ഫുട്ബോളിലും ഹിറ്റാകാന്‍ രോഹിത് ശര്‍മ; ലാലിഗയുടെ ഇന്ത്യന്‍ മുഖമായി ഹിറ്റ്മാന്‍

laliga-rohit.
SHARE

സ്പാനിഷ് ലാ ലിഗ ഫുട്‌ബോളിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായി ക്രിക്കറ്റ് താരം രോഹിത് ശര്‍മ. ലാ ലിഗയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ബാറ്റും ഫുട്‌ബോളും കൈയ്യിലേന്തി നില്‍ക്കുന്ന രോഹിത്തിന്റെ ചിത്രവും ഒപ്പമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 സിക്‌സര്‍ പറത്തിയ ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനായതിന്റെ പിറകെയാണ് രോഹിത്തിന്റെ പുതിയ ദൗത്യം. ലാലിഗ ആദ്യമായാണ് ഇന്ത്യയിൽ ഒരാളെ ബ്രാൻഡ് അംബാസഡറാക്കുന്നത്. സ്‌പെയ്‌നിലെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗാണ് ലാ ലീഗ. ബാര്‍സിലോന, റയല്‍ മാഡ്രിഡ് തുടങ്ങി ലാലിഗയിലെ വമ്പന്‍മാര്‍ക്ക് ഇന്ത്യയിലും ആരാധകരേറെയാണ്.

സസ്പെന്‍സിനൊടുവില്‍ പ്രഖ്യാപനം

ദിവസങ്ങളായി ഇന്ത്യയുമായി ബന്ധപ്പെട്ട് എന്തോ സസ്പെന്‍സ് പ്രഖ്യാപിക്കുമെന്ന് ലാലിഗ വ്യക്തമാക്കിരുന്നു. ഇത് പൊളിച്ചുകൊണ്ടാണ് രോഹിതിന്റെ പ്രഖ്യാപനം വന്നത്. കയ്യിൽ ബാറ്റും ഫുട്ബോളും പിടിച്ചു നിൽക്കുന്ന രോഹിത് ശർമയുടെ ചിത്രം ലാലിഗ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. പുതിയ ചുമതലയില്‍ സന്തോഷം പ്രകടിപ്പിച്ച് രോഹിത് ശര്‍മയും പിന്നാലെ രംഗത്തെത്തി. ഫുട്ബോളിന് എന്നും തന്‍റെ മനസില്‍ വലിയ സ്ഥാനം തന്നെയാണ് നല്‍കിയിട്ടുള്ളതെന്ന് താരം വ്യക്തമാക്കി. അതുകൊണ്ട് തന്നെ പുതിയ ചുമതല തനിക്ക് ഏറെ സന്തോഷം പകരുന്നതാണെന്നും താന്‍ ആവേശഭരിതനാണെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. പ്രഖ്യാപനത്തിന് പിന്നാലെ ട്വിറ്ററിലായിരുന്നു താരത്തിന്‍റെ പ്രതികരണം.

പ്രതിഷേധവും ശക്തം

 രോഹിതിനെ ലാലിഗയുടെ അംബാസഡറായി നിയമിച്ചതില്‍ ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് പ്രതിഷേധമുണ്ട്. ഫുട്ബോളില്‍ തന്നെ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ നിരവധി താരങ്ങള്‍ രാജ്യത്ത് ഉള്ളപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് ഒരാളെ കൊണ്ടുവരേണ്ട കാര്യമുണ്ടായിരുന്നോ എന്ന സംശയമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. സുനില്‍ ഛേത്രി അടക്കമുള്ള താരങ്ങളെ അവഗണിച്ച് ക്രിക്കറ്റ് താരങ്ങള്‍ക്ക് പിന്നാലെ ലാലിഗ പോയതാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...