അത്ഭുതം തോന്നുന്നു, സൂര്യകുമാര്‍ ചെയ്ത തെറ്റെന്താണ് ? കലിപ്പില്‍ ഹര്‍ഭജന്‍

suryakumar-harbhajan
SHARE

സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുന്നതില്‍ ഒരു മടിയും കാണിക്കാത്തയാളാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ഇന്ത്യന്‍ ടീം സിലക്ടര്‍മാര്‍ക്കെതിരെ പലപ്പോഴും ഭാജി ‘ഗൂഗ്ളി’ എറിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ അടുത്ത പരമ്പരകള്‍ക്കുള്ള ടീമില്‍ സുര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്താത്തതാണ് ഇത്തവണ ഹര്‍ഭജനെ പ്രകോപിപ്പിച്ചത്. സൂര്യ കുമാര്‍ ചെയ്ത തെറ്റെന്താണെന്നും അത്ഭുതം തോന്നുന്നെന്നും ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.  ടീമിലെ ഓരോ കളിക്കാർക്കും വ്യത്യസ്ത നിയമങ്ങളാണോയെന്നും ഹർഭജൻ സിങ് ചോദിക്കുന്നു. 

ഓസ്ട്രേലിയയ്ക്കും ശ്രീലങ്കയ്ക്കുമെതിരായ പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീമിനെയും ന്യൂസീലൻഡിനെതിരായ മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിനെയുമാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ഒന്നിലും സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ നവംബറിൽ വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസണെ ഉൾ‌പ്പെടുത്താതിരുന്നതിനെതിരെയും ഹർഭജൻ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം എംപി ശശി തരൂരിന്റെ ട്വീറ്റിനു മറുപടിയായിട്ടായിരുന്നു ഹർഭജന്റെ അന്നത്തെ പ്രതികരണം.

സഞ്ജു സാംസണ് ഒരു അവസരം പോലും നൽകാതെ പുറത്താക്കിയതിൽ സങ്കടമുണ്ടെന്നായിരുന്നു ഹർഭജന്റെ വാക്കുകൾ. 

മൂന്ന് ട്വന്റി20 രാജ്യാന്തര മത്സരങ്ങൾക്കാണ് സഞ്ജു വെള്ളവുമായി ഗ്രൗണ്ടിലെത്തിയത്. സിലക്ടർമാർ സഞ്ജുവിന്റെ ബാറ്റിങ്ങിനെയാണോ, അല്ല ഹൃദയത്തെയാണോ പരീക്ഷിക്കുന്നതെന്നും ഹർഭജൻ ചോദിച്ചു. സിലക്ടർമാരായി കരുത്തുള്ളവർ എത്തണമെന്നും വിഷയത്തിൽ സൗരവ് ഗാംഗുലി ഇടപെടണമെന്നും ഹർഭജൻ ആവശ്യപ്പെട്ടു. മുംബൈ ബാറ്റ്സ്മാനായ സൂര്യകുമാർ യാദവ് 73 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽനിന്ന് 4,920 റൺസാണു നേടിയത്.

വെസ്റ്റിൻഡീസിനെതിരായ ഏകദിന– ട്വന്റി20 പരമ്പരകളിൽ കളിക്കാതിരുന്ന പേസ് ബോളർ ജസ്പ്രീത് ബുമ്രയെയും ഓപ്പണർ ശിഖർ ധവാനെയും ഉൾപ്പെടുത്തിയാണ് ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയും നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരകൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ട്വന്റി20 ടീമിൽ മലയാളി താരം സഞ്ജു സാംസണെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 

MORE IN SPORTS
SHOW MORE
Loading...
Loading...