മെസ്സി ബാഴ്സ വിടുന്നോ; ക്ലബ്ബ് പ്രസിഡന്റ് പറ‍ഞ്ഞതിന് പിന്നിലെന്ത്? താരം പറയുന്നു

messi-barca-13
SHARE

ബാഴ്സ, മെസ്സി ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ക്ലബ്ബ് പ്രസിഡന്റ് ജോസെപ് മരിയ ബർതോമ്യോ ഒരു പരാമർശം നടത്തിയത്. ക്ലബില്‍ തുടരണമോ എന്ന കാര്യം മെസ്സിക്ക് വേണമെങ്കില്‍ തീരുമാനിക്കാമെന്നായിരുന്നു ബർത്യോമയുടെ പരാമർശം. മെസ്സി ബാഴ്സ വിടുന്നു എന്ന തരത്തിലാണ് പിന്നീട് ചർച്ചകൾ ചൂടുപിടിച്ചത്. 

വിഷയത്തെക്കുറിച്ച് ഇപ്പോൾ മാത്രമാണ് മെസ്സി സംസാരിക്കാൻ തയ്യാറായത്. ക്ലബ്ബ് വിടുമെന്നോ ബാഴ്സയിൽ തുടരുമെന്നോ വ്യക്തമാക്കാതെയാണ് മെസ്സി സംസാരിച്ചത്. സ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞതിങ്ങനെ:

'കരാറില്‍ ചില നിബന്ധനകള്‍ ഉള്ളതിനാല്‍ ഈ വിഷയത്തില്‍ എനിക്കൊന്നും തുറന്നു പറയാനാകില്ല. പറ്റുന്നത്ര കാലം ബാഴ്‌സയില്‍ കളിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്റെ ശരീരം അനുവദിക്കുന്നിടത്തോളം കാലം. അതിന് കരാറൊന്നും ഒരു പ്രശ്‌നമല്ല. എന്റെ അച്ഛനാണ് കരാറിന്റെ കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്നത്. ഞാന്‍ എന്റെ ചിന്തകള്‍ പങ്കുവയ്ക്കുക മാത്രമാണ് ചെയ്യുന്നത്.'

'ബാഴ്‌സയാണ് എന്റെ വീടെന്ന് കരിയറില്‍ ഉടനീളം ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇയൊരു കാരണം കൊണ്ട് മാത്രം ക്ലബുമായി ഒരു ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുന്നതില്‍ താത്പര്യമില്ല. ഇപ്പോള്‍ ഞാനിവിടെ സന്തുഷ്ടനാണ്. ടീമിലെ ഒരു പ്രധാന അംഗമായതില്‍ സന്തുഷ്ടനാണ്. വിജയിക്കുന്ന ഒരു ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നെ സംബന്ധിച്ച് പണവും കരാര്‍ നിബന്ധനകളൊന്നുമല്ല എല്ലാം. പ്രചോദനമേകുന്ന മറ്റു പലതുമുണ്ട്. അതില്‍ പ്രധാനം വിജയിക്കുന്ന ഒരു ടീമുണ്ടാവുക എന്നതാണ്. എവിടെയും പോകണമെന്ന ഉദ്ദേശമൊന്നും എനിക്കില്ല-അഭിമുഖത്തില്‍ മെസ്സി പറഞ്ഞു.

‌നെയ്മര്‍ ബാഴ്‌സയിലേയ്ക്ക് തിരിച്ചുവരണമെന്ന് താന്‍ ആത്മാര്‍ഥമായി ഗ്രഹിച്ചിരുന്നുവെന്നും മെസ്സി പറഞ്ഞു. പിന്നെ ബാഴ്‌സയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനല്ല. ഞാന്‍ മറ്റേത് കളിക്കാരനെയും പോലെയാണ്. ബാഴ്‌സയിലേയും അര്‍ജന്റീന ടീമിലെയും കാര്യങ്ങള്‍ ഞാനാണ് തീരുമാനിക്കുന്നതെന്ന ആരോപണങ്ങള്‍ പണ്ടേ കേട്ടുമടുത്തതാണ്-മെസ്സി പറഞ്ഞു.

MORE IN SPORTS
SHOW MORE
Loading...
Loading...