സുരക്ഷാവേലി ചാടിക്കടന്ന് ആരാധകൻ മൈതാനത്ത്; ചേർത്ത് പിടിച്ച് കോലി; വിഡിയോ

virat-kohli-fans
SHARE

ചില ചേർത്തു പിടിക്കൽ കൊണ്ട് വിമർശകരുടേയും കയ്യടി വാങ്ങിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ആരാധകരെ ചേർത്ത് നിർത്തുന്ന അദ്ദേഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇന്ത്യ–ബംഗ്ലദേശ് മത്സരത്തിനിടെ ആവേശം മൂത്ത ആരാധകരിൽ ഒരാളാണ് സുരക്ഷാ വേലികളെല്ലാം ചാടിക്കടന്ന് കോലിയെ കാണാനെത്തിയത്.സ്റ്റേഡിയത്തിലെ വലിയ ഇരുമ്പുവേലി ചാടിക്കടന്ന് ആരാധകൻ ഗ്രൗണ്ടിലെത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ചുരുക്കെഴുത്തായ ‘വികെ’ എന്ന് പുറത്ത് എഴുതിയാണ് ആരാധകൻ മൈതാനത്തെത്തിയത്. ബംഗ്ലദേശിനെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുകയായിരുന്ന ഇന്ത്യൻ താരങ്ങളുടെ തൊട്ടടുത്തെത്തിയ ആരാധകൻ, കോലിയുടെ കാലിൽ വീഴാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥർ ഓടി മൈതാനത്തെത്തിയിരുന്നു. ആരാധകനെ സ്നേഹപൂർവം ചേർത്തുപിടിച്ചാണ് കോലി സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചത്. ആരാധകനോട് പരുഷമായി പെരുമാറരുതെന്ന് പ്രത്യേകം അഭ്യർഥിക്കുകയും ചെയ്തു.

ഇതിനൊപ്പമാണ് ഭിന്നശേഷിക്കാരിയായ ആരാധികയ്ക്കൊപ്പം കോലി നിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നത്. ഹോൽക്കർ സ്റ്റേഡിയത്തിൽ ഇന്ത്യൻ താരങ്ങളെ കാത്തിരുന്ന പൂജാ ശർമയെന്ന ഇരുപത്തിനാലുകാരിക്കാണ് കോലിയെ അടുത്തു കാണാൻ ഭാഗ്യമുണ്ടായത്. സ്റ്റേഡിയം അധികൃതരുടെ അനുമതിയോടെയാണ് പൂജ താരങ്ങൾ സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്ന വഴിയിൽ കാത്തിരുന്നത്. കടന്നുപോകുന്ന ഓരോ താരങ്ങളെയും അഭിവാദ്യം ചെയ്ത പൂജയെ ഞെട്ടിച്ച് കോലി നേരെ അടുത്തെത്തി. ഒപ്പമിരുന്ന് ഫോട്ടോയെടുത്ത കോലി, ഓട്ടോഗ്രാഫും നൽകിയാണ് ആരാധികയെ സന്തോഷിപ്പിച്ചത്.

MORE IN SPORTS
SHOW MORE
Loading...
Loading...