സാനിയ മിർസയുടെ സഹോദരിയും അസ്ഹറുദ്ദീന്റെ മകനും വിവാഹിതരാകുന്നു

sania-asad-anam
SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകൻ ആസാദുദ്ദീനും ടെന്നിസ് താരം സാനിയ മിർസയുടെ സഹോദരി അനം മിർസയും വിവാഹിതരാകുന്നു. വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഏറെ നാളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് സ്ഥിരീകരണം ഉണ്ടാകുന്നത്. സാനിയ മിർസ തന്നെയാണ് ഒരു ദേശീയ മാധ്യമത്തോട് വിവാഹ വാർത്ത സ്ഥിരീകരിച്ചത്.

ആസാദിനും അനം മിർസയ്ക്കുമൊപ്പമുള്ള ചിത്രം ‘കുടുംബം’ എന്ന തലവാചകത്തോടെ സാനിയ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. ആസാദും അനവുമൊന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടെങ്കിലും പ്രണയത്തേക്കുറിച്ചോ വിവാഹത്തേക്കുറിച്ചോ സൂചനകളൊന്നും ഇതുവരെ നൽകിയിരുന്നില്ല.

സ്റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന അനം മിർസയുടെ രണ്ടാം വിവാഹമാണ് ഇത്. 2016 നവംബർ 18ന് അക്ബർ റഷീദ് എന്നയാളെ അനം മിർസ വിവാഹം ചെയ്തിരുന്നു. എന്നാൽ, ഒന്നര വർഷത്തോളം നീണ്ട ദാമ്പത്യത്തിനു ശേഷം 2018ൽ ഇരുവരും പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നു.

മുഹമ്മദ് അസ്ഹറുദ്ദീന് ആദ്യ ഭാര്യ നൗറീനിലുള്ള മൂത്ത മകനാണ് ആസാദുദ്ദീൻ എന്ന ആസാദ്. പിതാവിന്റെ പാത പിന്തുടർന്ന് ക്രിക്കറ്റ് താരമായ ആസാദ്, 2018ൽ ഗോവ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അസ്ഹറിന്റെ ഇളയ മകനായ ആയാസുദ്ദീൻ 2011ൽ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.

MORE IN SPORTS
SHOW MORE
Loading...
Loading...