കെസിഎയിലെ അഴിമതി അക്കമിട്ട് നിരത്തി ഓംബുഡ്സ്മാൻ; ഭാരവാഹികൾക്ക് പ്രഹരം

kca22
SHARE

കേരള ക്രിക്കറ്റ് അസോസിയേഷനിലെ കൊടിയ അഴിമതികൾ തുറന്നുപറഞ്ഞ് ഓംബുഡ്സ്മാൻ ജസ്റ്റിസ് വി.രാംകുമാര്‍. അഴിമതിക്ക് കുടപിടിക്കാൻ തയ്യാറാകാത്തതിനാലാണ് തന്നെ ഓംബുഡ്സ്മാന്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കാൻ ശ്രമിച്ചതെന്നും ജസ്റ്റിസ് രാംകുമാര്‍. പ്രസിഡന്‍റ് ജയേഷ് ജോര്‍ജിനെതിരായ അഴിമതി ആരോപണത്തിൽ അന്തിമവാദം കേള്‍ക്കാനിരിക്കെയാണ് തന്നെ തിരക്കിട്ട് മാറ്റിയതന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാംകുമാർ വെളിപ്പെടുത്തി. 

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ബിസിസിഐയുടെ നിയുക്ത ഭാരവാഹിയും, അങ്ങനെ ഇന്ത്യൻ ക്രിക്കറ്റിന്റെ ചുക്കാൻ പിടിക്കാൻ തയ്യാറെടുക്കുന്ന ജയേഷ് ജോര്‍ജ് അടക്കം ഭാരവാഹികൾക്കെതിരെയാണ് ഓംബുഡ്സ്മാന്റെ അപ്രതീക്ഷിത പ്രഹരം. അഴിമതി താൽപര്യങ്ങൾക്ക് വഴങ്ങാതെ വന്നപ്പോൾ തന്നെ നീക്കി പുതിയയാളെ ഓം‍ബുഡ്സ്മാനാക്കി കൊണ്ടുവരാനാണ് ശ്രമിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 14ന് ജയേഷ് ജോര്‍ജിനെതിരായ അഴിമതിക്കേ‌സില്‍ അന്തിമവാദം കേള്‍ക്കാനിരിക്കെയാണ് തിരക്കിട്ട് മാറ്റിയത്. സെക്രട്ടറി ശ്രീജിത് വി.നായരുടെ കള്ളക്കളികള്‍ കണ്ടുപിടിച്ചതും തനിക്കെതിരെ തിരിയാൻ കാരണമായി. ഓംബുഡ്സ്മാനെന്ന നിലയില്‍ കെസിഎ ഭാരവാഹികളുടെ താല്‍പര്യത്തിന് വിരുദ്ധമായി ചില കേസുകളില്‍ വിധി പറഞ്ഞതും ജസ്റ്റിസ് രാംകുമാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഇതിനെല്ലാം പുറമെ അഴിമതിയിടപാടുകളുടെല്ലാം തെളിവുകൾ സൂക്ഷിച്ചിട്ടുള്ള കലൂർ സ്റ്റേഡിയത്തിലെ ഓം‍ബുഡ്സ്മാൻ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് കെസിഎ ഭാരവാഹികൾ അതിക്രമിച്ചുകയറിയതിന്റെ വിവരങ്ങളും സത്യവാങ്മൂലത്തിൽ ഉണ്ട്.

താന്‍ അറിയാതെ പുതിയ ഓംബുഡ്സ്മാന്‍, ജസ്റ്റിസ് ജ്യോതീന്ദ്രനാഥ് അവധി ദിവസം രഹസ്യമായി ചുമതല ഏറ്റെടുക്കാന്‍ ശ്രമിച്ചു. കെസിഎ ഭാരവാഹികള്‍ക്കൊപ്പമാണ് ജസ്റ്റിസ് ജ്യോതീന്ദ്രനാഥ് ചുമതലയേറ്റെടുക്കാന്‍ എത്തിയതെന്നും ജസ്റ്റിസ് വി.രാംകുമാർ ഹൈക്കോടതിയെ അറിയിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ നടത്തിപ്പില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ട്. എന്നാൽ ഹൈക്കോടതി നിര്‍ദേശിച്ചാല്‍ ഇപ്പോള്‍‍ പരിഗണിച്ചു കൊണ്ടിരിക്കുന്ന കേസുകള്‍ തീര്‍പ്പാക്കന്നത് വരെ തുടരാൻ തയാറാണെന്നും ജസ്റ്റിസ് വി.രാംകുമാര്‍ വ്യക്തമാക്കുന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...