ആഘാതത്തില്‍ ‘മഞ്ഞപ്പട’; എല്ലാത്തിനും നന്ദി; ക്ഷമ ചോദിക്കുന്നു; ഞാന്‍ തിരിച്ച് വരും: ജിങ്കന്‍

sandesh-jhingan
SHARE

ഒക്ടോബര്‍ ഇരുപതിന് ഐഎസ്എല്ലിന്‍റെ ആറാം പതിപ്പിന് തിരശീല ഉയരാനിരിക്കെ അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടിയുടെ ആഘാതത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ നെടുംതൂണും ആരാധകരുടെ പ്രിയ താരവുമായ സന്ദേശ് ജിങ്കന്‍ പരുക്കു മൂലം ഈ സീസണില്‍ കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ജിങ്കന്‍റെ കാല്‍മുട്ടിനേറ്റ പരുക്ക് ഭേദമാകാന്‍ കുറഞ്ഞത് ആറുമാസം എങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത്. ആരാധകര്‍ക്കായി സന്ദേശ് കഴിഞ്ഞ ദിവസം ഒരു സന്ദേശം തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തു. 

ഇങ്ങനെയാണ് ജിങ്കന്‍റെ സന്ദേശം: ‘സംഭവിക്കുന്നതെല്ലാം നല്ലതിനു വേണ്ടിയാണെന്ന് സത്യസന്ധമായി ഞാന്‍ വിശ്വസിക്കുന്നു. എല്ലാം ഒരു അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്. എല്ലായ്പ്പോഴും മറ്റൊരിടത്ത് നമ്മളേക്കാള്‍ കൂടുതല്‍ അനുഭവിക്കുന്ന മറ്റൊരാളുണ്ടാകുമെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ തല ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ ഈ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുകയാണ്. തീര്‍ച്ചയായും ഏറെ കഠിനമായ, ദീര്‍ഘമായ ഒരു യാത്രയാണ് എനിക്ക് മുന്നിലുള്ളത്. പക്ഷേ ഇതിനു മുന്‍പ് ഞാന്‍ ഇത്രത്തോളം ഉത്തേജിതനായിട്ടില്ല. കാരണം എനിക്കറിയാം എല്ലാ രാത്രികള്‍ക്കും ശേഷം ഒരു സൂര്യോദയം ഉണ്ടെന്ന്. ജീവിതത്തിലെ കഠിനമായ അനുഭവങ്ങളും ഇരുണ്ട നിമിഷങ്ങളും ആണ് നമ്മെ പരുവപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ എനിക്കുറപ്പുണ്ട്, ഈ അനുഭവം എന്നെ ഒരു നല്ലവ്യക്തിയും കൂടുതല്‍ മികച്ച ഫുട്ബോള്‍ താരവുമായി മാറ്റുമെന്ന്. പഴയതിനേക്കാള്‍ കരുത്തോടെയും ശാരീരിക ക്ഷമതയോടെയും ഞാന്‍ തിരികെയെത്തും. അഭിമാനത്തോടെ തന്നെ. നിങ്ങളുടെ ആശംസകള്‍ക്കും സന്ദേശങ്ങള്‍ക്കും നന്ദി പറയുന്നു. നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ തിരികെ വരും. "

ഇയാന്‍ ഹ്യൂമും മാതേജ് പോപ്ലാട്നിക്കും അടക്കമുള്ള ബ്ലാസ്റ്റേഴ്സിന്‍റെ പഴയ താരങ്ങള്‍ ജിങ്കന്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന ആശംസകളോടെ സന്ദേശങ്ങളയച്ചിട്ടുണ്ട്. രണ്ട് സീസണ്‍ മുന്പ് സമാനമായ പരുക്കിലൂടെ കടന്നു പോയ ഇയാന്‍ ഹ്യൂം തന്‍റെ അനുഭവം പങ്കുവച്ചാണ് ജിങ്കനെ ഉത്തേജിപ്പിക്കുന്നത്. എല്ലാ പിന്തുണയുമായി ജിങ്കന് ഒപ്പമുണ്ടെന്നും ഹ്യൂം തന്‍റെ സന്ദേശത്തില്‍ പറയുന്നു. ഈ സീസണിലെ അവസാന മല്‍സരങ്ങളിലെങ്കിലും സന്ദേശ് ജിങ്കന്‍ ടീമിനൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍

MORE IN SPORTS
SHOW MORE
Loading...
Loading...