർത്തി ബോൾ ചെയ്ത 18–ാം ഓവറിൽ ഇരുവരും ചേർന്ന് കളി തിരിച്ചു. മൂന്നു സിക്സും രണ്ടു ഫോറും സഹിതം ഈ ഓവറിൽ പിറന്നത് 27 റൺസ്. ഇതോടെ അവസാന രണ്ട് ഓവറിൽ വിൻഡീസിന് വിജയത്തിലേക്കുള്ള അകലം വെറും 16 റൺസായി കുറഞ്ഞു. ക്രെയ്ഗ് യങ് എറിഞ്ഞ 19–ാം ഓവർ വീണ്ടും കളിതിരിച്ചു. രണ്ടാം പന്തിൽ പുരാൻ പുറത്ത്. സമ്പാദ്യം 23 പന്തിൽ 26 റൺസ്. പകരമെത്തിയ ബ്രാവോയ്ക്ക് പന്തുകൾ കണക്ട് ചെയ്യാനാകാതെ പോയതോടെ ആ ഓവറിൽ പിറന്നത് മൂന്നു റൺസ് മാത്രം. ഇതോടെ വിൻഡീസിന്റെ വിജയലക്ഷ്യം അവസാന ഓവറിൽ 13 റൺസായി.

ജോഷ്വാ ലിറ്റിൽ ബോൾ ചെയ്ത അവസാന ഓവറിന്റെ ആദ്യ പന്തിൽ റുഥർഫോർഡും മടങ്ങി. 13 പന്തിൽ 26 റൺസെടുത്തു മടങ്ങിയ റുഥർഫോർഡിനു പകരമെത്തിയത് ഹെയ്ഡൻ വാൽഷ്. രണ്ടാം പന്ത് സിക്സറിനു പറത്തിയ ബ്രാവോ സമ്മർദ്ദം കുറച്ചു. അടുത്ത പന്തിൽ ഡബിൾ. ഇതോടെ വിജയലക്ഷ്യം മൂന്നു പന്തിൽ അഞ്ചു റൺസായി കുറഞ്ഞു. എന്നാൽ പിന്നീട് നടന്നത് വിസ്മയിപ്പിക്കുന്ന സംഭവങ്ങൾ. നാലാം പന്തിൽ ബ്രാവോയ്ക്ക് റൺ നേടാനായില്ല. സമ്മർദ്ദമേറിയതോടെ അഞ്ചാം പന്തിൽ ബ്രാവോ പുറത്ത്. ജോഷ്വാ ലിറ്റിലിന്റെ അവസാന പന്ത് കിടിലനൊരു യോർക്കറിന്റെ രൂപത്തിലെത്തിയതോടെ ഹെയ്ഡൻ വാൽഷ് നിസഹായനായി. അയർലൻഡിന് നാലു റൺസിന്റെ തകർപ്പൻ ജയം.

29 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിത.ം 53 റൺസെടുത്ത എവിൻ ലൂയിസാണ് വിൻഡീസിന്റെ ടോപ് സ്കോറർ. ലെൻഡ്‌ൽ സിമ്മൺസ് (14 പന്തിൽ 22), ഷിമ്രോൺ ഹെറ്റ്മയർ (18 പന്തിൽ 28), ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് (15 പന്തിൽ 31) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. അയർലൻഡിനായി ജോഷ്വ ലിറ്റിൽ നാല് ഓവറിൽ 29 റൺസ് വഴങ്ങി മൂന്നും ക്രെയ്ഗ് യങ് നാല് ഓവറിൽ 31 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി.

നേരത്തെ, തകർത്തടിച്ച് ട്വന്റി20 കരിയറിലെ ഉയർന്ന സ്കോർ കണ്ടെത്തിയ ഓപ്പണർ പോൾ സ്റ്റിർലിങ്ങിന്റെ പ്രകടനമാണ് അയർലൻഡിന് തകർപ്പൻ വിജയം സമ്മാനിച്ചത്. 47 പന്തിൽ ആറു ഫോറും എട്ടു സിക്സും സഹിതം 95 റണ്‍സെടുത്ത സ്റ്റിർലിങ്ങിന് നിർഭാഗ്യം കൊണ്ടാണ് സെഞ്ചുറി നഷ്ടമായത്. ഓപ്പണിങ് പങ്കാളി കെവിൻ ഒബ്രീനൊപ്പം ഒന്നാം വിക്കറ്റിൽ 154 റൺസിന്റെ കൂട്ടുകെട്ടു തീർക്കാനും സ്റ്റിർലിങ്ങിനായി. അതും വെറും 75 പന്തിൽനിന്ന്. ഒബ്രീൻ 32 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 48 റൺസെടുത്തു. ഓപ്പണർമാരിൽ രണ്ടാമനായി സ്റ്റിർലിങ്ങും മടങ്ങുമ്പോൾ 13.2 ഓവറിൽ രണ്ടിന് 156 റൺസ് എന്ന നിലയിലായിരുന്നു അയർലൻഡ്.

ഇവർക്കുശേഷമെത്തിയവർക്ക് കാര്യമായി തിളങ്ങാനാകാതെ പോയതോടെയാണ് അയർലൻഡിന്റെ സ്കോർ 208ൽ ഒതുങ്ങിയത്. ഓപ്പണർമാർ പുറത്തായ ശേഷമുള്ള 6.4 ഓവറിൽനിന്ന് (40 പന്ത്) അവർക്ക് നേടാനായത് 52 റൺസ് മാത്രം. ക്യാപ്റ്റൻ ആൻഡി ബാൽബ്രീനി (11 പന്തിൽ ഏഴ്), ഗാരത് ഡെലാനി (12 പന്തിൽ 19), ഹാരി ടെക്ടർ (2), ഗാരി വിൽസൻ (12 പന്തിൽ 17), ജോർജ് ‍ഡോക്‌റെൽ (പുറത്താകാതെ അഞ്ച്), സിമി സിങ് (0) എന്നിങ്ങനെയാണ് മറ്റ് ഐറിഷ് താരങ്ങളുടെ പ്രകടനം.

വിൻഡീസ് നിരയിൽ മൂന്ന് ഓവറിൽ 48 റൺസ് വഴങ്ങിയ കെസറിക് വില്യംസാണ് ഏറ്റവും ‘ക്രൂരമായ ആക്രമണത്തിന്’ ഇരയായത്. ഖാരി പിയറി മൂന്ന് ഓവറിൽ 45 റൺസ് വഴങ്ങിയെങ്കിലും രണ്ടു വിക്കറ്റു കിട്ടിയതിന്റെ ആശ്വാസമുണ്ട്. നാല് ഓവറിൽ 25 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ഹെയ്ഡൻ വാൽഷും രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിവരവിൽ നാല് ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഡ്വെയിൻ ബ്രാവോയും തിളങ്ങി. ഷെൽഡൺ കോട്രൽ നാല് ഓവറിൽ 37 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റെടുത്തു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...