തലമുറ മാറ്റത്തിൽ തകർന്ന ദക്ഷിണാഫ്രിക്ക, വിമർശനങ്ങൾക്ക് നടുവിൽ ക്രിക്കറ്റ് ബോർഡ്

southafrica-cricket
SHARE

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇന്ത്യക്കെതിരായ  ടെസ്റ്റ് പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക തോറ്റു. ദയനീയമായിത്തന്നെ.

തോൽവി തുടർക്കഥയാക്കിയ കൂട്ടം. നിലവിലെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ ഏറ്റവും എളുപ്പത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. കാരണം ചെറുത്ത് നിൽപ്പുകൾ പോലുമില്ലാതെ കീഴടങ്ങുന്നതാണ് അവരുടെ ഇപ്പോഴത്തെ നയം. ലോകകപ്പ് മുതൽ ആരംഭിച്ച ദുരവസ്ഥ ഇപ്പോഴും തുടരുന്നു.

ആക്രമണോത്സുകത മുഖമുദ്രയാക്കിയ, ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ ചരിത്രമുള്ള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന് ഇതെന്തുപറ്റി എന്ന ചോദ്യം സ്വാഭാവികമാണ്. ഉത്തരം ലളിതമാണ്. കളമൊഴിഞ്ഞ പ്രതിഭകൾക്ക് പകരക്കാർ ഇല്ലാതായത് തന്നെ. 

തലമുറമാറ്റത്തിൽ തകർന്ന് നിൽക്കുകയാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം. ടീമിനെ നയിച്ചിരുന്ന, നട്ടെല്ലായിരുന്ന ഒരുപിടി താരങ്ങൾ വിരമിച്ചതോടെ ശൂന്യതയിലാണ് ടീം. ആ ശൂന്യത നികത്താൻ മാത്രമുള്ള കളിക്കാർ ടീമിൽ ഇതുവരെ എത്തിയിട്ടില്ല എന്നതാണ് സത്യം.

എ ബി ഡിവില്ലേഴ്സ്, ഹാഷിം അംല, ജെ.പി ഡുമിനി, ഡെയ്ൽ സ്റ്റെയിൻ തുടങ്ങി എതിരാളികൾ ഏറെ ഭയപ്പെട്ടിരുന്ന താരങ്ങളാണ് കഴിഞ്ഞ കുറച്ചു കാലങ്ങൾക്കുള്ളിൽ കളമൊഴിഞ്ഞത്. ഇവർക്ക് പകരക്കാരെ കണ്ടെത്താൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന് കഴിഞ്ഞിട്ടില്ല. പുതിയ താരങ്ങളെ വളർത്തിയെടുക്കേണ്ട യൂത്ത് അക്കാദമികളൊന്നും ദക്ഷിണാഫ്രിക്കയിൽ സജീവമല്ലെന്ന വിമർശനങ്ങൾ നേരത്തെ തന്നെ ഉയർന്നു വന്നിരുന്നു. 

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ കനത്ത തോൽവിയോടെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിനെതിരായ വിമർശനങ്ങൾ ശക്തമായിട്ടുണ്ട്. നായകൻ ഫാഫ് ഡുപ്ലെസി തന്നെയാണ് ബോർഡിനെതിരെ ആദ്യം രംഗത്തെത്തിയത്. ബോർഡിന്റെ വീക്ഷണമില്ലായ്മയാണ് ടീമിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്നാണ് ഡുപ്ലെസിയുടെ വിമർശനം.

ടീമിൽ സമഗ്രമായ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്നാണ് അവസാനമായി പുറത്തു വരുന്ന വിവരങ്ങൾ. നായകസ്ഥാനത്ത് നിന്നും ഡുപ്ലെസിയെ മാറ്റുമെന്നും സൂചനയുണ്ട്. എന്തായാലും ടീം ശക്തമായി തിരിച്ചുവരും എന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.

MORE IN SPORTS
SHOW MORE
Loading...
Loading...