കാപ്പിയുമായെത്തി ബാറ്റിങ് പിഴവ് തിരുത്തിയ ആളെവിടെ?; സച്ചിന്റെ ചോദ്യം; ഒടുവിൽ

sachin-web
SHARE

‘കാപ്പിയുമായി വന്ന് ബാറ്റിങ്ങിലെ പിഴവു തിരിത്തിത്തന്നയാൾക്കാ’യുള്ള ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെ അന്വേഷണം പാഴായില്ല. വർഷങ്ങൾക്കു മുൻപ് ഒരു ഹോട്ടൽ മുറിയിലേക്ക് കാപ്പിയുമായി വന്ന് തന്റെ ബാറ്റിങ് ടെക്നിക്കിലെ പിഴവു തിരുത്തിയ ആ ‘അപരിചിതനെ’ കണ്ടെത്തിത്തരാമോ എന്ന സച്ചിന്റെ ചോദ്യത്തിന് തൊട്ടടുത്ത ദിവസം തന്നെ ഉത്തരം കിട്ടി. ചെന്നൈയിലെ താമസത്തിനിടെ സച്ചിനെ സഹായിച്ച ആ ഗുരുപ്രസാദ് എന്ന ‘ഹോട്ടൽ വെയ്റ്ററെ’, ഹോട്ടൽ ശ്യംഖലയായ താജ് ഹോട്ടൽസ് തന്നെ സച്ചിനു കണ്ടെത്തി കൊടുത്തു. ഈ ഹോട്ടൽ വെയ്റ്ററെ കണ്ടെത്താനായി തന്റെ ആരാധകരോടും ട്വിറ്റർ ഫോളോവേഴ്സിനോടും സച്ചിൻ സഹായം തേടിയിരുന്നു.

 വർഷങ്ങൾക്കു മുൻപു ചെന്നൈയിൽ നടന്ന ടെസ്റ്റ് മത്സരത്തിനായി താജ് ഹോട്ടലിൽ താമസിക്കുകയായിരുന്നു സച്ചിൻ. പരിശീലനത്തിനു ശേഷം സച്ചിൻ മുറിയിലേക്ക് ഒരു കാപ്പി ആവശ്യപ്പെട്ടു. കാപ്പിയുമായി എത്തിയ വെയ്റ്റർ താൻ സച്ചിന്റെ വലിയ ആരാധകനാണെന്നും സച്ചിനുമായി ഒരു കാര്യം ചർച്ച ചെയ്യാനുണ്ടെന്നും പറഞ്ഞു. സച്ചിന്റെ ബാറ്റിങ് ശൈലിയിൽ ചെറിയ ചില മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും അതിനു കാരണം സച്ചിൻ കൈമുട്ടിലിടുന്ന പാഡ് ( എൽബോ ഗാർഡ്) ആണെന്നും അയാൾ പറഞ്ഞു.

വെയ്റ്ററുടെ നിരീക്ഷണം വാസ്തവമാണെന്നു സച്ചിനു മനസ്സിലായി. കൈമുട്ടിലിടുന്ന പാഡുകാരണം സച്ചിനു തന്റെ ബാറ്റിങ് ശൈലിയിൽ മാറ്റം വരുത്തേണ്ടി വന്നിരുന്നു. ഇതു മനസ്സിലായതോടെ പാഡിൽ ചില മാറ്റങ്ങൾ വരുത്തി പഴയ ശൈലിയിലേക്കു മടങ്ങാനും സാധിച്ചു.

‘ആ വെയ്റ്ററുടെ നിരീക്ഷണം കേട്ടപ്പോൾ എനിക്കാദ്യം കൗതുകമാണു തോന്നിയത്. പക്ഷേ അതു വളരെ കൃത്യമായിരുന്നു. അയാളുടെ നിരീക്ഷണം തുടർന്നുള്ള മത്സരങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ എന്നെ സഹായിച്ചു. ഇപ്പോൾ അയാളെ വീണ്ടും കണ്ടെത്താനുള്ള ശ്രമത്തിലാണു ഞാൻ . നിങ്ങൾക്കെന്നെ സഹായിക്കാമോ’ –സച്ചിൻ ട്വിറ്ററിൽ കുറിച്ചു. ഇംഗ്ലിഷിലും തമിഴിലും സച്ചിൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. സച്ചിനെ സഹായിക്കാൻ ആരാധകർ ഇറങ്ങിത്തിരിച്ചതോടെ സംഭവം വൈറലായി! 2017ൽ ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് സച്ചി‍ൻ ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്.

ഇതിനു തൊട്ടടുത്ത ദിവസമാണ് താജ് ഹോട്ടൽസ് തന്നെ ആ ഹോട്ടൽ വെയ്റ്ററെ കണ്ടെത്തിയത്. ഇക്കാര്യം വെളിപ്പെടുത്തി അവർ സച്ചിനെ ടാഗ് ചെയ്ത് ട്വീറ്റും ചെയ്തു:

‘ചെന്നൈയിൽ താമസത്തിനിടെ ഞങ്ങളുടെ സഹപ്രവർത്തകനുമായി കണ്ടുമുട്ടിയ പഴയ ഓർമകൾ പങ്കുവച്ചതിന് ഹൃദ്യമായ നന്ദി സച്ചിൻ. താജ് ഹോട്ടൽസിന്റെ പാരമ്പര്യത്തെ ഹൃദയത്തോടു ചേർത്തുപിടിക്കുന്ന ഈ സഹപ്രവർത്തകർ ഞങ്ങളുടെ അഭിമാനമാണ്. താങ്കൾ തിരയുന്ന ആ വ്യക്തിയെ ഞങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. നിങ്ങൾ ഇരുവരെയും വീണ്ടും പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾക്കും അതിയായ സന്തോഷം’ – താജ് ഹോട്ടൽസ് ട്വിറ്ററിൽ കുറിച്ചു. ഗുരുപ്രസാദും സച്ചിനുമൊത്തുള്ള ചിത്രവും താജ് ഹോട്ടൽസ് പങ്കുവച്ചിട്ടുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...