സുശാന്ത് മാത്യു ബൂട്ടഴിച്ചു; ബൂട്ടഴിക്കാതെ ആ മനോഹര ഗോള്‍ ഓര്‍മകള്‍

sushanth-webplus
SHARE

വര്‍ഷം 2014

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്‍റെ പ്രഥമ സീസണ്‍

കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിന്‍ എഫ്സിയും തമ്മിലുള്ള ആദ്യപാദ സെമി

വേദി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം

മല്‍സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം.

കേരളം എതിരില്ലാത്ത രണ്ട് ഗോളിന് മുന്നില്‍

പെട്ടെന്നാണ് ബ്ലാസ്റ്റേഴ്സ് പകുതിയില്‍ നിന്ന് ഇയാന്‍ ഹ്യൂം നീട്ടി നല്‍കിയ പന്തുമായി ആ മലയാളി താരം മുന്നോട്ട് കുതിച്ചത്. രണ്ട് ചെന്നൈയിന്‍ താരങ്ങളെ വെട്ടിച്ച് മുന്നോട്ട് കയറിയ താരം ചെന്നൈയിന്‍ ബോക്സിന് പുറത്തു നിന്ന് തൊടുത്ത ആ ഷോട്ട്, ഗോളിയെയും കബളിപ്പിച്ച് വലയിലേക്കിറങ്ങിയ നിമിഷം സ്റ്റേഡിയം പൊട്ടിത്തെറിക്കുകയായിരുന്നു. ഐഎസ്എല്ലിന്‍റെ ചരിത്രത്തില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ അത്രത്തോളം ഒരു ഗോളും ആഘോഷിച്ചിട്ടില്ല.ഐഎസ്എല്ലിലെ മികച്ച ഗോളുകളിലൊന്നായി അത് ഇന്നും വാഴ്ത്തപ്പെടുന്നു. അന്പലവയലുകാരന്‍ സുശാന്ത് മാത്യുവിനെ ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തുന്നതായിരുന്നു ആ ഗോള്‍. 

22 വര്‍ഷം നീണ്ട ഫുട്ബോള്‍ ജീവിതത്തില്‍ നിന്ന് ബൂട്ടഴിക്കുകയാണ് സുശാന്ത് മാത്യു. 1997ല്‍ എഫ്സി കൊച്ചിനില്‍ തുടങ്ങിയ പ്രഫഷനല്‍ കരിയറിനാണ് 2019ല്‍ അവസാനമാകുന്നത്. വയനാട് അന്പലവയിലിലെ ഡൈന എഫ്സി എന്ന കൊച്ച് ക്ലബ്ബില്‍ നിന്ന് വന്ന് ഇന്ത്യയിലെ മുന്‍നിര ക്ലബ്ബുകള്‍ക്കെല്ലാ വേണ്ടി ബൂട്ട് കെട്ടി സുശാന്ത്. എഫ്.സി.കൊച്ചിനില്‍ തുടങ്ങി ഗോകുലം കേരളയിലാണ് സുശാന്തിന്‍റെ യാത്ര അവസാനിക്കുന്നത്. വാസ്കോ, മഹീന്ദ്ര, ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, കേരള ബ്ലാസ്റ്റേഴ്സ് പൂനെ സിറ്റി തുടങ്ങി പ്രമുഖ ക്ലബ്ബുകളിലെല്ലാം കളിച്ച താരം കൂടിയാണ് സുശാന്ത് മാത്യു. സമൂഹ മാധ്യമങ്ങളിലൂടെയാണ് സുശാന്ത് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. 

''ജീവിതത്തില്‍ ഒരു കാര്യത്തിന് വേണ്ടി എത്രമാത്രം പരിശ്രമിക്കുന്നവോ, അത്രതന്നെ വിഷമകരമായിരിക്കും അത് ഉപേക്ഷിക്കാന്‍. ഫുട്ബോള്‍ എനിക്ക് കളി മാത്രമായിരുന്നില്ല. ജീവിതം തന്നെയായിരുന്നു. സ്വപ്നതുല്യമായ ജീവിതമാണ് ഫുട്ബോള്‍ എനിക്ക് നല്‍കിയത്. കളിച്ച ക്ലബ്ബുകള്‍ക്കും പരിശീലിപ്പിച്ചവര്‍ക്കുമെല്ലാം നന്ദി പറയുന്നു''. വികാരനിര്‍ഭരമായ വിടവാങ്ങല്‍ സന്ദേശത്തില്‍ സുശാന്ത് കുറിച്ചു. 

ഏറെ സവിശേഷതകളുണ്ട് സുശാന്ത് മാത്യുവിന്‍റെ ഫുട്ബോള്‍ ജീവതത്തിന്. പതിനാറാം വയസില്‍ സന്തോഷ് ട്രോഫി ക്യാംപിലെത്തുന്നതോടെയാണ് സുശാന്തിന്‍റെ തലവര മാറിയത്. സുശാന്തിന്‍റെ മികവ് കണ്ട അന്നത്തെ ഒന്നാം നന്പര്‍ ക്ലബ്ബുകളിലൊന്നായ എഫ്സി കൊച്ചിന്‍ താരത്തെ ടീമിലെടുത്തു. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐഎം വിജയനൊപ്പം സുശാന്ത് എഫ്സി കൊച്ചിനില്‍ പന്തു തട്ടി. കേരളത്തിന്‍റെ ഫുട്ബോള്‍ ചരിത്രത്തില്‍ നിര്‍ണായക ഇടമുള്ള മൂന്നു പ്രഫഷനല്‍ ക്ലബ്ബുകളിലും സുശാന്ത് കളിച്ചു. എഫ്സി കൊച്ചിനില്‍ കളിച്ചവരില്‍ സജീവമായി പ്രഫഷനല്‍ ഫുട്ബോളിലുണ്ടായിരുന്നത് സുശാന്ത് മാത്രമാകും.  കേരള ബ്ലാസ്റ്റേഴ്സിലും, ഗോകുലം കേരളയിലും സുശാന്ത് ബൂട്ട് കെട്ടി. 22 വര്‍ഷം പ്രമുഖ ടീമുകളുടെ ഭാഗമായിട്ടും, സുശാന്തിനെ ഒരിക്കല്‍ പോലും ഇന്ത്യന്‍ ഫുട്ബോളിന്‍റെ നീലക്കുപ്പായത്തില്‍ കാണാനായില്ലെന്ന നിരാശയുണ്ട് മലയാളികള്‍ക്ക്. ആ കണക്കില്‍ തീര്‍ച്ചയായും അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ പ്രതിഭയാണ് സുശാന്ത്.

MORE IN SPORTS
SHOW MORE
Loading...
Loading...