കഴിഞ്ഞതു കഴിഞ്ഞു: പുതിയ സീസണ്‍, പുതിയ പരിശീലകർ, പുതുനിര

blasters
SHARE

കഴിഞ്ഞതെല്ലാം കഴിഞ്ഞു, ഇനി പുതിയ സീസണ്‍, പുതിയ പരിശീലക സംഘം, പുതുനിര. കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ബൂട്ടുകെട്ടുന്നു. വിശ്വാസം അര്‍പ്പിക്കാം ഒരിക്കല്‍ കൂടി ജിങ്കാന്റെ കാലുകളെ.


ഒക്ടോബര്‍ ഇരുപതിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മഞ്ഞക്കടലായി ആര്‍ത്തിരമ്പും. ഐഎസ്എല്‍ ആറാം സീസണിലെ ആദ്യമല്‍സരം കൊച്ചിയുടെ തട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്സും എടികെയും തമ്മിലാണ്. പുതിയ കോച്ചിനുകീഴില്‍ ‘മേയ്ക്ക് ഓവറി’ലാണ് കേരള ബ്ലാസ്റ്റേഴ്സ്. നെതര്‍ലന്‍ഡ്സില്‍ നിന്നുള്ള എൽകോ ഷട്ടോരി ബ്ലാസ്റ്റേഴ്സ് നിരയെ ഒരുക്കുന്നത് യു.എ.ഇയിലാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗും ഇന്ത്യന്‍ സാഹചര്യങ്ങളും ഏറെ മനസിലാക്കിയ ഷട്ടോരിക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പ്ലേ ഓഫ് കളിപ്പിച്ച മികവും ഉണ്ട്. വീണ്ടും സന്ദേശ് ജിങ്കാനുകീഴിലാണ് മഞ്ഞപ്പട അണിഞ്ഞൊരുങ്ങുന്നത്. ശൈലി പരീക്ഷണങ്ങളും വിദേശ ക്ലബുകൾക്കെതിരായ ഏറ്റുമുട്ടലുകളും ആണ് യുഎഇയില്‍ മഞ്ഞപ്പട നടത്തുന്നത്.

പരിശീലകസംഘത്തിലെ അഴിച്ചുപണി

അഞ്ചാംസീസണിലെ ഒന്‍പതാംസ്ഥാനം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ മഞ്ഞപ്പടയക്ക് നല്‍കിയ നിരാശ ചെറുതല്ല. അതിനാല്‍ പാഠം ഉള്‍ക്കൊണ്ട് പരിശീലക സംഘത്തെയും താരങ്ങളെയും അഴിച്ചുപണിതാണ് കേരള ബ്ലാസ്റ്റേഴ്സ് ആറാം സീസണ് ഇറങ്ങുന്നത്. നോര്‍ത്ത് ഈസ്റ്റിനെ പരിശീലിപ്പിച്ച ഷട്ടോരിയാണ് മഞ്ഞപ്പടയുടെ പുതിയ ആശാന്‍. ഈസ്റ്റ് ബംഗാളിനെ ഒരുക്കിയിട്ടുള്ള പരിചയവും ആശാനുള്ളതിനാല്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ നന്നായിട്ടറിയാം. വടക്കുകിഴക്ക് നിന്നെത്തിയ സഹപരിശീലകനെ പറത്തിയ കേരള ബ്ലാസ്റ്റേഴ്സ്, മുൻ താരം ഇഷ്ഫാക് അഹമ്മദിനെ ജംഷഡ്പുർ എഫ്സിയിൽ നിന്ന് സഹപരിശീലക സ്ഥാനത്തേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. ഗോൾ കീപ്പർമാരെ ഒരുക്കാന്‍ എത്തിയിരിക്കുന്നത് ഇംഗ്ലിഷ് ലീഗ് ടീമുകളിലൂടെ പേരെടുത്ത ജോൺ ബുറിജാണ്.

താരനിര അളന്നുമുറിച്ച ക്രോസ് പോലെ

മുന്നേറ്റനിരയില്‍ നോർത്ത് ഈസ്റ്റിന്റെ രക്ഷകനായിരുന്ന നൈജീരിയക്കാരനായ ഷാർപ് ഷൂട്ടർ ബെർത്തലോമിയോ ഒഗ്െബച്ചെ, മധ്യനിരയിലേക്കു ജംഷഡ്പുരിലെ സ്പാനിഷ് ജോടിയായ മാരിയോ ആർക്കെസ് – സെർജിയോ സിഡോഞ്ച, സെനഗൽ താരം മുഹമ്മദ് മുസ്തഫ നിങ്, പ്രതിരോധത്തിൽ ഡച്ച് താരം ജിയാനി സുയിവർലൂൺ, ബ്രസീല്‍ താരം ജെയ്റോ റോഡ്രിഗസ് എന്നീ വിദേശതാരങ്ങള്‍ ആറാംസീസണില്‍ മഞ്ഞപ്പടയ്്ക്ക് കരുത്താകും. പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാനും റുവാത്താരയും റാക്കിപ്പും പ്രീതം സിങ്ങും അബ്ദുൾ ഹക്കുവും ടീമിൽ തുടരുന്നുണ്ട്. ഒപ്പം ബ്രസീലില്‍ നിന്നുള്ള ജെയറോ റോഡ്രിഗസ് കൂടി ചേരുന്നതോടെ പ്രതിരോധം വലിയ കോട്ടയായി ഉയരും. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിച്ച മിഡ്‌ഫീൽഡർമാരായ മലയാളി താരം കെ.പി.രാഹുൽ, ജീക്സൺ സിങ്, ഐലീഗിലെ മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ട റയൽ കശ്മീർ താരം ബിലാൽ ഖാൻ, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി ഗോളി ടി.പി. രഹ്നേഷ്, ഗോകുലം എഫ്സിയിൽ തിളങ്ങിയ മധ്യനിരക്കാരൻ അർജുൻ ജയരാജ്, ഗോൾകീപ്പർ ഷിബിൻ രാജ് കുനിയിൽ എന്നിവരാണ് മഞ്ഞക്കുപ്പായമണിയാൻ എത്തുന്ന ഇന്ത്യൻ പുതുമുഖങ്ങൾ.

MORE IN SPORTS
SHOW MORE
Loading...
Loading...