സെഞ്ചുറിക്കരികെ ബാറ്റ്സ്മാൻ പുറത്ത്; കൈകൂപ്പി തൊഴുത് ബൗളർ; വിഡിയോ

social-media-batsman
SHARE

വിക്കറ്റ് എടുത്തശേഷം പുറത്തായ ബാറ്റ്സ്മാനെ കൈകൂപ്പി തൊഴുന്ന ബൗളർ. സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് ഇൗ ദൃശ്യം. പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ സൂപ്പർതാരം ഫവാദ് ആലത്തെ പുറത്താക്കിയ പതിനാറുകാരൻ നസീം ഷായാണ് ബാറ്റ്സ്മാനു നേരെ കൈകൂപ്പി ഖേദം പ്രകടിപ്പിച്ചത്. ഓസ്ട്രേലിയൻ പര്യടനത്തിനൊരുങ്ങുന്ന പാക്കിസ്ഥാൻ ടെസ്റ്റ് ടീമിന്റെ പ്രധാന ബോളർമാരിൽ ഒരാളാണ് ഈ പതിനാറുകാരൻ. നസീം ഷാ പുറത്താക്കിയ ഫവാദ് ആലവും അത്ര നിസാരക്കാരനല്ല. പാക്ക് ജഴ്സിയിൽ അത്ര പരിചിതനല്ലെങ്കിലും പാക്ക് ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പർതാരമാണ് ഫവാദ് ആലം. സെഞ്ചുറിയിലേക്കുള്ള കുതിപ്പിൽ വെറും എട്ടു റൺസ് മാത്രം അകലെ നിൽക്കെയാണ് നസീം ഷായുടെ പന്തിൽ ഫവാദ് ആലം പുറത്തായത്.

പാക്കിസ്ഥാനിലെ പ്രമുഖ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ഖായിദി അസം ട്രോഫിക്കിടെയാണ് സംഭവം. ടൂർണമെന്റിൽ സെൻട്രൽ പഞ്ചാബിന്റെ താരമാണ് നസീം ഷാ. ഫവാദ് ആലം സിന്ധ് താരവും. സിന്ധ് ഇന്നിങ്സിൽ ടോപ് സ്കോററായ ആലം സെഞ്ചുറിക്ക് എട്ടു റൺസ് അകലെ നിൽക്കെ വിക്കറ്റ് കീപ്പർ കമ്രാൻ അക്മലിനു ക്യാച്ചു നൽകിയാണ് പുറത്തായത്. താരം പവലിയനിലേക്കു നടക്കവെ അടുത്തെത്തിയ നസീം ഷാ കൈകൂപ്പുകയായിരുന്നു. ഒന്നാം ഇന്നിങ്സിലാകെ 19 ഓവർ എറിഞ്ഞ ഷാ 78 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് പിഴുതു. രണ്ടാം ഇന്നിങ്സിൽ 11 ഓവറിൽ 33 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് കൂടി പിഴുതപ്പോഴേയ്ക്കും മത്സരം സമനിലയിൽ അവസാനിച്ചു.

MORE IN SPORTS
SHOW MORE
Loading...
Loading...