ബിയാന്‍കയുടെ ചുറുചുറുക്കില്‍ ഇടറിവീണ ‌സെറീനയുടെ പവര്‍ ഷോട്ടുകള്‍: ചരിത്രപ്പിറവി ഇങ്ങനെ

bianca-serena
SHARE

1999–ല്‍ യുഎസ് ഓപ്പണില്‍ കിരീടം നേടി ഒരു പതിനെട്ടുകാരി അത്ഭുതമായി. പിന്നീട് കോര്‍ട്ടുകള്‍ ഒന്നൊന്നായി കീഴടക്കി മുന്നേറിയ അവരെ ഇതിഹാസമെന്ന് ലോകം വാഴ്ത്തി. 23 ഗ്രാന്‍‍സ്ലാമുകളുടെ പ്രൗഢിയോടെ തലയുയര്‍ത്തി നിന്ന ആ അമേരിക്കക്കാരിയെ സെറീന വില്യംസെന്ന് വിളിച്ചു. കൃത്യം ഇരുപതാണ്ടുകള്‍ക്കിപ്പുറം കാനഡയില്‍ നിന്നെത്തിയ പത്തൊന്‍പതുകാരി ഇതാ യുഎസ് ഓപ്പണിന്റെ നെറുകയിലേക്ക്. സെറീനയെക്കണ്ട് റാക്കറ്റ് എടുത്ത ബിയാന്‍ക ആന്‍ഡ്രിസ്ക്യൂ എന്ന കാനഡക്കാരി. 

  ആരുജയിച്ചാലും ചരിത്രമാകുമെന്ന പോരാട്ടം. അതായിരുന്നു സെറീന–ബിയാന്‍ക ഫൈനല്‍. 24 ഗ്രാന്‍സ്ലാമുകളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ സര്‍വകാല റെക്കോര്‍ഡ് ലക്ഷ്യമിട്ടിറങ്ങിയ സെറീന. അരങ്ങേറ്റ യുഎസ് ഓപ്പണില്‍ തന്നെ കിരീടം ചൂടാനിറങ്ങിയ ബിയാന്‍ക. അമേരിക്കന്‍ ഇതിഹാസത്തിന്റെ കിരീടധാരണം കൊതിച്ച് ഗാലറിയില്‍ കാത്തിരുന്ന ആരാധകര്‍ക്ക് പക്ഷേ  സെറീനയുടെ പവര്‍ ഷോട്ടുകള്‍ ബിയാന്‍കയുടെ ചുറുചുറുക്കിന് മുന്നില്‍ ഇടറിവീഴുന്നത് കണ്ട് ഞെട്ടിത്തരിക്കാനായിരുന്നു വിധി.

ഒരു പക്ഷേ കാലം കാത്തുവച്ച മറ്റൊരു ആശ്വമേധത്തിനുള്ള തുടക്കമാകാം ഇത്. മരിയ ഷറപ്പോവയ്ക്ക് ശേഷം കിരീടം നേടുന്ന ആദ്യകൗമാരതാരം. ഒരു മേജര്‍ ടെന്നിസ് ടൂര്‍ണമെന്റ് സ്വന്തമാക്കുന്ന ആദ്യകനേഡിയന്‍. ആദ്യയുഎസ് ഓപ്പണില്‍ തന്നെ ചാംപ്യന്‍.. അങ്ങനെ റെക്കോര്‍ഡുകള്‍ ഏറെയുണ്ട് ഈ ഒരൊറ്റ ജയത്തിന്. 

ഈ ടൂര്‍ണമെന്റില്‍ മറികടന്നത് വോസ്നിയാക്കി, ടെയ്‌ലര്‍ ടൗണ്‍സെന്റ്, എലിസ് മെര്‍ട്ടെന്‍സ്, ബെലിന്‍ഡ ബെന്‍സിച്ച് തുടങ്ങി പേരുകേട്ട താരനിരയെ. 

കഴിഞ്ഞ വര്‍ഷം സെറീനയെ തോല്‍പ്പിച്ച് ചാംപ്യനായ ജാപ്പനീസ്താരം നയൊമി ഒസാക്കയെ കണ്ടു പഠിക്കൂവെന്നാണ് ബിബിയോട് ആരാധകര്‍ പറഞ്ഞത്. എന്നാല്‍ ഒസാക്കയേക്കാള്‍ മിന്നിത്തിളങ്ങി ബിബി. പെട്ടെന്നൊരിക്കല്‍ ഉണ്ടായ അത്ഭുതമൊന്നുമല്ല ബിയാന്‍കയുടെ ഈ ജയം. ഒരു വമ്പന്‍ വരവിന്റെ സൂചന അവര്‍ നേരത്തേ തന്നെ തന്നിരുന്നു. എ എസ് ബി ക്ലാസിക്കില്‍ വോസ്നിയാക്കിയേയും വീനസിനേയും തോല്‍പ്പിച്ചു. ഇന്ത്യന്‍ വെല്‍സില്‍ മുഗുരുസയേയും സ്വിറ്റോലിനയേയും തോല്‍പ്പിച്ച് ഫൈനലില്‍. കലാശപ്പോരില്‍ ഏയ്ഞ്ചലിക് കെര്‍ബറെ മറികടന്ന് കിരീടത്തിലേക്ക്..

കനേഡിയന്‍ ഓപ്പണ്‍ ഫൈനലില്‍ സാക്ഷാല്‍ സെറീന തന്നെയായിരുന്നു എതിരാളി. പക്ഷേ പരുക്കിനെത്തുടര്‍ന്ന് സെറീന പിന്‍മാറിയതോടെ ബിയാന്‍ക ചാംപ്യനായി. അന്ന് പൊരുതി നേടാനാകാതെ പോയതിന്റെ സങ്കടമാകും ബിയാന്‍ക ഇന്ന് തീര്‍ത്തത്.. എന്തായാലും സെറീനയുടെ തലവരമാറ്റിയ വേദിയില്‍ സെറീനയെപ്പോലെ കളിച്ച് ജയിച്ച ബിയാന്‍കയും ചരിത്രം തിരുത്തുമെന്ന പ്രതീക്ഷയിലാണ് ടെന്നിസ് ലോകം

MORE IN SPORTS
SHOW MORE
Loading...
Loading...