ഹൃദയം പറയുന്നത് കേൾക്കൂ; 'ചിക്കു'വിന് കോലിയുടെ പിറന്നാൾ കത്ത്

kohli
SHARE

31–ാം പിറന്നാൾ ദിനത്തിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോലി തനിക്കേറെ പ്രിയപ്പെട്ട 'ചിക്കു'വിനെഴുതിയ കത്ത് വൈറലാകുന്നു. അങ്ങേയറ്റം വികാര നിർഭരമായ കുറിപ്പാണ് കോലി 15 വയസ് ഇളപ്പമുള്ള തന്നെ അഭിസംബോധന ചെയ്ത് എഴുതിയിരിക്കുന്നത്. ഇതുവരെ ജീവിതത്തിൽ നിന്ന് പഠിച്ചതായ കാര്യങ്ങളും പ്രതീക്ഷകളുമാണ് 15 കാരനായ എനിക്ക് ഞാൻ എഴുതിയിട്ടുണ്ട്. വായിക്കുമല്ലോ എന്നാണ് താരം ഇതിന് ക്യാപ്ഷൻ നൽകിയത്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ: 

'ആദ്യം തന്നെ സന്തോഷകരമായ പിറന്നാൾ ആശംസകൾ. നിന്റെ ഭാവി സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങൾ നിനക്ക് എന്നോട് ചോദിക്കാനുണ്ടാകുമെന്ന് എനിക്കറിയാം. അതിൽ പലതിനും ഞാനിപ്പോൾ മറുപടി നൽകില്ല. ജീവിതം എന്താണ് നമുക്കായി കാത്തുവച്ചിരിക്കുന്നതെന്നത് ഒരു വലിയ സർപ്രൈസ് അല്ലേ? ഓരോ  മധുര നിമിഷങ്ങളും ഓരോ വെല്ലുവിളികളും ഓരോ നിരാശാജനകമായ സംഭവങ്ങളും വലിയ പാഠങ്ങളാണ്. അതെന്താണെന്ന് നിനക്ക് ഇന്ന് മനസിലായെന്ന് വരില്ല. ലക്ഷ്യത്തെക്കാൾ യാത്രയെ കുറിച്ചുള്ളതാണവ. യാത്രയാവട്ടെ അതിമനോഹരവുമാണ്.

ജീവിതം വലിയ കാര്യങ്ങൾ നിനക്കായി കരുതി വച്ചിട്ടുണ്ട്. എല്ലായ്പ്പോഴും അത് സ്വീകരിക്കാൻ തയ്യാറായി നിൽക്കണം. പിടിച്ചെടുക്കണം. കൈവശമുള്ളതൊന്നിനെയും നിസ്സാരമായി കാണരുത്. തീർച്ചയായും മുന്നോട്ടുള്ള യാത്രയിൽ എല്ലാവരെയും പോലെ പരാജയങ്ങൾ ഉണ്ടാവും. പക്ഷേ അതിൽ നിന്ന് പഠിക്കുമെന്നും വിജയിയായി തിരിച്ചെത്തുമെന്നും നിനക്ക് തന്നെ നീ ഉറപ്പ് നൽകണം. ആദ്യശ്രമം പരാജയപ്പെട്ടേക്കാം, വീണ്ടും ശ്രമിക്കുക.

സ്നേഹിക്കാൻ നിരവധി പേർ ചുറ്റുമുള്ളത് പോലെ ദ്വേഷിക്കാനും ആളുകൾ ഉണ്ടാകും. നേരിട്ട് ഒരു പരിചയവും ഇല്ലാത്തവരും ഉണ്ടാകും. അവരെ കുറിച്ചോർത്ത് വിഷമിക്കരുത്. നിന്നിൽ തന്നെ വിശ്വാസം അർപ്പിക്കുക.

 അച്ഛൻ നിനക്ക് സമ്മാനമായി നൽകാതിരുന്ന ആ ഷൂവിനെ കുറിച്ച് നീ ചിന്തിക്കുന്നുണ്ടെന്ന് എനിക്കറിയാം. രാവിലെ അദ്ദേഹം നിന്നെ ചേർത്ത് നിർത്തി ആലിംഗനം ചെയ്തത് വച്ച് നോക്കിയാൽ ഷൂ ഒന്നുമല്ല. ചിലപ്പോഴൊക്കെ അദ്ദേഹം ഒരു കാർക്കശ്യക്കാരനായി പെരുമാറിയെന്ന് വരാം. നിന്നിലെ ഏറ്റവും മികച്ചതിനെ പുറത്തെടുക്കുന്നതിന് വേണ്ടിയാണ് അത്. മാതാപിതാക്കൾക്ക് നിന്നെ മനസിലാകുന്നില്ലെന്നും നിനക്ക് ചിലപ്പോൾ തോന്നാം. പക്ഷേ ഒരുകാര്യം നിന്റെ ഓർമ്മയിൽ ഉണ്ടാവണം, തിരികെ ഒന്നും പ്രതീക്ഷിക്കാതെ നിരുപാധികമായി നിന്നെ സ്നേഹിക്കാൻ കുടുംബാംഗങ്ങൾക്ക് മാത്രമേ കഴിയൂ. അവർക്ക് തിരിച്ചും സ്നേഹവും ബഹുമാനവും നൽകൂ. പറ്റാവുന്നിടത്തോളം സമയം അവർക്കൊപ്പം ചിലവഴിക്കൂ. അച്ഛനോട് നീ അദ്ദേഹത്തെ സ്നേഹിക്കുന്നൂവെന്ന് പറയൂ, ഇന്ന് മാത്രമല്ല, നാളെയും മറ്റന്നാളും അത് ആവർത്തിക്കൂ.

അവസാനമായി, ഹൃദയം പറയുന്നത് കേൾക്കുക. സ്വപ്നങ്ങൾക്ക് പിന്നാലെ പോവുക. മറ്റുള്ളവരോട് ദയയോടെ പെരുമാറുക. വലിയ സ്വപ്നങ്ങൾ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരുമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുക. നീയായി തന്നെ നിലനിൽക്കുക. എല്ലാ ദിവസവും അടിപൊളിയാക്കുക'.  അനുഷ്കയ്ക്കൊപ്പം ഭൂട്ടാനിലായിരുന്നു കോലിയുടെ പിറന്നാൾ ആഘോഷം.

MORE IN SPORTS
SHOW MORE
Loading...
Loading...