ലക്ഷ്മണ്‍ മുതല്‍ ബെന്‍ സ്റ്റോക്സ് വരെ; ടെസ്റ്റിലെ കൂറ്റന്‍ സ്കോറുകള്‍ ഇതാ

vvsstokes27
SHARE

50 ഓവറില്‍ നിന്ന് ക്യാപ്സൂള്‍ ക്രിക്കറ്റുപോലെ 20 ഓവറിലേക്ക് കളി ചുരുങ്ങിയെങ്കിലും ടെസ്റ്റ് മത്സരങ്ങളുടെ പ്രതാപം ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ലീഡ്സിലെ ഇംഗ്ലണ്ട്–ഓസ്ട്രേലിയ മത്സരവും പറയുന്നത്. ബെന്‍സ്റ്റോക്സിന്റെ സുന്ദരമായ ബാറ്റിങില്‍ ഒരുവേള മതിമറന്നു പോയി ക്രിക്കറ്റ് പ്രേമികള്‍. പുറത്താകാതെ സ്റ്റോക്സ് നേടിയ 135 റണ്‍സിന് എവറസ്റ്റോളം വലിപ്പം വിമര്‍ശകര്‍ പോലും നല്‍കുന്നു. ക്ഷമയോടെ അങ്ങേയറ്റം തന്ത്രപരമായ കളി പുറത്തെടുക്കുന്നതിലൂടെ മാത്രമേ ടെസ്റ്റ് മത്സരങ്ങളില്‍ ഇത്തരം ഇന്നിങ്സുകള്‍ കണ്ടെത്താനുമായിട്ടുള്ളൂ.

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ആറ് സ്കോറുകളില്‍ ഒന്നാമത്തേത് ഇന്ത്യയുടെ വിവിഎസ് ലക്ഷ്മണിന്റെ പേരിലാണ്.  ഓസ്ട്രേലിയയ്ക്കെതിരെ 2001 ല്‍ നേടിയ 281 റണ്‍സാണ് ആ പടുകൂറ്റന്‍ നേട്ടം. മുങ്ങിത്താണ ഇന്ത്യയെ ഒരു കരയ്ക്കെത്തിച്ചത് രാഹുല്‍ ദ്രാവിഡിന്റെയും ലക്ഷ്മണിന്റെയും ഉജ്വല ബാറ്റിങായിരുന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ 376 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചിലായിരുന്നു സ്റ്റീവോയെയും സംഘത്തെയും നാലുപാടും ലക്ഷ്മണ്‍ അടിച്ചു പായിച്ചത്.

സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാനാണ് ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടക്കാരുടെ ഈ പട്ടികയില്‍ രണ്ടാമന്‍. മെല്‍ബണില്‍ നേടിയ 270 റണ്‍സ് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പ്രകടനമാണ്. ദയനീയമായ ആദ്യ ഇന്നിങ്സിന് ശേഷം ബാറ്റിങ് ഓര്‍ഡര്‍ തകിടം മറിച്ച് ഏഴാമനായി ഇറങ്ങിയാണ് ബ്രാഡ്മാന്‍ ചരിത്രം രചിച്ചത്. 3–2 ന് പരമ്പര ഓസ്ട്രേലിയ നേടി. 

perera27

1991 ല്‍  വെസ്റ്റ് ഇന്‍ഡീസിനെതിരായി നടന്ന മത്സരത്തില്‍ പുറത്താകാതെ നേടിയ 154 റണ്‍സാണ് ഗ്രഹാം ഗൂച്ചിനെ മൂന്നാമനാക്കിയത്. 22 വര്‍ഷത്തിനിടയില്‍ സ്വന്തം ഗ്രൗണ്ടില്‍ ഒരു ടെസ്റ്റ് പരമ്പര പോലും നേടാന്‍ സാധിക്കാത്തതിന്റെ വിഷമവുമായാണ് ഗൂച്ചും സംഘവും അന്ന് കളിക്കാനിറങ്ങിയത്. കരുത്തരായ വിന്‍ഡീസിന്റെ പേസ് ആക്രമണത്തെ ചെറുക്കാന്‍ ശേഷിയുള്ളവരായി ഇംഗ്ലീഷ് നിരയില്‍ അന്ന് ഗൂച്ചുള്‍പ്പടെ വിരലില്‍ എണ്ണാവുന്നവരാണ് ഉള്ളത്. ഓപ്പറായി ഇറങ്ങിയ ഗൂച്ച് രണ്ടാം ഇന്നിങ്സ് മുഴുവന്‍ നിന്ന് കളിച്ചു. അതും ഫാസ്റ്റ് ബൗളിങിന് പേര് കേട്ട മാല്‍കം മാര്‍ഷലിന്റെയും കോട്നി വാല്‍ഷിന്റെയും പന്തുകളെ നേരിട്ട്. ബാക്കിയെല്ലാവരും 27 കടക്കുന്നതിന് മുമ്പ് പവലിയനിലേക്ക് മടങ്ങിയപ്പോഴായിരുന്നു ഗൂച്ചിന്റെ ഈ ഒറ്റയാള്‍ പോരാട്ടം.

