സിന്ധുവിനെ ലോകചാംപ്യനാക്കിയത് കിമ്മിന്റെ തന്ത്രങ്ങള്‍; കൈമിടുക്കിലെ ആ പോരായ്മ താണ്ടി

kimji28
SHARE

ചിലര്‍ വരുമ്പോള്‍ കാര്യങ്ങള്‍ മാറിമറിയും. അതാണ് പി.വി.സിന്ധുവിന്റെ പരിശീലകയായി ദക്ഷിണ കൊറിയയുടെ ഏഷ്യന്‍ ഗെയിംസ് ചാംപ്യന്‍ കിം വന്നപ്പോള്‍ സംഭവിച്ചത്.  ലോകത്തിന് ഇന്ത്യയുടെ സിന്ധൂരക്കുറി ചാര്‍ത്താന്‍ അഞ്ചുമാസത്തെ കഠിന പരിശീലനം ആണ് പി.വി.സിന്ധു നടത്തിയത്.  കിം പരിഹരിച്ചത് സിന്ധുവിന്റെ കൈമിടുക്കിലെ പോരായ്മയാണ്. പരിശീലനത്തിനും പ്രചോദനത്തിനും പുതുവഴികള്‍ തീര്‍ത്ത കിമ്മിന്റെ തന്ത്രങ്ങള്‍ സിന്ധു ആത്മവിശ്വാസത്തോടെ റാക്കറ്റിലേക്ക് ആവാഹിച്ചപ്പോള്‍ ബാഡ്മിന്റന്‍ ലോകം സിന്ധുവിന് മുന്നില്‍ തലകുനിച്ചു.   

കിമ്മിന്റെ തന്ത്രങ്ങള്‍ എന്തൊക്കെ?

സിന്ധുവിന്റെ അറ്റാക്കിങ് ഗെയിമിന്റെ മൂര്‍ച്ച കൂട്ടാന്‍ പ്രധാനമായും മൂന്നുകാര്യങ്ങളിലാണ് കിം ശ്രദ്ധിച്ചത്. 

1. കൈക്കുഴ ഉപയോഗിച്ചുള്ള ഷോട്ടുകളുടെ വേഗവും വഴക്കവും കൂട്ടി

2. എതിരാളിയെ കബളിപ്പിക്കാനുള്ള തന്ത്രങ്ങള്‍ സ്വായത്തമാക്കി 

3. നെറ്റ് സ്കില്‍ പിഴവുറ്റതാക്കി 

പി.വി.സിന്ധുവിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ മനസിലാക്കിയ കിം ആദ്യം ചെയ്തത് കൈക്കുഴ ഉപയോഗിച്ചുള്ള ഷോട്ടുകള്‍ക്ക് കരുത്തുകൂട്ടുകയായിരുന്നു. ഫോര്‍ഹാന്‍ഡ് ഗ്രിപ്പും ബാക്ഹാന്‍ഡ് ഗ്രിപ്പും കൈക്കുഴയുടെ വഴക്കമനുസരിച്ച് ഷോട്ടുതിര്‍ക്കുമ്പോള്‍ കരുത്തുകൂട്ടുന്നു.  പിടിക്കുന്നതിലെ  പിന്നാലെ നെറ്റ് സ്കില്ലിനുവേണ്ടി മണിക്കൂറുകള്‍ മാറ്റിവച്ചു. 

നെറ്റിലേക്ക് ഓടിക്കയറി ഷോട്ടുകള്‍ പായിക്കാനും റിട്ടേണുകള്‍ പായിക്കാനും വേണ്ടത് മികച്ച പാദചലനങ്ങളും റാക്കറ്റിന്റെ മേലുള്ള പിടുത്തം കൃത്യതയുള്ളതാക്കുക എന്നിവയാണ്. ഡ്രോപ് ഷോട്ടുകള്‍ക്കും സ്മാഷുകള്‍ക്കും കൃത്യതകൂട്ടാനാണ് നെറ്റ് സ്കില്ലില്‍ കൂടുതലായി ശ്രദ്ധിച്ചത്. 

എതിരാളിയെ കബളിപ്പിക്കാനുള്ള തന്ത്രങ്ങള്‍ക്കായി എതിരാളിയുടെ കളിരീതികളും മനസിലാക്കിയിരിക്കണം. ഡ്രോപ് ഷോട്ടുകള്‍ക്കും സ്ലോ ഷോട്ടുകള്‍ക്കും ഡബിള്‍ ആക്ഷന്‍ ഷോട്ടുകള്‍ക്കും കബളിപ്പിക്കല്‍ ഭംഗിയായി നടത്തുന്നു. എതിരാളിയുടെ ഷോട്ട് എവിടേക്കാവും എന്ന് ഊഹിച്ചാണ് ഓരോ താരവും ഷോട്ടുകള്‍ പായിക്കുന്നത്. ഇത്തരത്തില്‍ ഷോട്ടുകള്‍ പായിക്കുമ്പോള്‍ എതിരാളി ഊഹിക്കുന്നതിന് മറുവശത്തേക്ക് ഷോട്ടുകള്‍ പായിച്ചാണ് കബളിപ്പിക്കല്‍ നടത്തുന്നത്. ഇത് ഒരു റാലിയില്‍ മാത്രം ഒതുങ്ങുന്നതല്ല, കളിയില്‍ ഉടനീളം ഇത് പ്രയോഗിക്കേണ്ടിവരും. 

പരിശീലനം മാത്രമല്ല, പ്രചോദനവും നല്‍കി

പരിശീലനത്തിനായി ചിട്ടയോടെ സമയം ക്രമീകരിച്ച കിം ചിലപ്പോഴെല്ലാം താരങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് അവരുടെ സമ്മര്‍ദം അകറ്റി. ഒപ്പം പൊസിറ്റീവായ കാര്യങ്ങള്‍ സംസാരിച്ചും അവരുടെ കഴിവിനെക്കുറിച്ച് കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തിയും കിം മാനസികമായും താരങ്ങളെ ഒരുക്കി. 

കിം എത്തിയത് എപ്പോള്‍..?

ഈവര്‍ഷം മാര്‍ച്ചിലാണ് ദക്ഷിണകൊറിയയുടെ മുന്‍ താരം കിം ജി ഹ്യൂന്‍ ഇന്ത്യയിലെത്തിയത്. ഏപ്രില്‍ മുതല്‍ സൈന നെഹ്‌വാളിന്റെയും പി.വി.സിന്ധുവിന്റെയും പരിശീലകയായി ചുമതലയേറ്റു. പി.ഗോപിചന്ദിന് മറ്റ് താരങ്ങളെക്കൂടി ശ്രദ്ധിക്കേണ്ടി വന്നതിനാലാണ് ദക്ഷിണ കൊറിയയുടെ കിം എത്തിയത്. 1994 ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ കിം ലോക ജൂനിയര്‍ ചാംപ്യനായിരുന്നു. പിന്നീട് പരിശീലകയുടെ റോളിലേക്ക് മാറിയ കിം എപ്പോഴും പുതുരീതികള്‍ താരങ്ങള്‍ക്കായി അവതരിപ്പിച്ചു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...