കെസിഎ പ്രസിഡന്‍റിനെതിരെ കോടികളുടെ അഴിമതി ആരോപണം; പരാതി

kca
SHARE

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജയേഷ് ജോര്‍ജ് രണ്ടര കോടിയോളം രൂപയുടെ അഴിമതി നടത്തിയതായി ആരോപണം. ജയേഷിന്‍റെ ബിനാമി കമ്പനികള്‍ക്ക് മാത്രം കെസിഎയുടെ കരാറുകള്‍ നല്‍കുന്നുവെന്നാണ് പ്രധാന ആക്ഷേപം. കെസിഎ ഓംബുഡ്സ്മാനെ മാറ്റി കേസുകള്‍ അട്ടിമറിക്കാന്‍ ജയേഷ് ശ്രമിക്കുന്നുവെന്നും കെസിഎ മുന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. 

വ്യക്തമായ കരാറുകളോ ധാരണകളോ ഇല്ലാതെ സ്വന്തം ബിനാമി  കമ്പനികള്‍ക്ക് കെസിഎയുടെ കരാറുകള്‍ നല്‍കുന്നു എന്നാണ് ജയേഷ് ജോര്‍ജിനെതിരായ പ്രധാന ആരോപണം. കെസിഎയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന ഡോട്ടട് ലൈന്‍സ് എന്ന  കമ്പനി ഇത്തരത്തിലൊന്നാണ്. ഈ സ്ഥാപനത്തിന്‍റെ ബാക്ക് അക്കൗണ്ടില്‍ നിന്ന് കെസിഎയുടെയും ജയേഷ് ജോര്‍ജിന്‍റെ ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് മാത്രമാണ് ഇടപാടുകള്‍ നടന്നിട്ടുള്ളത്. പ്രതിമാസം ഒരു ലക്ഷം രൂപ വീതമാണ് ഈ കടലാസ്  കമ്പനിക്ക് നല്‍കുന്നത്. ഇതിനു പുറമേ ജയേഷിന്‍റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടിലേക്ക് വലിയ തുകകള്‍ കെസിഎ അക്കൗണ്ടില്‍ നിന്ന് കൈമാറ്റം ചെയ്തതായും എതിര്‍പക്ഷം ആരോപിക്കുന്നു.

ഇടക്കൊച്ചി സ്റ്റേഡിയത്തിന്‍റെ പേരിലുള്ള പ്രൊജക്ട് ഓഫീസിന്‍റെ മറവില്‍ വന്‍ തിരിമറി നടന്നിട്ടുള്ളതായും ആരോപണമുണ്ട്. സ്വന്തം വാഹനം കെസിഎയുടെ ചെലവില്‍ അറ്റകുറ്റപ്പണി നടത്തി, പിച്ച് നിര്‍മാണത്തിന്‍റെയും പരിപാലനത്തിന്‍റെയും പേരില്‍ തട്ടിപ്പ് നടത്തി തുടങ്ങിയ ആരോപണങ്ങളും കെസിഎ പ്രസിഡന്‍റിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ജയേഷ് ജോര്‍ജിനെതിരായ കേസുകളില്‍ ഓംബുഡ്സ്മാന്‍ വിധി പറയാനാരിക്കെ, തിരക്കിട്ട് അദ്ദേഹത്തെ മാറ്റിയതിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...