‌ദേശീയ നീന്തൽ മത്സരത്തിൽ തിരിമറിയെന്ന് ആരോപണം; ബഹിഷ്കരിച്ച് വിദ്യാർഥികള്‍

swimimgprotest
SHARE

ജലന്ദറില്‍ നടക്കുന്ന അന്തര്‍ സര്‍വ്വകലാശാല നീന്തല്‍ മത്സരത്തിന്‍റെ ഫലങ്ങളില്‍ തിരിമറിയെന്ന് ആരോപണം. ദേശീയ ജേതാക്കളായ താരങ്ങളെപ്പോലും പിന്തള്ളി ആതിഥേയ സര്‍വ്വകലാശാലകളിലെ മത്സരാര്‍ത്ഥികള്‍ക്ക് അനുകൂലമായി ഫലം അട്ടിമറിച്ചെന്നാണ് പരാതി. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഓട്ടോമാറ്റിക് ടച്ച് പാഡ് സംവിധാനം ഉപയോഗിക്കാതെയാണ് മത്സരങ്ങള്‍ നടത്തിയത്.  പ്രതിഷേധിച്ച രണ്ട് വിദ്യാര്‍ത്ഥികളെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താക്കി. 

ജലന്ദറിലെ ലൗലി പ്രൊഫഷണല്‍ സര്‍വ്വകലാശാലയിലെ ദേശീയ അന്തര്‍സര്‍വ്വകലാശാല നീന്തല്‍ മത്സരത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. ഖേലോ ഇന്ത്യ ഗോള്‍ഡ് മെഡല്‍ ജേതാവായ നീന്തല്‍ താരം എസ്.പി ലിഖിത് ആണ് പ്ലക്കാര്‍ഡുയര്‍ത്തിയ പ്രതിഷേധിക്കുന്നത്. വഞ്ചന നടത്തി ജയിക്കുന്നതിനേക്കാള്‍ അഭിമാനത്തോടെ തോല്‍ക്കാനാണ് ആഗ്രഹിക്കുന്നത്. സത്യസന്ധമായി നീന്താം. വഞ്ചനയോട് അരുത് പറയാം. ഇതാണ് പ്ലക്കാര്‍ഡിലെ വാചകം. മത്സര ഫലങ്ങള്‍ ആതിഥേയ സര്‍വ്വകലാശാലയിലെ മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടി അട്ടിമറിച്ചുവെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. 

മത്സരത്തില്‍ ആദ്യം ഫിനിഷ് ചെയ്ത് ദേശീയ റെക്കോര്‍ഡ് ജേതാക്കളായ താരങ്ങളെയുള്‍പ്പെടേ പിന്തള്ളി ആതിഥേയ സര്‍വ്വകലാശാലയിലെ മത്സരാര്‍ത്ഥികളെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.  ഫിനിഷിങ് സമയം കൃത്യമായി രേഖപ്പെടുത്തുന്ന ഓട്ടോമാറ്റിക് ടച്ച് പാഡ് സംവിധാനം മത്സരത്തില്‍ ഉപയോഗിക്കുന്നില്ല. ഇതാണ് യഥാര്‍ത്ഥ ഫലം തിരുത്താന്‍ സംഘാടകര്‍ക്ക് അവസരം നല്‍കുന്നത്. പ്രതിഷേധം മറ്റ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തതോടെ ഇന്ന് നടക്കേണ്ട മത്സരങ്ങളെല്ലാം മുടങ്ങി. മത്സരം പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ സംഘാടകര്‍ നടത്തിയെങ്കിലും സഹകരിക്കില്ലെന്ന് ടീം മാനേജര്‍മാര്‍ സംഘാടകരെ അറിയിച്ചു. 

MORE IN SPORTS
SHOW MORE
Loading...
Loading...