താരങ്ങൾ തിരുവനന്തപുരത്ത്; ആവേശം വാനോളം; ഇനി കാത്തിരിപ്പ്

team-india-07
SHARE

തിരുവനന്തപുരം ട്വന്റി 20 മത്സരത്തിനായി ഇന്ത്യ- വെസ്റ്റിൻഡീസ് ടീമുകൾ തലസ്ഥാനത്തെത്തി. ഇന്ന് കോവളത്തെ ഹോട്ടലിൽ തങ്ങും. നാളെ വൈകീട്ട് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. 

ഇന്ത്യ വിൻഡീസ് പരമ്പരയിലെ രണ്ടാം മത്സരമാണ് നാളെ നടക്കുക. ആദ്യമത്സരം സമ്മാനിച്ച ആവേശത്തിന്റെ തുടർച്ചയാണ് ആരാധകർ തിരുവനന്തപുരത്തും പ്രതീക്ഷിക്കുന്നത്. ബാറ്റിങ്ങിൽ വിരാട് കോലിയും ലോകേഷ് രാഹുലും പുറത്തെടുത്ത മിന്നുന്ന പ്രകടനം, തിരുവനന്തപുരത്തും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം, ഒന്നാം ട്വന്റി20ക്കിടെ ബോളിങ്ങിലും ഫീൽഡിങ്ങിലും സംഭവിച്ച പാളിച്ചകൾ ഇവിടെ തിരുത്താമെന്നാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ.

മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരമെന്ന നിലയിൽ പരമ്പര വിജയം കൂടിയാണ് തിരുവനന്തപുരത്ത് ഇന്ത്യ ഉന്നമിടുന്നത്. വെസ്റ്റിൻഡീസിനും പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ ഇവിടെ വിജയം അനിവാര്യമായതിനാൽ ആവേശമേറുമെന്ന് കരുതാം. പരമ്പരയിലെ മൂന്നാം മത്സരം 11ന് മുംബൈയിലാണ്. 

അതേസമയം, സഞ്ജു സാംസണിന്റെ സ്വന്തം നാടായ തിരുവനന്തപുരത്ത് താരത്തിന് ഇന്ത്യൻ ടീം അവസരം നൽകുമോയെന്നും ആരാധകർ ഉറ്റുനോക്കുകയാണ്. ബിസിസിഐ ആദ്യം പ്രഖ്യാപിച്ച വിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസണിന് ഇടമുണ്ടായിരുന്നില്ല. ഓപ്പണർ ശിഖർ ധവാനു പരുക്കേറ്റതോടെയാണ് സിലക്ടർമാർ സഞ്ജുവിനെ ടീമിലേക്കു തിരികെ വിളിച്ചത്. പക്ഷേ, ആദ്യ ഏകദിനത്തിൽ വീണ്ടും പുറത്തിരിക്കാനായിരുന്നു സഞ്ജുവിന്റെ വിധി. തിരുവനന്തപുരം ട്വന്റി20യിലും സഞ്ജുവിനെ പുറത്തിരുത്താനാണ് തീരുമാനമെങ്കിൽ പ്രതിഷേധിക്കണമെന്ന തരത്തിൽ ചില ക്യാംപയിനുകൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

MORE IN SPORTS
SHOW MORE
Loading...
Loading...