1999 ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ബ്രയാന്‍ ലാറ നേടിയ 153 റണ്‍സും നേട്ടങ്ങളുടെ പട്ടികയിലാണ്. ക്രിക്കറ്റ് ലോകത്ത് വെസ്റ്റിന്‍ഡീസിന്റെ പ്രതാപം അവസാനിച്ചുവെന്ന് എല്ലാവരും വിധിയെഴുതിയ കാലത്താണ് വീരോചിതമായ ഈ സ്കോര്‍ ലാറ നേടുന്നത്. തൊട്ടുമുമ്പ് നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ 5–0ത്തിന് പരാജയപ്പെട്ടതോടെ വിന്‍ഡീസ് കടുത്ത സമ്മര്‍ദ്ദത്തിലുമായിരുന്നു. ഒരു വശത്ത് ലാറ മറുവശത്ത് ഗ്ലെന്‍ മഗ്രാത്തും, ഗില്ലസ്പിയും, ഷെയ്ന്‍ വോണും. വിജയിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്ന നിലയില്‍ നിന്ന് ഒറ്റ വിക്കറ്റിന്റെ നാടകീയ ജയം സമ്മാനിച്ചു ലാറ. ഇതിഹാസമെന്നല്ലാതെ എന്ത് വാഴ്ത്താകും ലാറയ്ക്ക് ചേരുക.

സൂപ്പര്‍മാനെ പോലെ കളിച്ചാണ് ശ്രീലങ്കന്‍ താരം കുശാല്‍ പെരേര 153 റണ്‍സ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയത്. കരുത്തരായ ദക്ഷിണാഫ്രിക്കന്‍ നിരയ്ക്കെതിരെ 12 ഫോറും അഞ്ച് സിക്സുമാണ് പെരേര നേടിയത്. പെരേരയുടെ പോരാട്ടവീര്യം അന്ന് ദര്‍ബനില്‍ കുറിച്ചത് രണ്ട് റെക്കോര്‍ഡുകളാണ്. ഏറ്റവും ഇയര്‍ന്ന അവസാന വിക്കറ്റ് കൂട്ടുകെട്ടും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നാലാം ഇന്നിങ്സില്‍ ചെയ്സ് ചെയ്ത് വിജയിക്കുകയെന്ന അപൂര്‍വ ബഹുമതിയും സ്വന്തമാക്കിയാണ് താരം കളം വിട്ടത്. 

ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍ വേട്ടക്കാരുടെ പട്ടികയിലേക്ക് ആറാമനായി ഇതാ ബെന്‍ സ്റ്റോക്സും. തകര്‍ച്ചയുടെ വക്കില്‍ നിന്ന് അവിശ്വസനീയമാം വിധമാണ് ഇംഗ്ലണ്ടിനെ സ്റ്റോക്സ് രക്ഷിച്ചത്. 219 പന്തില്‍ താന്‍ നേടിയ 135 റ‍ണ്‍സിനെ താരവും വിശേഷിപ്പിച്ചത് അവിശ്വസനീയമെന്ന് തന്നെയാണ്. മൂന്നാം ദിവസം ബാറ്റിങ് അവസാനിപ്പിക്കുമ്പോള്‍ 50 പന്തില്‍ നിന്ന് വെറും രണ്ട് റണ്‍സെടുത്ത് നിന്ന സ്റ്റോക്സ് ഉഗ്രരൂപിയാകുന്ന കാഴ്ചയാണ് ഓസ്ട്രേലിയന്‍ താരങ്ങള്‍ കണ്ടത്. 

MORE IN SPORTS
SHOW MORE
Loading...
Loading...