ധോണിയോടു കോലി അതു ധൈര്യമായി പറയുക; ഇതു രാജ്യത്തിന്റെ കാര്യമാണ്: ഗംഭീർ

kohli-gambhir
SHARE

ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനോടു തോറ്റ് ഇന്ത്യ പുറത്തായതിനു പിന്നാലെ ക്രിക്കറ്റിന് ഒരു താൽകാലിക ഇടവേള നൽകിയിരിക്കുകയാണു മുൻ ക്യാപ്റ്റൻ എം.എസ്.ധോണി. വെസ്റ്റ് ഇൻഡീസിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരമ്പരകളിൽ നിന്നു ധോണി സ്വയം പിന്മാറുകയായിരുന്നു. 106 ടെറിട്ടോറിയൽ ആർമി പാരഷൂട്ട് റെജിമെന്റിൽ ഓണററി ലഫ്റ്റനന്റ് കേണലായ ധോണി വിക്ടർ ഫോഴ്സിനൊപ്പം സൈനിക സേവനത്തിനാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് അവധിയെടുത്തത്.

ഡിസംബറിൽ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലായിരിക്കും ധോണി ഇനി ഇന്ത്യൻ ജഴ്സി അണിയാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. ലോകകപ്പിനു ശേഷം കളിച്ചിട്ടില്ലെങ്കിലും മുൻ ക്യാപ്റ്റന്റെ വിരമിക്കലിനെ സംബന്ധിച്ച ചർച്ചകൾ കായിക ലോകത്ത് സജീവമാണ്. നിരവധി താരങ്ങളും പ്രമുഖരുമാണ് ധോണിയുടെ വിരമിക്കലിനെ കുറിച്ച് അഭിപ്രായങ്ങളുമായി ദിവസവും എത്തുന്നത്. മുൻ ഇന്ത്യൻ ബാറ്റ്സ്മാനും ബിജെപി എംപിയുമായ ഗൗതം ഗംഭീറാണ് ഇന്നു ധോണിയുടെ വിരമിക്കലിനെ കുറിച്ചു തുറന്നുപറഞ്ഞത്.

വിരമിക്കൽ തീർത്തും വ്യക്തിപരമായ തീരുമാനമാണ്. കളിക്കാൻ ആഗ്രഹിക്കുന്ന സമയം വരെ അദ്ദേഹത്തിനു കളിക്കാൻ അനുവാദമുണ്ട്. എന്നാൽ ഭാവി കൂടി മുന്നിൽകണ്ടു വേണം തീരുമാനങ്ങൾ എടുക്കാൻ.– ഒരു ഇംഗ്ലീഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ ഗൗതം ഗംഭീർ‌ പറഞ്ഞു. അടുത്ത ഏകദിന ലോകകപ്പ് 2023–ൽ ആണെന്നിരിക്കെ, ആ ടീമിൽ എന്തായാലും ധോണി ഉൾപ്പെടില്ല. അടുത്ത വർഷത്തെ ട്വന്റി–20 ലോകകപ്പിലും ധോണിക്ക് അവസരമുണ്ടാകാൻ സാധ്യതയില്ല. 

അതുകൊണ്ടു ക്യാപ്റ്റനാകുന്നത് കോലിയോ മറ്റാരെങ്കിലുമോ ആകട്ടെ, ധോണിയോട് ഇക്കാര്യം തുറന്നുപറയാനുള്ള ധൈര്യമാണ് വേണ്ടത്. യുവതാരങ്ങളെ വളർത്തികൊണ്ടു വരേണ്ട സമയമാണിത്. അതുകൊണ്ടു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവിപദ്ധതികളില്‍ ‍ധോണിയില്ലെന്നു അദ്ദേഹത്തോടു പറയാനുള്ള ആർജവം ക്യാപ്റ്റൻ കാണിക്കണമെന്നു ഗംഭീർ പറഞ്ഞു.

ഇതു ധോണിയുടെ മാത്രം കാര്യമല്ല, രാജ്യത്തിന്റെ കൂടെയാണ്. ലോകകപ്പ് ടീമിൽ ധോണിയുണ്ടാകുമോ എന്നല്ല, അടുത്ത ലോകകപ്പ് ഇന്ത്യ നേടുമോ എന്നതാണ് പ്രധാനം. സഞ്ജു സാംസണെയും ഋഷഭ് പന്തിനെയും പോലുള്ള യുവതാരങ്ങളെ വളർത്തികൊണ്ടു വരേണ്ട സമയമാണിത്. അടുത്ത നാലോ അഞ്ചോ വർഷത്തേക്ക് ഇവർക്ക് കൂടുതൽ അവസരങ്ങൾ നൽകണം. ധോണിയില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമായി.– ഗംഭീർ പറഞ്ഞു.

MORE IN SPORTS
SHOW MORE
Loading...
Loading...