എന്ത് കൊണ്ട് മെസി? അപ്രതീക്ഷിതം മിശിഹയുടെ ഈ എന്‍ട്രി

messi-2
SHARE

അവസാന നിമിഷം വരേയും ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡൈക്കിന്റെ കിരീടധാരണം പ്രതീക്ഷിച്ചിരുന്നവര്‍ക്കിടിയിലേക്ക് അപ്രതീക്ഷിതമായിരുന്നു സാക്ഷാല്‍ മിശിഹയുടെ എന്‍ട്രി. വാന്‍ ഡൈക്ക് യൂറോപ്പിലെ താരമായതോടെ ലോക ഫുട്ബോളര്‍ പട്ടവും ഡച്ച് താരത്തിനെന്ന് നിരീക്ഷകര്‍ ഉറപ്പിച്ചു. അവിടെയാണ് മെസി ഉദിച്ചുയര്‍ന്നത്. എന്ത് കൊണ്ടാണ് ചിര വൈരിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും വാന്‍ ഡൈക്കിനേയും മറികടന്ന് ആറാംവട്ടവും മെസി താരമായത് ?

സ്ട്രൈക്കറായും പ്ലേ മേക്കറായും വിങ്ങറായും മെസി കളത്തില്‍ നിറഞ്ഞു. യൂറോപ്പിലെ ആകെ  പ്രകടനം ഇങ്ങനെയാണ്. 36 ഗോളുമായി ടോപ് സ്കോറര്‍. അസിസ്റ്റില്‍ അഞ്ചാമത്, ഗോളവസരങ്ങള്‍ സൃഷടിക്കുന്നതില്‍ മൂന്നാംസ്ഥാനത്ത്, വിജയകരമായി ഡ്രിബിള്‍ ചെയ്ത് മുന്നേറുന്നതില്‍ നാലാമത്.

ഇനി ലാ ലീഗയിലെ കണക്കുകള്‍. അവിടേയും മെസി ടോപ് സ്കോറര്‍. ലാ ലീഗയിലെ ടോപ് അസിസ്റ്റ് മേക്കറും മിശിഹ തന്നെ. ലീഗില്‍ ബാര്‍സയെ ആധികാരികമായി കിരീടത്തിലേക്ക് എത്തിച്ചതില്‍ നിര്‍ണായക ശക്തിയായി. 

ചാംപ്യന്‍സ് ലീഗില്‍ സെമി വരെ കറ്റാലന്‍മാരെത്തിയതിന് പിന്നിലും മെസി ഫാക്ടര്‍ തന്നെ. സെമിയില്‍ ആന്‍ഫീല്‍ഡില്‍ നടന്ന നാടകീയമായ രണ്ടാംപകുതിയില്‍ തോറ്റ്  പുറത്തായെങ്കിലും അന്ന് ഏറ്റവും കൂടുതല്‍ ഗോള്‍ അവസരങ്ങള്‍ തീര്‍ത്തത് മെസിയാണ്.  കോപ്പ ഡെല്‍ റേയില്‍ ബാര്‍സയെ ഫൈനലില്‍ എത്തിച്ചു. കോപ്പ അമേരിക്കയില്‍ അര്‍ജന്റീന മൂന്നാംസ്ഥാനത്തെത്തിയതും മെസിക്ക് തുണയായി. 

കളിച്ചും കളിപ്പിച്ചും ഗോളടിച്ചും ഗോളടിപ്പിച്ചും മുന്നേറിയാണ് മെസി 'ബെസ്റ്റ് ' ആയത്. ഏറ്റവും കൂടുതല്‍ തവണ ലോക ഫുട്ബോളര്‍ പട്ടം സ്വന്തമാക്കുന്ന താരമാണ് മെസി. അഞ്ചുവട്ടം നേട്ടം സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാമത്. ഇതോടെ മെസിയോ റൊണാള്‍ഡോയോ ഗോട്ട് എന്ന തര്‍ക്കത്തിന് വീണ്ടും മൂര്‍ച്ച കൂടുകയാണ്.

MORE IN SPORTS
SHOW MORE
Loading...
Loading...