മാറ്റുരയ്ക്കുന്നത് ഇരുന്നൂറ്റി മുപ്പത് പേർ; ദേശീയ വനിതാ സീനിയര്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം

boxing
SHARE

നാലാമത് ദേശീയ വനിതാ സീനിയര്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന് കണ്ണൂരില്‍ തുടക്കമായി. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുണ്ടയാട് ഇന്‍ഡോര്‍സ്റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറ്റി മുപ്പത് മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കുന്നു.

കണ്ണൂര്‍ ആദ്യമായി ആതിഥ്യം വഹിക്കുന്ന ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങള്‍ ഇടിക്കൂട്ടിലെ പെണ്‍കരുത്ത് വിളിച്ചോതുന്നതായിരുന്നു. രണ്ടു ഭാരവിഭാഗത്തിലായിരുന്നു ആദ്യദിവസത്തെ പോരാട്ടം. കേരളത്തെ പ്രതിനിധീകരിച്ച അന്യന്യ എസ് ദാസ്, അഞ്ചു സാബു എന്നിവര്‍ ഇടിക്കൂട്ടില്‍ കരുത്തുകാട്ടി രണ്ടാം റൗണ്ടിലേക്ക് കടന്നു. കായിക രംഗത്ത് കേരളം ഉജ്ജ്വലമായ മുന്നേറ്റത്തിന്റെ പാതയിലാണെന്ന് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ചടങ്ങിന്ശേഷം അധ്യക്ഷനായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുമായി സ്പീക്കര്‍ റിങില്‍ ഏറ്റുമുട്ടി. ഇരുവരും തുല്യശക്തികളാണെന്ന പ്രഖ്യാപനത്തോടെയാണ് സംഘാടകര്‍ പോരാട്ടം അവസാനിപ്പിച്ചത്. മുന്‍ വനിത ബോക്സിങ് ചാമ്പ്യന്‍ കെ.സി.ലേഖയുമായി മന്ത്രി ഏറ്റുമുട്ടിയതും കൗതുകകാഴ്ചയായി.

ഇന്ത്യന്‍താരം മഞ്ചുറാണിയുള്‍പ്പെടെ ഇരുപതോളം രാജ്യാന്തര താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നു. രാവിലെ 11 മുതല്‍ രാത്രി എട്ടുവരെയാണ് മത്സരങ്ങള്‍. പ്രവേശനം സൗജന്യമാണ്. ചാമ്പ്യന്‍ഷിപ്പ് ഈ മാസം എട്ടിന് സമാപിക്കും.

MORE IN SPORTS
SHOW MORE
Loading...
Loading...