ബൗളർമാരുടെ ഐസിസി റാങ്കിൽ 9/10; ഇനി പേസര്‍മാർ വാഴും കാലം

pacer-09
SHARE

ക്രിക്കറ്റിൽ സ്പിന്നർമാരുടെ ആധിപത്യത്തിന് ചെറിയൊരു ബ്രേക്ക്. ബൗളർമാരുടെ ഐസിസി റാങ്കിങിലെ ആദ്യപത്തിൽ ഒൻപതുപേരും ഇക്കുറി പേസർമാരാണ്. മരുന്നിന് മാത്രം ഒരു സ്പിന്നർ. ആർ. അശ്വിൻ. പട്ടിക 20 പേരുടേതാക്കി വിപുലപ്പെടുത്തിയാൽ നഥാനും ജഡേജയും കൂടി സ്പിന്നർമാരുടെ അംഗസംഖ്യ കൂട്ടാനെത്തും. 

ഫാസ്റ്റ് ബൗളർമാർ ഇനിയുള്ള കാലം അടക്കിവാഴുമെന്നാണ് അടുത്തയിടെയായുള്ള പ്രകടനങ്ങളും സൂചിപ്പിക്കുന്നത്. ശ്രീലങ്കയ്ക്കെതിരെ ഇൻഡോറിൽ നടന്ന മത്സരത്തിൽ നവ്ദീപ് സെയ്നി എറിഞ്ഞ പന്ത് പറന്ന് വന്നത് 150 കിലോമീറ്റർ വേഗതയിലാണ്.

ഒസീസ് താരം പാറ്റ് കുമിൻസാണ് പട്ടികയിൽ ഒന്നാമൻ. നെയ് വാഗ്നർ, ജാസൺ ഹോൾഡർ റബാദ, മിച്ചൽ സ്റ്റാർക്, ബുമ്ര, ജെയിംസ് ആൻഡേഴ്സൺ,വെർനൻ ഫിലാൻഡർ, ആർ അശ്വിൻ, മുഹമ്മദ് ഷമി എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ. ഏകദിന ബൗളിങ് കേമൻമാരുടെ പട്ടിക നോക്കിയാൽ ബുമ്ര തന്നെ രാജാവ്. പിന്നാലെ ട്രെന്റ് ബോൾട്ട്, മുജിബുർ റഹ്മാൻ, റബാദ, പാറ്റ് കുമിൻസ്, വോക്സ്, സ്റ്റാർക്സ്, മുഹമ്മദ് ആമിർ, ഹെൻട്രി, ഫെർഗൂസൻ എന്നിങ്ങനെ നീളും.

1970 ൽ ആണ് പേസർമാർ ക്രിക്കറ്റിൽ ആദ്യമായി ആധിപത്യം ഉറപ്പിച്ചത്. ഇത് 1980 കളുടെ പകുതി വരെ നീണ്ടു. വിൻഡീസായിരുന്നു കേമൻമാർ. സിൽവസ്റ്റർ ക്ലർക്കും ആൻഡി റോബർട്ടും മിഷേൽ ഹോൾഡിങും ജോയൽ ഗാർനറുമെല്ലാം മികച്ച പ്രകടനം പുറത്തെടുത്തു. ഓസീസിന് ഡെന്നീസ് ലിലിയും ജെഫ് തോംസണുമുണ്ടായി. ഇയാൻ ബോതമും ബോബ് വില്ലീസുമായിരുന്നു ഇംഗ്ലണ്ടിന്റെ തുറുപ്പ് ചീട്ട്. പാകിസ്ഥാനാവട്ടെ പേരിനൊരു ഇമ്രാൻഖാനും സർഫ്രാസ് നവാസും ഉണ്ടായി. റിച്ചാര്‍ഡ് ഹാഡ്ലി ന്യൂസിലൻഡിലും കപിൽദേവ് ഇന്ത്യയിലും തല ഉയർത്തി നിന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...